Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നു ബ്രഹ്മാണ്ഡ തരംഗം

puli-rajini

വിസ്മയിപ്പിക്കുന്ന ലൊക്കേഷനുകളും അതിശയിപ്പിക്കുന്ന ഗ്രാഫിക്സുകളുമായി വൻ ബജറ്റ് ചിത്രങ്ങൾ വീണ്ടും കളം നിറയുന്നു...

കഥയുടെ കരുത്തും അവതരണത്തിലെ പുതുമയുമാണ് സിനിമയുടെ മാറിയ വ്യാകരണം. ആ മാറ്റം ഉൾക്കൊള്ളുമ്പോഴും തീയറ്ററുകളെ ഉൽസവപ്പറമ്പുകളാക്കാൻ താരപ്പകിട്ടിന്റെ പിൻബലത്തോടെയെത്തുന്ന വൻബജറ്റ് ചിത്രങ്ങൾ തന്നെ വേണമെന്ന സ്ഥിതിയിൽ മാറ്റമില്ല. റിലീസ് ദിനത്തിലെ ആവേശം ചിലപ്പോഴൊക്കെ അന്നത്തോടെതന്നെ അവസാനിക്കുമെങ്കിലും പൂജ മുതൽ ട്രെയിലർ റിലീസ് വരെ ഓരോ ഘട്ടത്തിലും പ്രേക്ഷകരിൽ ആവേശവും ആകാംക്ഷയും നിറയ്ക്കാൻ വമ്പൻ ചിത്രങ്ങൾക്കേ കഴിയൂ. മുൻപു തമിഴിലോ ഹിന്ദിയിലോ വല്ലപ്പോഴും ഒരു ബിഗ് ബജറ്റ് സിനിമയാണ് അവതരിച്ചിരുന്നതെങ്കിൽ ഇന്നു സ്ഥിതിമാറി. പണമെറിഞ്ഞു പണംവാരുന്ന ബ്രഹ്മാണ്ഡ സൃഷ്ടികളെ ഭാഷാസിനിമകളെല്ലാം ഒരുപോലെ വരവേൽക്കുന്നു.

പുലിമുരുകൻ വരവായ്

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്ന വിശേഷണത്തോടെ അടുത്തമാസം എത്തുകയാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. രണ്ടു വർഷത്തോളമായി തുടരുന്ന കാത്തിരിപ്പിനാണ് അവസാനമാകുന്നത്. മോഹൻലാലിന്റെ ഓണം റിലീസ് ചിത്രമായ ഒപ്പം നേടുന്ന വൻവിജയം പുലിമുരുകനെക്കുറിച്ചുള്ള പ്രതീക്ഷകൾ പിന്നെയും വാനോളമുയർത്തുന്നു. മോഹൻലാലിന്റെ താരമൂല്യം പൂർണമായും പ്രയോജനപ്പെടുത്തുന്ന ചിത്രത്തിന്റെ വലിയൊരു ഭാഗം വിയറ്റ്നാമിലാണു ചിത്രീകരിച്ചത്.

സൈലന്റ്‌വാലി, അട്ടപ്പാടി, പൂയംകുട്ടി തുടങ്ങിയ വനമേഖലകളിലും സാഹസികമായി ചിത്രീകരണം നടത്തി. മാസ് ചിത്രങ്ങളുടെ സംവിധായകൻ വൈശാഖ് ആണ് പുലിമുരുകൻ ഒരുക്കുന്നത്. കംപ്യൂട്ടർ ഗ്രാഫിക്സിനു വേണ്ടിമാത്രം മാസങ്ങളുടെ പ്രയത്നമാണു നടത്തിയിട്ടുള്ളത്. കോടികൾ ചെലവഴിച്ചതിന്റെ റിച്ച്നസ് ചിത്രത്തിലുടനീളം കാണാമെന്നു ചിത്രത്തിന്റെ അണിയറക്കാർ ഉറപ്പുനൽകുന്നു. വിദേശ, ഇതരസംസ്ഥാന മാർക്കറ്റുകൾ ഒരേസമയം ലക്ഷ്യമിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. മികച്ച ഇനിഷ്യൽ കലക്‌ഷനിലൂടെ നില ഭദ്രമാക്കുകയാണു ലക്ഷ്യം.

