Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറിത്തെളിയുന്ന മലയാളസിനിമ

mammootty-mohanlal

കഥയും കഥാപാത്രങ്ങളും കഥാസന്ദർഭവും മാത്രമല്ല താരം മുതൽ തറക്ലാസ് വരെ മലയാള സിനിമ ആകെ മാറി. ഫിലിമും ഫിലിംപെട്ടിയുമില്ലാത്ത പുതിയ സിനിമയുടെ നിർമാണരീതിയും വിപണനവും മാറി. എഴുത്തും എടുപ്പും മാറി. വിജയസമവാക്യങ്ങൾ മാറി. കണ്ട് ശീലമില്ലാത്ത കാഴ്ചകളിലൂടെ ക്യാമറ നീളുന്നു. കൊട്ടകയുടെ ഇരുളിൽ പുതിയ താരോദയങ്ങളുണ്ടാകുന്നു. പെൺമുന്നേറ്റമുണരുന്നു.

*കണ്ടവരുണ്ടോ? *

മലയാള സിനിമയിൽനിന്നു കാണാതായ കഥാസന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും പറ്റി പണ്ടും ഇപ്പോഴും ഹിറ്റ് സിനിമകൾ ചെയ്തിട്ടുള്ള സംവിധായകൻ സത്യൻ അന്തിക്കാടിന്റെ നിരീക്ഷണമാണിത്.

∙വെളിച്ചപ്പാട് നിർമാല്യത്തിൽ നായകനായിരുന്നു വെളിച്ചപ്പാട്. എന്റെ പൊൻമുട്ടയിടുന്ന താറാവിലും ജയരാജിന്റെ തിളക്കത്തിലും വെളിച്ചപ്പാട് തിളങ്ങിയിട്ടുണ്ട്. സിനിമ ഇപ്പോൾ നാട്ടിടവഴിയിലേക്ക് ഇറങ്ങിയിട്ടും വെളിച്ചപ്പാടിനെ കാണാനില്ല.

∙കല്യാണ ബ്രോക്കർ മാട്രിമോണിയൽ സൈറ്റുകളൊക്കെ വന്നതിൽപ്പിന്നെ കക്ഷത്തിൽ ഡയറിയുമായി വരുന്ന കല്യാണ ബ്രോക്കറെ കാണാതായി

∙ഗൗൺ ധരിച്ച വില്ലൻ തണുപ്പുകാലത്തു പോലും മലയാളികൾ ഉപയോഗിക്കാത്ത ഗൗൺ ധരിക്കുന്ന വില്ലൻ. നാളെ സൂര്യനുദിക്കും മുൻപ് കഴുത്തിനുമുകളിൽ തല കാണില്ലെന്നു പറയുന്ന ഈ വില്ലനെ മഷിയിട്ടു നോക്കിയാൽ കാണാതായി. സിനിമയിൽ വില്ലന്മാർ മാത്രമെ പണ്ട് ഈ ഗൗൺ ധരിക്കാറുള്ളൂ.

01-Oridathoru-Postman-dc.jpg.image.784.410

∙അടുക്കളയിലെ പ്രണയം അടുക്കളയിൽനിന്നു പുക പോയപോലെ അടുക്കള കേന്ദ്രീകരിച്ചുള്ള വേലക്കാരുടെ പ്രണയവും പോയി

∙പോസ്റ്റ്മാൻ പഴയൊരു സിനിമാപ്പേരു പോലെ പോസ്റ്റ്മാനെ കാണാനില്ല

∙കത്തു കൈമാറൽ വഴിവക്കിൽ കാത്തുനിന്നു കത്തു കൈമാറുന്ന സീനുകൾ മൊബൈൽ ഫോണുകൾ കവർന്നെടുത്തു.

∙കുളിക്കടവിലെ ചർച്ച കടവിലേക്ക് ഇപ്പോൾ ആരാണു പോകുന്നത്. പിന്നെയല്ലേ ചർച്ച.

∙അടുക്കളക്കിണറ്റിൽ നിന്നു വെള്ളംകോരുന്ന സീൻ വെള്ളം വരാൻ പൈപ്പുണ്ടല്ലോ പിന്നെയെന്തിനു കിണർ.

