Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽഫോൻസ് ഇനിയും ഉഴപ്പണം, ഗംഭീരമായി ഉഴപ്പണം: ബി ഉണ്ണികൃഷ്ണൻ

alphnosne-unnikrishnan

പ്രേമം സിനിമയ്ക്ക് അവാർഡിന് അർഹതയില്ലെന്ന സംസ്ഥാന അവാർഡ് ജൂറി ചെയർമാന്റെ അഭിപ്രായത്തിന് ചുട്ടമറുപടിയുമായ അൽഫോൻസ് പുത്രൻ രംഗത്തെത്തിയിരുന്നു. തന്റെ സിനിമയെയും സഹപ്രവർത്തകരെയും താഴ്ത്തിക്കെട്ടുന്ന രീതിയിൽ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ ഇങ്ങനെയൊരു മറുപടിയെന്ന് അൽഫോൻസ് പറയുന്നു. മാത്രമല്ല ഈ നിബന്ധനകളാണ് ഇനിയുമെങ്കിൽ അടുത്തതവണ തന്റെ സിനിമ അവാർഡിന് പരിഗണിക്കേണ്ടതില്ലെന്നും അൽഫോൻസ് കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ അൽഫോൻസിന് പിന്തുണയുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ രംഗത്തെത്തി. മോഹൻ സാറിന് ഈ സിനിമയെക്കുറിച്ച് ഇങ്ങനെയൊരു അഭിപ്രായം പറയാൻ എങ്ങനെ തോന്നി എന്ന് തനിക്കറിയില്ലെന്നും ഇത്‌ ഉഴപ്പലാണെങ്കിൽ അൽഫോൻസ്‌ താങ്കൾ ഇനിയും ഇനിയും ഉഴപ്പണമെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു.

ബി. ഉണ്ണികൃഷ്ണന്റെ കുറിപ്പ് വായിക്കാം–

ഇന്നലെ ടിവിയിൽ ഒരിക്കൽ കൂടി പ്രേമം സിനിമ കണ്ടു. കഴിഞ്ഞ ദിവസം അൽഫോൻസ്‌ മോഹൻ സാറിനോട്‌ ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രതികരണം വായിക്കുകയും ചെയ്തു. ഞാൻ അതിൽ കക്ഷി ചേരുന്നില്ല. സാധാരണ അവാർഡ്‌ വിവാദളിൽ/സംവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ്‌ ചെയ്യാറുള്ളത്‌.

ഒരു ജൂറി അവരുടെ ബോധ്യങ്ങൾ നടപ്പാക്കുന്നു; അതിനപ്പുറം പ്രാധാന്യമൊന്നും ഒരവാർഡിനും ഇല്ല. പക്ഷേ, അവാർഡ്‌ പ്രഖ്യാപനവുമൊക്കെകഴിഞ്ഞ്‌, ജൂറി ചെയർമാൻ ഒരു ചിത്രത്തെ മാത്രം ലാക്കാക്കി സൗന്ദര്യശാസ്ത്രപരമായ ചില വിമർശനങ്ങളൊക്കെ നടത്തുമ്പോൾ പ്രതികരണങ്ങളുണ്ടാവുക സ്വാഭാവികം. ഒന്ന് പറയാതെ വയ്യ. ഈ ചിത്രം കണ്ടിട്ട്‌, ഇതിന്റെ ആദ്യപകുതിക്ക്‌ ഏകാഗ്രതയില്ലാ, ഇതിന്‌ ഘടനയില്ല, ഫോക്കസില്ലാ, ഇത്‌ ഉഴപ്പിയെടുത്തതാണ്‌ എന്നൊക്കെ പറയാൻ ഞാൻ ഏറെ ബഹുമാനിക്കുന്ന മോഹൻ സാറിന്‌ എങ്ങനെ തോന്നി എന്നെനിക്കറിയില്ല.

ഇതിനേക്കാൾ വലിയൊരു അസത്യം ഈ സിനിമയെ കുറിച്ച്‌ പറയാൻ കഴിയില്ല. ഇത്‌ ഉഴപ്പലാണെങ്കിൽ അൽഫോൻസ്‌ താങ്കൾ ഇനിയും ഇനിയും ഉഴപ്പണം, ഗംഭീരമായി ഉഴപ്പണം എന്നേ എനിക്ക്‌ പറയാനൊള്ളൂ. നമ്മുക്ക്‌ ഈ അവാർഡ്‌ വേണ്ട്രടാ! ഇവിടല്ലേലും സീൻ മൊത്തം കോൺട്രാ. ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഒരു വിഭാഗങ്ങളിലെയും പുരസ്കാരം ലഭിക്കാനുള്ള അർഹത പ്രേമത്തിനുണ്ടെന്ന് ജൂറിക്ക് തോന്നിയില്ലെന്നും അതിനുള്ള നിലവാരം സിനിമയ്ക്കില്ലെന്നുമായിരുന്നു ജൂറി ചെയർമാനായ മോഹന്റെ അഭിപ്രായം.

Your Rating: