Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാമോദർജി; 30 അധോലോക വർഷങ്ങൾ

mohanlal-thilakan

മലയാള സിനിമ കണ്ട ഏറ്റവും വലിയ അധോലോകനായകനാര്?....അഭിമന്യുവിലെ ഹരികൃഷ്ണൻ, രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസ്, സാമ്രാജ്യത്തിലെ അലക്സാണ്ടർ?.
തെറ്റി, അത് ദാമോദർജിയാണ് ദാമോദർജി. മനസിലായില്ലേ? മുംബൈയിലെ ജുബ്ബയിട്ട ഗുണ്ടകൾ പോലും കണ്ടാൽ മുണ്ടിന്റെ മടക്കഴിച്ചിടുന്ന സാക്ഷാൽ ദാമോദർജി...

ചാൾസ് ശോഭ്‌രാജിന്റെ ഉറ്റ തോഴൻ. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘സന്മനസ്സുള്ളവർക്കു സമാധാനം’ എന്ന ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച അധോലോക കഥാപാത്രം ദാമോദർജിയുടെ വരവിനു 30 വർഷം തികയുകയാണ്. മലയാള സിനിമ അന്നേ വരെ കണ്ട അധോലോകസങ്കൽപങ്ങളെ പാടെ തകർത്തുകൊണ്ടായിരുന്നു ദാമോദർജിയുടെ അരങ്ങേറ്റം. മലയാള സിനിമാചരിത്രത്തിൽ സന്മനസ്സുള്ളവർക്കു സമാധാനവും റെക്കോർഡിട്ടു.

Sanmanassullavarkku Samadhanam Comedy Movie | Movie Clip : 29

പണ്ടുകാലത്തെ അധോലോകം എന്നു പറഞ്ഞാൽ ജോസ് പ്രകാശ്, കെ. പി.ഉമ്മർ, എം. എൻ. നമ്പ്യാർ തുടങ്ങിയ മഹാരഥന്മാരാൽ പ്രോക്തമായ അലൗകിക മണ്ഡലങ്ങൾ ആസ്ഥാനമാക്കിയ ഒരു ലോകമായിരുന്നു. ഒരു സബ്സ്റ്റേഷനിലെ വൈദ്യുതി മൊത്തം തീർക്കുന്ന രീതിയിലുള്ള വൈദ്യുതസന്നാഹങ്ങൾ (മിന്നാമിന്നി ബൾബ്, പുക, കറങ്ങുന്ന കസേര), ജയമാലിനി, ഡിസ്കോ ശാന്തി തുടങ്ങിയ സുന്ദരിമാരുടെ കാബറെ, കുളിക്കാത്ത ഗൂണ്ടാസ്, മുതലക്കുഞ്ഞുങ്ങൾ നിറഞ്ഞ കുളം, പെരുമ്പാമ്പ്, പെരുച്ചാഴി എന്നു വേണ്ട, ഒരു സർക്കസ് കൂടാരത്തിന്റെ പ്രതീതി ഇവ ജനിപ്പിച്ചിരുന്നു. ഇതിൽ നിന്നെല്ലാം മാറി അധോലോകത്തെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച അധോലോകനായകനാണ് ദാമോദർജി.

mohanlal-thilan

അതു മാത്രമല്ല ലോകത്തിലാദ്യമായി അധോലോകത്തിലേക്ക് ഡയറക്ട് റിക്രൂട്ട്മെന്റ് നടത്തിയ വ്യക്തിയും ദാമോദർജിയാണെന്നാണ് ചരിത്രം ഓർമിപ്പിക്കുന്നത്. ‘താങ്കളെ ഞാൻ അധോലോകത്തിലേക്ക് ക്ഷണിക്കുന്നു’ എന്നു പറഞ്ഞ് സ്പോട് പ്ലേസ്മെന്റല്ലേ ജീ പണിക്കർക്ക് കൊടുത്തത്.

പണിക്കരെ ചതിച്ച ചതിയൻ എന്നൊക്കെ ദാമോദർജിയെ പലരും വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് ചതിയല്ല, മറിച്ച് യുദ്ധതന്ത്രമാണെന്നാണ് ജീയുടെ ആരാധകന്മാർ പറയുന്നത്.
അല്ലാ, എന്താണ് ദാമോദർജി ചെയ്ത തെറ്റ്. ഒരു വീട്ടിൽ കയറി വീട്ടുടമസ്ഥനോട് ഒരു മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന് പറഞ്ഞു. നമുക്ക് ഇതൊരു അതിക്രമമായി തോന്നാമെങ്കിലും അധോലോകത്തിൽ ഇതൊന്നും വലിയ തെറ്റല്ല. ധാരാവിയിലെ ഒരു ചേരി താൻ ഒരു മണിക്കൂറുകൊണ്ട് ഒഴിപ്പിച്ചെന്ന് പറഞ്ഞപ്പോൾ ജഗന്നാഥനെ കയ്യടിപ്പിച്ചു പ്രോത്സാഹിപ്പിച്ചവരല്ലേ നമ്മളിൽ പലരും. ഇരട്ടത്താപ്പ് പാടില്ല.

Sanmanassullavarkku Samadhanam Comedy Movie | Movie Clip : 30

ചതിയൻ, പണിക്കരോട് പോരിൽ തോറ്റോടിയവൻ എന്നീ വിശേഷണങ്ങളും പേറി ജീവിക്കുന്നവനാണ് ദാമോദർജി. പക്ഷേ അദ്ദേഹത്തിന്റെ ആരാധകവൃന്ദം ഇതൊന്നും സമ്മതിക്കില്ല. ഇതൊക്കെ ജീയുടെ യുദ്ധതന്ത്രത്തിന്റെ ഭാഗമാണെന്നാണ് അവരുടെ അഭിപ്രായം. ബോബെയിലെ ഗലികളിൽ പടവെട്ടി വളർന്ന ജീക്ക് കേരളത്തിലെ സാഹചര്യങ്ങൾ അത്ര പരിചിതമായിരുന്നില്ല. തിമിംഗലം മരുഭൂമിയിൽ എത്തിയിട്ട് കാര്യമില്ലല്ലോ. അപ്പോൾ ജീ ഒരു അടവുനയം സ്വീകരിച്ചു. അത്ര തന്നെ...

ദാമോദർജീയോട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നീതി പുലർത്തിയില്ല എന്ന വാദവും നില നിൽക്കുന്നു. ഇത്രയും പഞ്ചുള്ള ഒരു അധോലോകനായകനു ചേരുന്ന വിടവാങ്ങലല്ലത്രേ കൊടുത്തത്. ‘എടാ ദാമോദരാ’ എന്നു വിളിച്ച് പണിക്കർ ക്ഷുഭിതനായി ഓടി വരുമ്പോൾ കുടയും വടിയുമെടുത്ത് ഓടി രക്ഷപ്പെടുന്ന ദാമോദർജിയെയാണ് നമ്മൾ അവസാനമായി കാണുന്നത്. ഇതൊരു ഹോളിവുഡ് രീതിയിൽ മാറ്റിയിരുന്നെങ്കിൽ... ഓടി വരുന്ന പണിക്കർ, ഹെലികോപ്റ്ററിൽ കയറി രക്ഷപ്പെടുന്ന ദാമോദർജി...എത്ര നന്നായേനെ...അല്ലേ?..