മൂന്നര പതിറ്റാണ്ടിനു ശേഷവും മമ്മൂട്ടിയും മോഹൻലാലും താരപദവിയിൽ തുടരുമ്പോഴും ആ നിരയിൽ നിന്നു മാറി ഒരു പിടി യുവതാരങ്ങളുണ്ടായതും അവരെ ചുറ്റിപ്പറ്റി വിജയസിനിമകളുണ്ടായതുമാണ് മലയാള സിനിമയിലുണ്ടായ വലിയ മാറ്റം. നിർമാതാക്കളും സംവിധായകരും പുതുതാരങ്ങൾക്കായും കാത്തു നിൽക്കുന്നു. സാറ്റലൈറ്റ് മൂല്യത്തിലും ഇവർക്ക് വലിയ മാർക്കറ്റുണ്ട്. ടെലിവിഷനിൽ സിനിമ സംപ്രേക്ഷണം ചെയ്യാൻ നിർമാതാക്കൾ ചാനലുകൾക്കു നൽകുന്ന തുകയാണിത് മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവരുടെ ചിത്രങ്ങൾക്കാണ് മികച്ച സാറ്റലൈറ്റ് നിരക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ പൃഥിരാജ്, ദുൽഖർ സൽമാൻ, നിവിൻപോളി എന്നിവരും സാറ്റലൈറ്റ് വിപണിയിൽ ചലനങ്ങളുണ്ടാക്കുന്നു. നാലുകോടിയും അതിനുമുകളിലും സാറ്റലൈറ്റ് അവകാശം ലഭിക്കുന്ന യുവതാരങ്ങൾ ഇന്നുണ്ട്. പുതിയതാരങ്ങൾ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കസേരയിലേക്കു കയറി ഇരിക്കുകയല്ല ചെയ്തത്.

Superstars-next.jpg.image.784.410

അവരുടെ നിരയിൽനിന്നു മാറി കസേരയിട്ടിരിക്കുകയാണ്. സൂപ്പർ താരങ്ങളെന്ന വിശേഷണം അവർക്കുവേണ്ട. വിജയതാരങ്ങളും വ്യത്യസ്തതാരങ്ങളുമായാൽ മതി. ആരെയും ഇടിച്ചു വീഴ്ത്താതെ എനിക്കുകൂടി അൽപം ഇടം–അതാണ് അവർ തേടുന്നത്. സൂപ്പർ താരങ്ങൾ മലയാളത്തിൽ ഇപ്പോഴും പ്രധാനഘടകം തന്നെ. എന്നാൽ സ്വാധീനത്തിലും താരമ്യൂല്യത്തിലും മാറ്റംവന്നു. മുൻപ് അവരുണ്ടെങ്കിൽ തിയറ്ററിൽ ഉറപ്പായി ആളുകയറുമായിരുന്നു. പടം മോശമാണെങ്കിലും സൂപ്പർ താരത്തിന്റെ സാന്നിധ്യംകൊണ്ടു മാത്രം ഓടിയേക്കാമായിരുന്നു. ഇപ്പോൾ അതില്ല. പടം വിജയിപ്പിക്കുന്നതിൽ സൂപ്പർ താരത്തിന്റെ സാന്നിധ്യം വലിയ ഘടകമല്ല. പക്ഷേ, അവരുടെ പടങ്ങൾ ഇപ്പോഴും റിലീസിനുമുൻപ് വൻതുകയ്ക്ക് സാറ്റലൈറ്റ് അവകാശം വിൽക്കുന്നുണ്ട്.

ഇവരുടെ സിനിമ ടിവിയിൽ വരുമ്പോൾ കുടുംബപ്രേക്ഷകർ കൂടുതലുണ്ട്. പരസ്യക്കമ്പനികൾക്ക് ആവശ്യം ഇതാണ്. അതുകൊണ്ട് റിലീസിനുമുൻപേ മെച്ചപ്പെട്ട സാറ്റലൈറ്റ് റേറ്റ് കിട്ടുന്നു. എന്നാൽ ബാനറുകളെയും താരങ്ങളെയും നോക്കി സാറ്റലൈറ്റ് അവകാശം വാങ്ങി പണികിട്ടിയ ചാനലുകൾ ഇപ്പോൾ തിയറ്ററിലെ വിജയമാണു പ്രതിഫലത്തിന് അടിസ്ഥാനമാക്കുന്നത്. ബോക്സ് 1 കാശൊരു പ്രശ്നമല്ല പരമാവധി പ്രതിഫലം തരുന്നവരുടെ സിനിമയിൽ അഭിനയിക്കുക എന്നൊരു രീതിയുണ്ടായിരുന്നു നായകൻമാർക്ക്. എല്ലാവരിൽനിന്നും അഡ്വാൻസ് വാങ്ങും. എന്നിട്ടവരെ ക്യൂ നിർത്തും.

