Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാക്ക് കിട്ടത്തേയില്ല; ഫുൾ വൈറ്റ് ടിക്കറ്റ്

ticket

‘‘അവധി ദിവസം സിനിമ കാണണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, എല്ലാ തിയറ്ററുകളും ഹൗസ് ഫുൾ!’’ – ഞായറാഴ്ച സിനിമ കാണാൻ ആഗ്രഹിക്കുന്ന ദിനേശന്റെ വിഷമമാണ്. ‘‘സിനിമയ്ക്കൊക്കെ ടിക്കറ്റ് ബുക്ക് ചെയ്തു. പക്ഷേ, അടിയന്തരമായി പ്രോജക്ട് തീർക്കേണ്ടതുകൊണ്ട് അവധിയില്ല. തിയറ്ററുകാർ പണം റീഫണ്ട് ചെയ്യില്ല. പണം പോയതു മിച്ചം.’’ – ഇതു രമേശിന്റെ പരിഭവം. ദിനേശും രമേശും രണ്ടു സാങ്കൽപിക കഥാപാത്രങ്ങൾ. പക്ഷേ, ഇവരെയൊന്നു കൂട്ടിമുട്ടിച്ചാലോ? അപ്പോൾ ആ ടിക്കറ്റുകളുടെ കൈമാറ്റം നടക്കും; രണ്ടുപേരുടെയും പരിഭവവും മാറും.

അങ്ങനെയുള്ള ദിനേശുമാരുടെയും രമേശുമാരുടെയും ചെന്നൈയിലെ ഫെയ്സ്ബുക് കൂട്ടായ്മയാണ് ‘മൂവി ടിക്കറ്റ് മാർക്കറ്റ്’. ഇപ്പോൾ 50,000 അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളതെന്ന് അറിയുമ്പോഴാണ് ‘മൂവി ടിക്കറ്റ് മാർക്കറ്റ്’ നിർവഹിക്കുന്ന ദൗത്യത്തിന്റെ വിലയറിയുന്നത്. ‘എക്സ്ട്രാ ടിക്കറ്റ്സ്’ എന്ന പേരിൽ മറ്റൊരു ഫെയ്സ്ബുക് കൂട്ടായ്മയും ഈ രംഗത്തു സജീവമാണ്. ഇതിലും 46,000ത്തിലേറെ അംഗങ്ങളുണ്ട്.

വരുൺ വരദരാജൻ എന്ന യുവാവിന്റെ ആശയമാണു ‘മൂവി ടിക്കറ്റ് മാർക്കറ്റ്’. പലപ്പോഴായി ആഗ്രഹിച്ച സിനിമയ്ക്കു ടിക്കറ്റ് കിട്ടാതെവന്നപ്പോഴാണ് ഇത്തരമൊരു ആശയം തലപൊക്കിയതും. ഗ്രൂപ്പിനു മികച്ച പ്രതികരണമാണു ലഭിച്ചത്. കുറച്ചു കാലത്തിനുള്ളിൽത്തന്നെ ഗ്രൂപ്പിലെ അംഗങ്ങൾ ആയിരവും കടന്നു പതിനായിരത്തിലെത്തി. ഇപ്പോൾ അൻപതിനായിരവും പിന്നിട്ടു.

മൂവി ടിക്കറ്റ് മാർക്കറ്റിൽ ബ്ലാക്കിനു സിനിമ ടിക്കറ്റ് വിൽക്കാമെന്ന് ആരും കരുതരുത്. വാങ്ങിയ കാശിനുതന്നെ ടിക്കറ്റ് വിൽക്കണം. അല്ലെങ്കിൽ ഗ്രൂപ്പ് അഡ്മിൻ ഇടപെടും; പണി കിട്ടുകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള ‘ബ്ലാക്കൻമാർ’ ഗ്രൂപ്പിൽ കയറിക്കൂടിയിട്ടുണ്ടെങ്കിൽ അപ്പോൾത്തന്നെ അറിയിക്കണമെന്ന് അഡ‍്മിൻ മുന്നറിയിപ്പു നൽകുന്നു. അങ്ങനെ എന്തെങ്കിലുമുണ്ടായാൽ ഉടൻതന്നെ അയാളെ ‘ബ്ലോക്ക്’ ചെയ്യും.

