Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്കൃതത്തോട് അത്രയേറെയായിരുന്നു ഇഷ്ടം; അങ്ങനെ ജനിച്ചു ‘ഇഷ്ടി’

ishti-movie1

സംസ്കൃതത്തിനൊപ്പം ജീവിച്ച, പലതലമുറകൾക്ക് അതിന്റെ പാഠങ്ങൾ പകർന്നുകൊടുത്ത അധ്യാപകൻ; ജോലിയിൽ നിന്നു വിരമിച്ച ശേഷം അദ്ദേഹം ഒരു സിനിമയെപ്പറ്റി ആലോചിച്ചപ്പോൾസംസ്കൃതത്തിലല്ലാതെ അതു ചിത്രീകരിക്കുന്നതിനെപ്പറ്റിയൊരു ചിന്തയേ മുന്നിലുണ്ടായിരുന്നില്ല. അങ്ങനെയാണ് ‘ഇഷ്ടി’യുടെ ജനനം. ലൊയോള കോളജ് പൗരസ്ത്യ ഭാഷാ വിഭാഗം മുൻ മേധാവിയും സംസ്കൃതം പ്രഫസറുമായിരുന്ന ഡോ. ജി. പ്രഭ സംവിധാനം ചെയ്ത ‘ഇഷ്ടി’ കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രോൽസവത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിൽത്തന്നെ വളരെ കുറച്ചു മാത്രം പേർ മാത്രം സംസാരിക്കുന്ന സംസ്കൃതം അങ്ങനെ ലോകസിനിമാരാധകരുടെ മുന്നിലേക്ക്. നവംബർ 11 മുതൽ 18 വരെ നടക്കുന്ന ചലച്ചിത്രോൽസവത്തിൽ ‘ഇന്ത്യൻ സെലക്റ്റ്’ വിഭാഗത്തിലാണു ചിത്രം പ്രദർശിപ്പിക്കുക. 

ishti

നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ 1930കളിൽ വി.ടി. ഭട്ടതിരിപ്പാട് നടത്തിയ ചെറുത്തുനിൽപ്പിന്റെ ചുവടുപിടിച്ച്, ഒരു നമ്പൂതിരി കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ‘ഇഷ്ടി’യുടെ പ്രമേയമാക്കിയിരിക്കുന്നത്. പിറവത്തായിരുന്നു ഷൂട്ടിങ്ങിലേറെയും. എഴുപതുകാരനായ രാമവിക്രമൻ നമ്പൂതിരിയായി നെടുമുടി വേണുവും അദ്ദേഹത്തിന്റെ മൂന്നാം ഭാര്യ ശ്രീദേവിയായി ആതിര പട്ടേലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും പ്രഭയാണ്. സംവിധാനമുൾപ്പെടെ ഒരു സംസ്കൃത ചിത്രത്തിന്റെ ഇത്രയും ഭാഗങ്ങൾ ഒരാൾ തന്നെ കൈകാര്യം ചെയ്യുന്നതും ആദ്യമായാണ്. നേരത്തെയും സംസ്കൃതത്തിൽ ചിത്രങ്ങളുണ്ടായിട്ടുണ്ടെങ്കിലും തന്റേത് ആ ഭാഷയിലുള്ള ആദ്യത്തെ സാമൂഹിക ഫീച്ചർ സിനിമ എന്നു വിശേഷിപ്പിക്കാവുന്നതാണെന്നു പറയുന്നു പ്രഭ.

ishti-movie3

ആത്മത്തെ അന്വേഷിക്കുകയെന്നാണ് ‘ഇഷ്ടി’യെന്ന സംസ്കൃത വാക്ക് പ്രധാനമായും അർഥമാക്കുന്നത്. ഇഷ്ടിയിലെ കഥയും ആത്മാന്വേഷണമാണ്.  ‘കുട്ടിക്കാലം മുതൽ സംസ്കൃതമാണു പഠിച്ചത്. കുട്ടികളെ പഠിപ്പിച്ചതും സംസ്കൃതമാണ്. ഭാരതത്തെ മുഴുവൻ ബന്ധപ്പെടുത്തുന്ന ഭാഷ സംസ്കൃതമായിരുന്നു. രാജ്യത്തെ പൊതുവായ ഭാഷയും സംസ്കൃതം തന്നെ. ദേശീയ ഭാഷയായി സംസ്കൃതം വേണമെന്നു പോലും വാദമുയർന്നിട്ടുണ്ട്. പക്ഷേ, 1983ൽ ജി.വി. അയ്യർ ‘ആദി ശങ്കരാചാര്യ’ എന്ന ചലച്ചിത്രമെടുക്കുന്നതുവരെ ഇവിടെ ഒരു സംസ്കൃത സിനിമയുണ്ടായിട്ടില്ല.  ഇതുവരെയുള്ള സംസ്കൃത സിനിമകൾ സാമൂഹിക വിഷയങ്ങളെ അധികരിച്ചുളളതുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു സിനിമയെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ അതു സംസ്കൃതത്തിലായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നു...’ സംവിധായകന്റെ വാക്കുകൾ. 