ഏതുസിനിമ എപ്പോൾ ചെയ്യുമെന്നു പറയാനാകാത്ത അവസ്ഥ. എന്നാൽ പ്രതിഫലം നോക്കാതെ നല്ലസിനിമയുടെ പുറകെ പോകുന്ന തലമുറയുടെ കാലമാണിത്. ദുൽഖർ സൽമാൻ പുതിയ ചിത്രമായ ചാർലിക്ക് വാങ്ങിയത് മുൻപു വാങ്ങിയതിലും പകുതിയോളം പ്രതിഫലമാണ്. നിവിൻ പോളിയാകട്ടെ പ്രതിഫലം നോക്കാതെയാണ് ആക്‌ഷൻ ഹീറോ ബിജു എന്ന സിനിമയുടെ‍ നിർമാണ പങ്കാളിയായത്. ഈ സിനിമയിൽ നിവിൻ വാങ്ങുന്നതും തനിക്കു ലഭിക്കുന്നതിലും ചെറിയ പ്രതിഫലമാണ്. ഫഹദ് ഫാസിൽ നല്ല സിനിമയ്ക്കായി പ്രതിഫലം നോക്കാതെ കാത്തുനിൽക്കുന്നു . പ്രതിഫലത്തിനായി വിലപേശലും താരങ്ങൾക്കായുള്ള ലേലംവിളിയും ഇല്ലാതായിരിക്കുന്നു. ഇത് തിരക്കില്ലാത്ത നടന്മാരുടെ കാലമാണ്. ഒരു സെറ്റിൽനിന്ന് അടുത്ത സെറ്റിലേക്കു തട്ടിക്കൊണ്ടുപോകുകയും രാവും പകലും അഭിനയിക്കുകയും ചെയ്തിരുന്ന നടന്മാരുടെകാലം അവസാനിച്ചിരിക്കുന്നു. വർഷം 20 സിനിമവരെ അഭിനയിച്ച നായകന്മാരുണ്ടായിരുന്നു ഇവിടെ.

ഇടപെടും, മൊട കാണിക്കില്ല

സിനിമയിൽ താരങ്ങളുടെ ഇടപെടൽ പണ്ടുമുണ്ട്. ഇപ്പോഴുമുണ്ട്. പക്ഷേ, മാറ്റം വന്നു. സ്വന്തം കഥാപാത്രങ്ങളുടെ സ്വാധീനം വർധിപ്പിക്കുക, ആ കഥാപാത്രത്തെ പ്രൊജക്ട് ചെയ്യുക, സ്വന്തം കഥാപാത്രങ്ങൾക്കു പരമാവധി സീനുകൾ ചേർക്കുക, മറ്റു കഥാപാത്രങ്ങളുടെ സ്വാധീനം കുറയ്ക്കുക തുടങ്ങിയതിലൊക്കെ കമ്പമുണ്ടായിരുന്നു പണ്ട് താരങ്ങൾക്ക്. ഇത് തിരക്കഥയിൽ മാത്രമല്ല, എഡിറ്റിങ് ടേബിളിൽ വരെ നടന്നിരുന്നു. ഡയലോഗ്, കോസ്റ്റ്യൂസ് എന്നല്ല പോസ്റ്ററിൽ വരെ തന്റെ മേധാവിത്തം ഉറപ്പാക്കാൻ താരങ്ങൾ ഇടപെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്നും താരങ്ങൾ സിനിമയിൽ ഇടപെടുന്നുണ്ട്. നാലു തിരക്കഥകൾ വായിച്ചുകേട്ട് നോ പറഞ്ഞിട്ടാണ് അഞ്ചാമത്തേതായി കേട്ട പാവാടയുടെ തിരക്കഥയുടെ പൃഥ്വിരാജ് അംഗീകരിച്ചതെന്നു നിർമാതാവായ മണിയൻപിള്ള രാജു പറയുന്നു.

