Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുണ്ടാസംഘത്തിന്റെ അക്രമത്തിൽ പരുക്കേറ്റ ടെലിഫിലിം സംവിധായകൻ മരിച്ചു

knife.jpg.image.784.410

ഗുണ്ടാസംഘത്തിന്റെ അക്രമത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ടെലിഫിലിം സംവിധായകൻ മരിച്ചു. കുന്നുകുഴി ജോൺ സ്മിത്ത് ഭവനിൽ ജോൺസൺ ശേഖർ–ഷീല ദമ്പതികളുടെ മകൻ സെയ്ബിൻ (23) ആണു മരിച്ചത്. കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനു കുന്നുകുഴിയിൽ നടന്ന സംഘട്ടനത്തിൽ ഗുരുതര പരുക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു മരണം. അടിവയറ്റിൽ ചവിട്ടേറ്റതിനെ തുടർന്നു കിഡ്നിയും കുടലും തകരാറിലായതാണു മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: മരിച്ച സെയ്ബിന്റെ ജ്യേഷ്ഠൻ ജോൺ സ്മിത്തിന്റെ ചെക്ക് കേസുമായി ബന്ധപ്പെട്ട തർക്കമാണു സംഘട്ടനത്തിൽ കലാശിച്ചത്.

സംഭവ ദിവസം രാത്രി കുന്നുകുഴി സ്വദേശിയായ യുവാവുമായി ചെക്ക് കേസിന്റെ കാര്യങ്ങൾ ചർച്ചചെയ്യവെ ജോൺ സ്മിത്തിനെ ഒരുകൂട്ടർ മർദിച്ചതായിരുന്നു തുടക്കം. ഇതോടെ സ്ഥലത്ത് ഇരുവിഭാഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തർക്കത്തെത്തുടർന്ന് എതിർസംഘം പുറത്തുനിന്നുള്ള ഗുണ്ടാസംഘങ്ങളുടെ സഹായം തേടിയിരുന്നു. പത്തോളം വരുന്ന സംഘം ജോൺ സ്മിത്തിനെ ലക്ഷ്യംവച്ചായിരുന്നു എത്തിയത്. ജോൺ സ്മിത്തിനെ ആക്രമിച്ചതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടിമറഞ്ഞു. ജ്യേഷ്ഠനെ മർദിക്കുന്നതു കണ്ട് ഓടിയെത്തിയതായിരുന്നു സെയ്ബിൻ. ഇരുവരും രക്ഷപ്പെട്ടോടിയെങ്കിലും സെയ്ബിനെ പലതവണകളായി എതിർസംഘം മർദിച്ചു. ഒടുവിൽ ബോധരഹിതനായ ഇദ്ദേഹത്തെ ഓടയിൽ ഉപേക്ഷിച്ച ശേഷം അക്രമികൾ കടന്നു.

മണിക്കൂറുകൾ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണു പരുക്കേറ്റ സെയ്ബിനെ സുഹൃത്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ മ്യൂസിയം പൊലീസ് ബാർട്ടൺഹിൽ സ്വദേശികളായ വൈശാഖ് (25), അരുൺരാജ് (27) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്. സംഭവത്തിൽ ഇനി ഏഴുപേരെ കൂടി പിടികൂടാനുണ്ട്. പ്രതികളുടെ രാഷ്ട്രീയബന്ധമാണ് അറസ്റ്റ് വൈകുന്നതെന്നാണു ബന്ധുക്കളുടെ ആക്ഷേപം. സംഭവസമയം നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചെങ്കിലും മണിക്കൂറുകൾക്കു ശേഷമാണു സ്ഥലത്തു പൊലീസ് എത്തിയത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്നു മ്യൂസിയം പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നു ബന്ധുക്കൾ പറഞ്ഞു.