Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടേക്ക് ഓഫ് ട്രെയിലർ യൂട്യൂബിൽ തരംഗമാകുന്നു; ട്രെൻഡിങിൽ ഒന്നാമത്

take-off-movie

പ്രശസ്ത ചിത്രസംയോജകൻ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ടേക്ക് ഓഫിന്റെ ട്രെയിലർ തരംഗമാകുന്നു. റിലീസ് ചെയ്ത് 17 മണിക്കൂറുകൾക്കൊണ്ട് രണ്ട് ലക്ഷത്തിന് മുകളിൽ ആളുകളാണ് ട്രെയിലർ കണ്ടുകഴിഞ്ഞത്. യൂട്യൂബ് ട്രെന്‍ഡിങ് ഇന്ത്യൻ പട്ടികയിൽ ഒന്നാമതാണ് ട്രെയിലർ ഇപ്പോൾ.

യൂട്യൂബ് ട്രെൻഡിങ് വേൾഡ് വൈഡിൽ പതിനാറാം സ്ഥാനത്തുണ്ട്. ഈ തരംഗം നിലനിൽക്കുകയാണെങ്കിൽ പട്ടികയിൽ മുൻനിരയിലെത്തിയേക്കാം. മലയാളത്തിൽ നിന്നും ചിത്രത്തെ േവറിട്ടുനിർത്തുന്നത് സിനിമയുടെ മേയ്ക്കിങ് തന്നെയാണ്. ഹോളിവുഡ് നിലവാരത്തിലുള്ള ട്രെയിയലറാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതുതന്നെയാണ് ട്രെയിലറിനെ വ്യത്യസ്തമാക്കുന്നതും.

TAKE OFF - Official Trailer | Parvathy | Kunchacko Boban | Fahadh Fazil | Asif Ali

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്നുപേരുടെ അഭിനയപ്രകടനവും ട്രെയിലറിന്റെ മറ്റൊരു ആകർഷണമാണ്. രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നഴ്സുമാരുടെ ജീവിതകഥ പറയുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിനു വേണ്ടി വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ കഥ. ഇറാഖിലും സുഡാനിലുമെല്ലാം കടുത്ത പ്രതിസന്ധിയുടെ ദിനങ്ങളിലും പിടിച്ചു നിന്ന മലയാളി നഴ്സുമാരുടെ ജീവിതമാണു സിനിമയുടെ പ്രമേയം.

12 വർഷത്തിലേറെയായി മലയാള സിനിമയിൽ എഡിറ്ററുടെ വേഷത്തിൽ തിളങ്ങുന്ന മഹേഷ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുകയാണ് ഈ ചിത്രത്തിലൂടെ. മലയാളത്തിൽ നവതരംഗത്തിന്റെ വക്താവായി തിളങ്ങി നിൽക്കവെ മരണത്തിനു കീഴടങ്ങിയ രാജേഷ് പിള്ളയുടെ പ്രൊഡക്ഷൻ ഹൗസാണു ഈ സിനിമയുടെ നിർമാണം നിർവഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ഒപ്പമുണ്ട്.