പാവാടയിൽ നായകനു തുല്യമായതോ, പലപ്പോഴും നായകനെക്കാൾ കൂടിയ പ്രാധാന്യമോ നടൻ അനൂപ് മേനോനു വരുന്നുണ്ട്. അതൊന്നുമല്ല കഥയിലെ പുതുമയും അത് തനിക്കുനേടിത്തരുന്ന വിജയവും നടന്മാർക്കു പ്രധാനമായി. മലയാളത്തിൽ ഹിറ്റുകൾ മാത്രമെഴുതുന്ന ഇരട്ട തിരക്കഥാകൃത്തുക്കളോട് അവരുടെ പുതിയ ചിത്രത്തിൽ അഭിനയിക്കാമെന്നു സമ്മതിച്ച ദുൽഖർ, പക്ഷേ, സംവിധായകനായി താൻ പറയുന്ന ആൾ വേണമെന്ന നിബന്ധനവച്ചു. എന്നിട്ട് പുതുമുഖ സംവിധായകന്റെ പേരുപറഞ്ഞു. അയാളാണിപ്പോൾ ആ സിനിമ െചയ്യുന്നത്. ആ തിരക്കഥ സിനിമയാക്കാൻ അങ്ങനെയൊരാൾ വേണമെന്ന നടന്റെ തീരുമാനമാണത്. അല്ലാതെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ല. തിരക്കഥയുടെ തിരഞ്ഞെടുപ്പിലും എഴുത്തിലും നടന്മാരുടെ ഇത്തരം ക്രിയേറ്റീവായ പങ്കാളിത്തം കൂടി.‌ നല്ല സിനിമകളാണെങ്കിൽ അവർ അതിന്റെ നിർമാണത്തിൽ പങ്കാളിയാകാനും തയാറാകുന്നു. ഇടപെടൽ സ്വന്തംസ്വാധീനം വർധിപ്പിക്കാനല്ല, സിനിമ വിജയിപ്പിക്കാനാണ് എന്നു വന്നു.

താരം മാറിയെന്നേയുള്ളു, താരാധിപത്യം മാറിയില്ല: ജീത്തുജോസഫ്

താരാധിപത്യത്തിലെ മാറ്റം രണ്ടുരീതിയിലുണ്ട്. ഒന്ന്: പഴയ ആളുകൾ മാറുന്നു. രണ്ട്: പഴയരീതികൾ മാറുന്നു. പഴയതാരങ്ങൾ മാറി പുതിയതാരങ്ങൾ ഉണ്ടാകുന്നതു സ്വാഭാവികമാണ്. അനിവാര്യവും. നടൻമാർക്കു പ്രായമേറുമ്പോൾ ചെറുപ്പക്കാരുടെ റോൾ ചെയ്യാൻ പുതിയ തലമുറ ആവശ്യമായിവരും. അവർ പുതിയ താരങ്ങളാകും. എന്നാൽ താരാധിപത്യരീതിയിൽ മാറ്റമുണ്ടായി എന്നു തോന്നുന്നില്ല. പ്രകടമായ ഒരുവ്യത്യാസം മാത്രമേ എനിക്കു തോന്നുന്നുള്ളൂ. അത് പുതിയ തലമുറയുടെ സിനിമയോടുള്ള ആത്മാർഥതയിലാണ്. പഴയ സൂപ്പർ താരങ്ങൾക്കു സിനിമ ഒരു വികാരമായിരുന്നു. സമർപ്പണവുമുണ്ടായിരുന്നു. ഇന്നും നല്ലകഥ കേൾക്കുമ്പോൾ അത്തരമൊരു തീപ്പൊരി മമ്മുക്കയിലും ലാലേട്ടനിലും കാണാം. പുതിയ താരങ്ങളിൽ പലർക്കും വാണിജ്യസാധ്യതകളും മറ്റുമാണ് ആകർഷണ ഘടകങ്ങൾ. പരീക്ഷണത്തിനു മുതിരാതെ അവനവന് സൗകര്യപ്രദമായ ഇടങ്ങളിൽ നിന്നുപോകാനുള്ള പ്രവണതയാണു പല ചെറുപ്പക്കാർക്കും.