ishti-movie5

സിനിമാലോകവുമായി ‘ഇഷ്ടി’ക്കു മുൻപ് പ്രഭയ്ക്കുണ്ടായിരുന്ന ആകെയുള്ള ബന്ധം രണ്ട് ഡോക്യുമെന്ററികളെടുത്തു എന്നതാണ്. മഹാകവി അക്കിത്തത്തെപ്പറ്റിയും പാഞ്ഞാൾ അതിരാത്രത്തെപ്പറ്റിയുമായിരുന്നു അവ. പിന്നെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആറു മാസത്തെ ഫിലിം അപ്രീസിയേഷൻ കോഴ്സ് പഠിച്ചതിന്റെ പരിചയവും. നിർമാതാവിനെ കിട്ടുകയെന്നതായിരുന്നു ഏറ്റവും വലിയ ബുദ്ധിമുട്ട്. ഒരു നിർമാതാവിനെ സംബന്ധിച്ചിടത്തോളം മുടക്കുമുതൽ തിരിച്ചുകിട്ടുകയെങ്കിലും വേണം. സിനിമ പ്രദർശിപ്പിക്കാൻ തിയറ്റർ കിട്ടുക, കൂടുതൽ ദിവസം പ്രദർശിപ്പിക്കുക...അങ്ങനെ ഒരു സംസ്കൃതം സിനിമയ്ക്കു വെല്ലുവിളികൾ ഒട്ടേറെയാണ്. നടീ നടൻമാരെ സംസ്കൃതം പഠിപ്പിക്കുകയെന്നതായിരുന്നു അടുത്ത വെല്ലുവിളി. സംസ്കൃതത്തിനും ഉച്ചാരണഭേദങ്ങളുണ്ട്. ഏതു തരത്തിലുള്ള ഉച്ചാരണം ഉപയോഗിക്കണമെന്നതും ശ്രദ്ധയോടെ സമീപിക്കേണ്ട കാര്യമാണ്. കേരളത്തിലെ നമ്പൂതിരി കുടുംബത്തിൽ ഉപയോഗിച്ചിരുന്ന സംസ്കൃതം ഉച്ചാരണം തന്നെയാണു ചിത്രത്തിലുള്ളത്. മാത്രവുമല്ല കഥയിൽ ആർട്ടിനു വലിയ പ്രാധാന്യമുണ്ട്. അതൊരു വെല്ലുവിളി കൂടിയായിരുന്നു. അസോഷ്യേറ്റ് ഡയറക്ടർ പി.എസ്. ചന്ദുവുമായി ചേർന്ന് ഓരോ ഷോട്ടും നേരത്തേ പ്ലാൻ ചെയ്തു. 14 ദിവസത്തെ ഷെഡ്യൂളില്‍ ചിത്രം പൂർത്തിയാക്കുകയും ചെയ്തു.

ishti-movie2

കോടമ്പാക്കം ഹൈറോഡിലെ എംഎം പ്രിവ്യൂ തിയറ്ററിൽ ‘ഇഷ്ടി’യുടെ പ്രിവ്യൂ പ്രദർശിപ്പിച്ചു കഴിഞ്ഞപ്പോൾ സദസ്സു മുഴുവൻ എഴുന്നേറ്റു നിന്നാണു കൈയ്യടിച്ചത്. ചൈന്നൈ ആയിരുന്നു പ്രഭയുടെ ജീവിതത്തിലേറെപ്പങ്കും ചെലവഴിച്ച തട്ടകം. അതിനാൽത്തന്നെ അവിടെ നിന്നുള്ള ഒട്ടേറെ കലാകാരൻമാരും ഇഷ്ടിയിൽ അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി ഗോപകുമാർ, ഗോപകുമാർ, അനീഷ് അത്തോളി, പ്രജില, മീനാക്ഷി, പ്രീജ മധുസൂദനൻ, വാസൻ, ടി.എം. ദയാനന്ദൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അക്കിത്തം ഗാനരചന നിർവ്വഹിച്ച ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഒപ്പം പ്രമുഖ കവി പ്രഫ. വി. മധുസൂദനൻ നായരും ഗാനമെഴുതിയിട്ടുണ്ട്. 

പ്രഭയുടെ തന്നെ നേതൃത്വത്തിലുള്ള തിരുവനന്തപുരം ക്രിയേറ്റീവ് ക്രിയേഷൻസാണു നിർമാണം. കൈതപ്രം ദാമോദരൻ നമ്പൂതിരി (സംഗീതം), എൽദോ ഐസക് (ഛായാഗ്രഹണം), പട്ടണം റഷീദ് (ചമയം), കെ.എസ്. രൂപേഷ് (കലാ സംവിധാനം), ഇന്ദ്രൻസ് ജയൻ (വസ്ത്രലങ്കാരം), പ്രഭീഷ് ഗുരുവായൂർ (നിശ്ചല ഛായാഗ്രഹണം), പി.എസ്. ചന്ദു (അസോഷ്യേറ്റ് ഡയറക്ടർ) തുടങ്ങിയവരാണു മുഖ്യ അണിയറ ശിൽപികൾ. പി. ജയചന്ദ്രനും ദീപാങ്കുരനുമാണു ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ചെന്നൈയിലും തൃശൂരിലും ചിത്രത്തിന്റെ പ്രിവ്യൂ നടത്തിയപ്പോൾ മികച്ച പ്രതികരണമായിരുന്നു. 

ishti-movie4

സംസ്കൃതമായതിനാൽ ആളുകൾക്കു മനസ്സിലാകില്ലെന്ന ആശങ്കയുമുണ്ടായിരുന്നില്ല. കാരണം, വളരെ കുറച്ചു സംഭാഷണങ്ങൾ മാത്രമാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. അതിൽത്തന്നെ വളരെ  ലളിതമായ സംസ്കൃതവും. മലയാളികളെ സംബന്ധിച്ചിടത്തോളം സബ്ടൈറ്റിൽ ഇല്ലെങ്കിൽ പോലും ചിത്രം മനസ്സിലാക്കാൻ ഒരു വിഷമവുമില്ലെന്നും പ്രഭ പറയുന്നു.

Your Rating: