Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലിന്റെ മുഖത്തെ കൗതുകമാണ് മലയാളസിനിമയെ നൂറുകോടിയിലെത്തിച്ചത്: സുരേഷ് ഗോപി

suresh-gopi-mohanlal

നടനകലയുടെ കൗതുകവും വിസ്മയവുമാണ് മോഹൻലാൽ എന്നും നായകസങ്കൽപത്തിന് പുതിയ ഭാഷ്യം കുറിച്ച ആ മുഖത്തെ കൗതുകമാണ് ഇന്ന് മലയാള സിനിമയെ നൂറുകോടി ക്ലബ്ബിലേക്ക് എത്തിച്ചതെന്നും സുരേഷ് ഗോപി. നടന വിസ്മയം എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിനിടെയാണ് സുരേഷ് ഗോപി മോഹൻലാലിനെ പ്രശംസിച്ചത്.

നായക സങ്കല്പങ്ങളുടെ ആള്‍രൂപമായിരുന്ന പ്രേംനസീര്‍ തിളങ്ങിനിന്ന കാലത്താണ് പുതിയൊരു മുഖവുമായി മോഹന്‍ലാല്‍ സിനിമയിലേക്ക് എത്തുന്നത്.അന്ന് ലാലിന്റെ മുഖകാന്തിയെക്കുറിച്ച്‌ പല അഭിപ്രായങ്ങളും ഉയര്‍ന്നു. എന്നാല്‍ ആ മുഖത്തെ കൗതുകവും വിസ്മയവുമാണ് ഇന്നും ലാല്‍ എന്ന നടനെ സിനിമയുടെ പ്രിയങ്കരനാക്കുന്നത്.

തനിക്ക് സിനിമയിലേക്ക് വരാന്‍ പ്രചോദനമായത് കമല്‍ഹാസന്‍ എന്ന നടനകാന്തിയാണ്. പക്ഷേ, പിന്നീട് സിനിമയുടെ കൗതുകവും വിസ്മയവുമെല്ലാം ആസ്വദിക്കാനായത് മോഹന്‍ലാല്‍ എന്ന നടനെ കണ്ടുകൊണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

31 വര്‍ഷം മുമ്പ് സ്ക്രീനില്‍ വിസ്മയമായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ ആ മുഖവും അഭിനയവും കണ്ട് തിയേറ്ററിലെ പ്രകമ്പനങ്ങള്‍ക്കൊപ്പം ലയിച്ചുനിന്ന കോളേജ് വിദ്യാര്‍ഥിയായിരുന്നു ഞാന്‍. പിന്നീട് ലാലിനെ കെട്ടിപ്പിടിച്ച്‌ കിടക്കാനുള്ള സൗഹൃദവും ആത്മബന്ധവും തൊഴില്‍ ബന്ധവുമെല്ലാം ഇന്നും സൂക്ഷിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

1995ല്‍ ആദ്യമായി ദുബായിലേക്ക് വന്നത് മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റേജ് ഷോയുമായാണ്. അതിനുശേഷം നിരവധി തവണ ഇവിടെ വന്നുപോയി. എന്നാല്‍ ഇത്തവണ ഇവിടെ എത്തുന്നത് ഇതുപോലൊരു പുസ്തകമേളയ്ക്ക് നേതൃത്വം നല്‍കുന്ന ഷാര്‍ജ ഭരണാധികാരിക്ക് നന്ദി പറയാനും അഭിവാദ്യം ചെയ്യാനുമാണ്. അദ്ദേഹത്തിന് താത്പര്യമുണ്ടെങ്കില്‍ ഇന്ത്യയില്‍ ഷാര്‍ജ പുസ്തകമേള സംഘടിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റിനെക്കൊണ്ട് അത് നടത്തിയെടുക്കാന്‍ മുന്നില്‍ നില്‍ക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.