ഒരുപിടി താരങ്ങൾ വരുന്നതു സിനിമയ്ക്കു നല്ലതുതന്നെയാണ്. കൂടുതൽ അവസരങ്ങൾ എല്ലാവർക്കും ലഭിക്കും. എന്നാൽ ഒരു നടന് സൂപ്പർതാരപദവി കിട്ടാതിരിക്കുന്നതാണു നല്ലത്. നല്ലൊരു പ്രോജക്ടുമായി സൂപ്പർതാരങ്ങളെ സമീപിക്കുമ്പോൾ താരപദവിയും ഇമേജും കണക്കിലെടുത്ത് അവർക്കതു ചെയ്യാൻകഴിയാതെ വരുന്നു. ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശം ചെയ്യാൻ ഞാൻ രജനീകാന്തിനെ സമീപിച്ചിരുന്നു. പ്രോജക്റ്റിൽ അദ്ദേഹം തൽപരനായിരുന്നെങ്കിലും താരപദവിയിലെ ആശങ്കമൂലം വേണ്ടെന്നുവച്ചു. സൂപ്പർ താരപദവി നടനിൽ നിയന്ത്രണങ്ങൾ വരുത്തുകയാണ്.

മറുമൊഴി : മോഹൻലാൽ

‘‘കുറെ വർഷങ്ങളായില്ലേ, ഒരുപാടു കഥകൾ കേട്ടു. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. നമ്മളെ രസിപ്പിക്കുന്ന ഒരു കഥ വേണം. കഥ കേൾക്കുമ്പോൾ നമ്മൾക്ക് ഒരു പെരുപ്പ് ഉണ്ടാകണം. എനിക്ക് ആ വേഷം ചെയ്യാൻ തോന്നണം. കേട്ടിരിക്കെ ആ കഥ നമ്മളെയും കൊണ്ട് എങ്ങോട്ടോ യാത്രചെയ്യണം. ആ യാത്ര ഒരു സിനിമയിലെത്തണം. വളരെ അപൂർവമായിട്ടേ അതുകിട്ടാറുള്ളൂ. ദ്യശ്യം എന്ന സിനിമയുടെ കഥകേട്ടപ്പോൾ അങ്ങനെ തോന്നി.’’

ഒന്നുകൂടി വരേണ്ടി വന്നു

മൂന്നു നായകൻമാർ സ്വയം തിരുത്തിയെഴുതിയ കഥ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ ഡിസ് ലൈക്ക് കൊണ്ടും തമാശയുടെ മറപിടിച്ച അധിക്ഷേപംകൊണ്ടും പലരും പടിയടച്ചു പുറത്തുവിടാൻ ശ്രമിച്ചതാണു പൃഥിരാജിനെ. തിയറ്ററിൽ കൂവിത്തോൽപ്പിക്കാനും ശ്രമമുണ്ടായി. പ്രതികരിക്കാതെ കാത്തിരുന്ന പൃഥിരാജ് നടത്തിയ തിരിച്ചുവരവ് വിമർശകരുടെ വായയടപ്പിച്ചു. എന്നു നിന്റെ മൊയ്തീൻ, അമർ അക്ബർ അന്തോണി, പാവാട എന്നീ മൂന്നു സിനിമകൾക്ക് 10 കോടി രൂപയിലേറെയാണു നിർമാതാവിന്റെ ഓഹരി മാത്രമായി ലഭിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഒരുനടനും 10 കോടിയിലേറെ രൂപവീതം തുടർച്ചയായി നാലുസിനിമകളിൽ ലാഭമുണ്ടാക്കിയിട്ടില്ല . ദുൽഖർ സൽമാൻ ദുൽഖർ സൽമാൻ തുടങ്ങിയതു ഹിറ്റിലൂടെയാണ്.

ഡേറ്റ് കിട്ടാൻ കാത്തു നിർമാതാക്കൾ. വലിയ ബാനറുകൾ. ആദ്യവിജയങ്ങൾക്കു ശേഷം ഒന്നു കാലിടറി. ഏഴുമാസത്തെ കാത്തിരിപ്പിനു ശേഷമാണ് ദുൽഖർ ‘ചാർലി’ എന്ന സിനിമയിൽ അഭിനയിക്കുന്നത്. ഏഴുമാസംകൊണ്ട് ആറു സിനിമയിലെങ്കിലും അഭിനയിക്കുമായിരുന്നു പലരും. ഇപ്പോഴത്തെ മാർക്കറ്റ് അനുസരിച്ചു ദുൽഖറിന് ഏഴുമാസംകൊണ്ടു ആറുകോടി രൂപയുണ്ടാക്കാം. എന്നാൽ കൂട്ടായ്മയിലൂടെ രൂപപ്പെടുന്ന പുതിയ സിനിമയ്ക്കുവേണ്ടി ദുൽഖർ ചെലവിടുന്നത് ഒരു വർഷത്തോളമാണ്. ഫഹദ് ഫാസിൽ വിളങ്ങിനിൽക്കുന്ന സമയത്തു വാങ്ങിയ അഡ്വാൻസ് പോലും തിരിച്ചുകൊടുത്ത് നല്ല സിനിമയ്ക്കായി കാത്തിരിക്കുക എന്നതു മലയാള സിനിമയിൽ ഒരുകാലത്തുമുണ്ടായിട്ടില്ല. ഫഹദ് ഫാസിലിന് അവസരങ്ങൾ കുറവുണ്ടായിരുന്നില്ല. നല്ലതിരക്കായിരുന്നു. ആളെ അഭിനയിക്കാനെന്നല്ല, ഫോണിൽ പോലും കിട്ടുന്നില്ല എന്നായിരുന്നു പരാതി.