27 കോടിയോളം രൂപ ചെലവഴിച്ച, എംടി–ഹരിഹരൻ–മമ്മൂട്ടി ടീമിന്റെ പഴശ്ശിരാജയാണ് നിലവിൽ മലയാള ചിത്രങ്ങളിൽ ബജറ്റിന്റെ കാര്യത്തിൽ മുന്നിലുള്ളത്. ഉറുമി, ഡബിൾ ബാരൽ, എന്നു നിന്റെ മൊയ്തീൻ, കാസനോവ, ബാംഗളൂർ ഡേയ്സ്, കസിൻസ് എന്നിവയും കോടികളുടെ കണക്കുപറയുന്നവയാണ്. ബോക്സ് ഓഫിസ് പ്രകടനത്തിൽ 75 കോടി രൂപ കലക്‌ഷൻ നേടി മലയാളത്തിൽ പുതിയ ചരിത്രം കുറിച്ച ‘ദൃശ്യ’മാണ് പുതിയ സാധ്യതകൾ തുറന്നുതന്നത്.

50 കോടി കടന്ന പ്രേമം, ടു കൺട്രീസ്, എന്നു നിന്റെ മൊയ്തീൻ, ബാംഗളൂർ ഡേയ്സ് എന്നിവയും വ്യാപക റിലീസിങ്ങിലൂടെ വൻനേട്ടം കൊയ്തു. മലയാളത്തിൽ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള സിനിമകളിൽ നിവിൻപോളിയുടെ കായംകുളം കൊച്ചുണ്ണി, പൃഥ്വിരാജിന്റെ കർണൻ, മോഹൻലാലിന്റെ ലൂസിഫർ എന്നിവയും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രങ്ങളാണ്.

അതുക്കുംമേലെ എന്തിരൻ

എക്കാലത്തും ബിഗ് ബജറ്റ് സിനിമകളുടെ അരങ്ങാണു തമിഴ് ചലച്ചിത്രലോകം. കമലഹാസന്റെ ആദ്യകാല ജെയിംസ് ബോണ്ട് ചിത്രം വിക്രംമുതൽ ദളപതിയും സൂര്യനും ജെന്റിൽമാനുമെല്ലാം അതതു കാലത്തെ വിസ്മയ ചിത്രങ്ങളായിരുന്നു. ഷങ്കർ ചിത്രങ്ങൾ തരംഗമായതോടെ ബ്രഹ്മാണ്ഡ സിനിമകൾ എന്ന പുതിയ ലേബൽതന്നെ നിലവിൽ വന്നു. 132 കോടി രൂപ ചെലവിൽ നിർമിച്ച ഷങ്കറിന്റെ രജനീകാന്ത് ചിത്രം എന്തിരനാണ് തമിഴിൽ നിർമാണ ചെലവിൽ മുന്നിൽ. അടുത്തവർഷം റിലീസ് ചെയ്യുന്ന എന്തിരൻ രണ്ടാം ഭാഗം ‘2.0’ ഇതിനെയും കടത്തിവെട്ടും. ആനിമേഷൻ ചിത്രമായ കോച്ചടയാൻ, പുലി, കബാലി, ഐ, ലിങ്ക, ഏഴാം അറിവ്, 24, കത്തി, തെരി എന്നീ ചിത്രങ്ങളും കോടികൾ മുതൽമുടക്കിൽ ഇറങ്ങിയവയാണ്.