2013ൽ ആരംഭിച്ച മൂവി ടിക്കറ്റ് മാർക്കറ്റ് എന്ന ഫെയ്സ്ബുക് കൂട്ടായ്മയിൽ ഇപ്പോൾ 51,000 അംഗങ്ങളുണ്ട്. ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ ആദ്യകൂടിച്ചേരൽ ഇന്നലെയായിരുന്നു, എക്സ്പ്രസ് അവന്യൂ മാളിലെ എസ്കേപ്പ് തിയറ്ററിൽ. സമാനമായ മറ്റൊരു ഫെയ്സ്ബുക് ഗ്രൂപ്പിനും വരുൺ തുടക്കമിട്ടു: ‘മൂവി കംപാനിയൻസ് – ചെന്നൈ’. സിനിമയ്ക്കു പോകാൻ പറ്റിയ കൂട്ടു തേടുന്നവർക്കുവേണ്ടിയാണ് ഈ ഗ്രൂപ്പ്. ചിലപ്പോൾ നമുക്കു സിനിമയ്ക്കു പോകാൻ താൽപര്യമുണ്ടാവും. പക്ഷേ, പറ്റിയ കൂട്ടൊന്നും കിട്ടിയില്ലെന്നുവയ്ക്കുക. ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാം. ചിലപ്പോൾ പറ്റിയ കൂട്ടു കിട്ടിയെന്നിരിക്കും. ‘മൂവി കംപാനിയൻസ് ചെന്നൈ’ എന്ന കൂട്ടായ്മ ഒരു മാസത്തിനുള്ളിൽ 500 അംഗങ്ങളെ നേടിക്കഴിഞ്ഞു.

ടിക്കറ്റ് കൈമാറ്റം ഇങ്ങനെ

ടിക്കറ്റ് ഉണ്ടെന്നു കാണിച്ച് ഇടുന്ന പോസ്റ്റിൽത്തന്നെ നിരക്കും വ്യക്തമാക്കണം. ഓരോ സന്ദേശവും അഡ്മിൻമാർ പരിശോധിക്കും. അതിനുശേഷം മാത്രമേ ഗ്രൂപ്പിന്റെ ഇൻബോക്സിൽ ഈ സന്ദേശം പ്രത്യക്ഷപ്പെടൂ. ടിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ടോ മറ്റു തരത്തിലോ ഉള്ള പോസ്റ്റുകൾ ഇടരുത്. ഒരുതരത്തിലുള്ള അനധികൃത വിൽപനയും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണിത്. ടിക്കറ്റ് ആവശ്യമുള്ളവർക്കു വിൽക്കാൻ താൽപര്യമുള്ളവരുമായി ഫെയ്സ്ബുക് സന്ദേശങ്ങൾ വഴിയോ ഫോണിലോ ബന്ധപ്പെടാം. ടിക്കറ്റുകൾ എങ്ങനെ നൽകാമെന്നും പണം എങ്ങനെ കൈമാറാമെന്നുമുള്ള കാര്യം രണ്ടുപേരും ചേർന്നു ചർച്ച ചെയ്തു തീരുമാനിക്കാം. ഇന്റർനെറ്റ് ബാങ്കിങ് വഴി പണം കൈമാറുന്നവരും നേരിട്ടു കൈമാറുന്നവരുമുണ്ട്. ടിക്കറ്റുകൾ എസ്എംഎസ് സന്ദേശമായും േനരിട്ടും കൈമാറുന്നവരുണ്ട്.

ഇതിനിടയിൽ എവിടെയെങ്കിലും വേലത്തരം കാണിച്ചാൽ അഡ്മിൻമാരുടെ പിടിവീഴും. അതീവ ജാഗ്രതയോടെയാണ് അവർ ഓരോ കള്ളത്തരത്തെയും സമീപിക്കുന്നത്. ടിക്കറ്റ് വിലകൂട്ടി വിൽക്കുന്നതുൾപ്പെടെയുള്ള ഒരു പരിപാടിയും ഈ കൂട്ടായ്മ അംഗീകരിക്കില്ല.