film-boys.jpg.image.784.410

രണ്ടോ മൂന്നോ സിനിമകൾ വിചാരിച്ചതുപോലെ ജനം സ്വീകരിക്കാതായപ്പോൾ ഫഹദ് അതു തിരിച്ചറിഞ്ഞു. മുൻകൂർ അഡ്വാൻസ് വാങ്ങിയതിനാൽ പല സംവിധായകരും കൊണ്ടുവരുന്ന സിനിമയിൽ അഭിനയിച്ചേപറ്റൂ എന്ന അവസ്ഥയുണ്ടായിരുന്നു. ഈ കഥ വേണ്ടെന്നുപറയാൻ പറ്റാത്ത അവസ്ഥ. നിർമാതാക്കളുടെ സംഘടന ഫഹദിനോടു സിനിമ ചെയ്യാൻ നിർബന്ധിച്ചു. വാങ്ങിയ അഡ്വാൻസ് പലർക്കുമായി തിരിച്ചുകൊടുക്കുകയാണു ഫഹദ് ചെയ്തത്. ആറുമാസത്തെ ഇടവേളയ്ക്കുശേഷം തനിക്കു പൂർണതൃപ്തിയുള്ള സിനിമകളിലേക്കു ഫഹദ് മടങ്ങിവന്നിരിക്കുന്നു.

ഈ ലൈക്ക് ഒക്കെ ലൈക്കാണെങ്കിൽ...

∙നസ്രിയ, ദുൽഖർ സൂപ്പർസ്റ്റാർസ് ഫെയ്സ് ബുക്കിലെ ലൈക്ക് നോക്കിയാൽ മലയാളസിനിമയിൽ സൂപ്പർതാരം നസ്രിയയാണ്. 70 ലക്ഷത്തിനു മുകളിലാണ് നസ്രിയയുടെ ഫെയ്സ് ബുക്ക് പേജിലെ ലൈക്സ്. തെന്നിന്ത്യൻ സുന്ദരി തമന്ന പോലും ഒരുലക്ഷം ലൈക്സിന് പുറകിലാണ്.

film-girls.jpg.image.784.410

നസ്രിയ നസീം 72, 17, 387 അമല പോൾ 52, 69, 837 ഹണി റോസ് 52, 45, 541 അൻസിബ ഹസൻ 38, 36, 547 രചന നാരായണൻകുട്ടി 36, 87, 274 നമിത പ്രമോദ് 33, 62, 623 കാവ്യാമാധവൻ 31, 44, 282 കീർത്തി സുരേഷ് 29, 11, 896 മഞ്ജുവാര്യർ 27, 39, 240 ദുൽഖറാണ് ഫെയ്സ് ബുക്കിലെ മറ്റൊരു സൂപ്പർസ്റ്റാർ. ഓകെ കൺമണിയിലൂടെ തമിഴിലും താരത്തിന് കിട്ടിയ സ്വീകാര്യതകൂടി ഇതിനു കാരണമായിരിക്കാം. ദുൽഖർ 38, 92, 598 മോഹൻലാൽ 35, 49, 400 നിവിൻ പോളി 32, 92, 521 മമ്മൂട്ടി 30, 60, 954 പൃഥ്വിരാജ് 24, 70, 689.

തയാറാക്കിയത്: ഉണ്ണി കെ. വാരിയർ, വിനോദ് നായർ, എൻ. ജയചന്ദ്രൻ സങ്കലനം: സണ്ണി ജോസഫ്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.