ഈ വർഷം ഇതിനകമെത്തിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ കബാലി, തെരി, ഇരുമുഖൻ എന്നിവ സൂപ്പർ ഹിറ്റായത് അണിയറയിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ആവേശം പകരുന്നുണ്ട്. കലക്‌ഷന്റെ കാര്യത്തിൽ രജനിയുടെ കബാലി ഇതുവരെയുള്ള റെക്കോർഡുകളെല്ലാം മറികടക്കുകയാണ്. ഇതിനകം 350 കോടി രൂപ നേടിയതായി കരുതുന്ന ചിത്രം ഷങ്കറിന്റെ എന്തിരൻ, ഐ എന്നീ ചിത്രങ്ങളെയാണ് പിന്നിലാക്കിയത്. കമലഹാസൻ ചിത്രങ്ങളായ വിശ്വരൂപം, ദശാവതാരം എന്നിവയും 200 കോടിക്കു മുകളിൽ നേടിയ തമിഴ് ചിത്രങ്ങളാണ്. കാർത്തി നായകനായ കാഷ്മോര, സൂര്യയുടെ സിങ്കം 3, വിജയ് ചിത്രം ഭൈരവ, അജിത്തിന്റെ പുതിയ ചിത്രം തല 57, കമലഹാസന്റെ വിശ്വരൂപം 2, വെട്രിമാരൻ–ധനുഷ് ടീമിന്റെ വടചെന്നൈ എന്നിവയെല്ലാം കോടികളുടെ കഥയുമായി ചിത്രീകരണം തുടരുന്ന പ്രധാന ചിത്രങ്ങൾ.

വിസ്മയമായി രാജമൗലി

തമിഴിൽ ഷങ്കർ എന്ന പോലെയാണു തെലുങ്കിൽ രാജമൗലി. മഗധീര, മര്യാദ രാമണ്ണ, ഈഗ തുടങ്ങി ഒൻപതോളം വൻബജറ്റ് ചിത്രങ്ങളൊരുക്കി കഴിവു തെളിയിച്ച ശേഷമാണ് ബാഹുബലി എന്ന ഏറ്റവുംവലിയ പരീക്ഷണത്തിലേക്കു രാജമൗലി ചുവടുവെച്ചത്. ലോകസിനിമ തന്നെ ശ്രദ്ധിച്ച ബാഹുബലിയുടെ രണ്ടു ഭാഗങ്ങളുടെയും നിർമാണ ചെലവ് 250 കോടി കവിയുമെന്നാണു കണക്ക്. വൻ മുടക്കുമുതൽ തിരിച്ചു പിടിക്കാൻ ചിത്രം രണ്ടു ഭാഗങ്ങളായി ഇറക്കാൻ മുൻകൂട്ടിതന്നെ തീരുമാനിച്ചിരുന്നു. ഇന്ത്യൻ ഭാഷകൾ കടന്ന് ഫ്രഞ്ച്, ജർമൻ ഭാഷകളിലേക്കുവരെ മൊഴിമാറ്റം നടത്തി ബാഹുബലി വലിയൊരു വിപണിതന്നെ സൃഷ്ടിച്ചു. ബാഹുബലി ദ് കൺക്ലൂഷൻ അടുത്ത വർഷമാണു റിലീസ് ചെയ്യുക.

തൊണ്ണൂറുകളിൽതന്നെ ബിഗ് ബജറ്റ് ചിത്രങ്ങൾ തെലുങ്കിനു പുതുമയല്ലാതായിട്ടുണ്ടെങ്കിലും കഴിഞ്ഞ നാലുവർഷമായി 100 കോടിക്കടുത്ത് ചെലവുവരുന്ന ചിത്രങ്ങളുടെ ഒരു നിരതന്നെ റിലീസ് ചെയ്യുകയുണ്ടായി. രുദ്രമ്മാദേവി, സർദാർ ഗബ്ബർ സിങ്, ബ്രഹ്മോത്സവം, ശ്രീമന്തുഡു എന്നീ ചിത്രങ്ങൾ ഈ നിരയിൽ വരുന്നവയാണ്. ചിരഞ്ജീവി, പവൻകല്യാൺ, മഹേഷ് ബാബു എന്നിവരുടെ പുതിയ ചിത്രങ്ങളെല്ലാം വൻബജറ്റിലാണ് ഒരുങ്ങുന്നത്.
 

Your Rating: