Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപിക്ക് പിറന്നാള്‍

suresh-gopi-birth-day

മലയാള സിനിമയിലെ ക്ഷോഭിക്കുന്ന നായകനാണ് സുരേഷ് ഗോപി. കൊല്ലത്ത് ലക്ഷ്മി ഫിലിംസ് ഉടമ കെ. ഗോപിനാഥന്‍ പിളളയുടെയും ജ്ഞാനലക്ഷ്മിയുടെയും നാലുമക്കളില്‍ മൂത്തവനാണ് സുരേഷ് ഗോപി. സുരേഷ് ജി. നായര്‍ എന്നാണ് ശരിയായ പേര്. സുരേഷ് ജി.നായര്‍ക്ക് സുരേഷ് ഗോപിയെന്ന പേരു നല്‍കിയത് സംവിധായകന്‍ കെ. ബാലാജിയാണ്. തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് സ്ക്കൂളിലും കൊല്ലം ഫാത്തിമാ കോളജിലുമായിട്ടാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഗായികയായ രാധികയാണ് ഭാര്യ. മക്കള്‍ നാലുപേര്‍.

ബാലാജിയാണ് സുരേഷ്ഗോപിയെ മലയാളസിനിമയ്ക്കു പരിചയപ്പെടുത്തുന്നത്. ബാലാജിയുടെ 'നിരപരാധികള്‍' എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി മേക്കപ്പിട്ടു. 'നിരപരാധികള്‍'ക്കുശേഷം സത്യന്‍ അന്തിക്കാടിന്റെ 'ടി.പി.ബാലഗോപാലന്‍ എം.എ', ശങ്കരന്‍നായരുടെ 'കാബറേ ഡാന്‍സര്‍', 'ഒന്നു മുതല്‍ പൂജ്യം വരെ' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന ചിത്രത്തിnല്‍ സുരേഷ് അവതരിപ്പിച്ച കുമാര്‍ എന്ന കഥാപാത്രമാണ് സുരേഷ് ഗോപിയുടെ സിനിമാജീവിതത്തിന് വഴിത്തിരിവുണ്ടാക്കിയത്. പിന്നീട് ഭൂമിയിലെ രാജാക്കന്മാര്‍ എന്ന ചിത്രത്തില്‍ സുരേഷ് ഗോപി നല്ല അഭിനയം കാഴ്ചവച്ചു. സുരേഷ്ഗോപി ആദ്യമായി ഡബ്ബ് ചെയ്യുന്നത് ഭൂമിയിലെ രാജാക്കന്മാര്‍ എന്ന ചിത്രത്തിലാണ്.

ഷാജി കൈലാസിന്റെ ഏകലവ്യനിലൂടെയാണ് അദ്ദേഹം നായകനിരയിലേക്കുയരുന്നത്. 1986ല്‍ പുറത്തിറങ്ങിയ പല പ്രമുഖ ചിത്രങ്ങളിലും പ്രധാനവേഷത്തിലഭിനയിച്ചുകൊണ്ട് സുരേഷ്ഗോപി മലയാള സിനിമയില്‍ തന്റെ സാന്നിധ്യമുറപ്പിച്ചു. തമ്പിക്കണ്ണന്താനം, ജോഷി, ഷാജി കൈലാസ് തുടങ്ങിയ സംവിധായകരാണ് സുരേഷ് ഗോപിയെ സൂപ്പര്‍താരമാക്കിയത്. ഷാജി കൈലാസിന്റെ ആക്ഷന്‍ ചിത്രങ്ങളിലൂടെ രണ്ടാംനിരയില്‍ നിന്നും സുരേഷ് ഗോപി സൂപ്പര്‍താരപദവിയിലേക്ക് ഉയര്‍ന്നു. അതിനു സഹായിച്ചത് തലസ്ഥാനം, ഏകലവ്യന്‍, കമ്മീഷണര്‍ തുടങ്ങിയ ചിത്രങ്ങളാണ്. ന്യൂഡല്‍ഹി, ജനുവരി ഒരു ഒാര്‍മ്മ, ഇരുപതാം നൂറ്റാണ്ട്, തലസ്ഥാനം, കമ്മീഷണര്‍, ലേലം, ജനാധി പത്യം തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ അഭിനയമികവ് മലയാള സിനിമാപ്രേക്ഷകര്‍ അംഗീകരിക്കുകയായിരുന്നു. പിന്നീട് പത്രം, എഫ്.ഐ.ആര്‍, സമ്മര്‍ ഇന്‍ ബത്ലഹേം, പ്രണയവര്‍ണ്ണങ്ങള്‍, തെങ്കാശിപട്ടണം തുടങ്ങിയ സൂപ്പര്‍ഹിറ്റുകളുമുണ്ടായി.

ആക്ഷന്‍ ഹീറോയായിട്ടാണ് ഏറെ തിളങ്ങിയതെങ്കിലും കുടുംബചിത്രങ്ങളിലും സുരേഷ് ഗോപി മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്നലെ, സിന്ദൂരരേഖ, പൈതൃകം, വടക്കന്‍ വീരഗാഥ, പൊന്നുച്ചാമി, കളിയാട്ടം തുടങ്ങിയ ചിത്രങ്ങള്‍ സുരേഷ് ഗോപിയെ വ്യത്യസ്തനാക്കി. ഡോ.നരേന്ദ്രന്‍ (ഇന്നലെ), ബാലന്‍ (നന്ദി വീണ്ടും വരിക), (ഉണ്ണികൃഷ്ണന്‍(1921), ആരോമല്‍ ചേകവര്‍ (ഒരു വടക്കന്‍ വീരഗാഥ), ഭ്രാന്തന്‍ ചാന്നാന്‍(കുലം), മാധവന്‍ ഐ.പി.എസ് (ഏകലവ്യന്‍), ഭരത്ചന്ദ്രന്‍ ഐ.പി.എസ് (കമ്മീ ഷണര്‍), ആനന്ദ് (രജപുത്രന്‍), പെരുമലയന്‍ (കളിയാട്ടം), നന്ദകുമാര്‍(പത്രം), മുഹമ്മദ് സര്‍ക്കാര്‍ ഐ.പി.എസ്(എഫ്.ഐ.ആര്‍), കണ്ണന്‍ (തെങ്കാശിപ്പട്ടണം) എന്നിവയാണ് സുരേഷ് ഗോപിയുടെ പ്രധാന കഥാപാത്രങ്ങള്‍.

suresh-gopi-image

അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലേക്കും ഇറങ്ങാനുള്ള തയാറെടുപ്പിലാണ് സുരേഷ് ഗോപി. കൂടാതെ ദേശീയ ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമെന്ന ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.