Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള സിനിമയിലെ ആദ്യ കാരവൻ!

mohanlal-udayon

മോഹൻലാൽ ഇരട്ടവേഷത്തിലെത്തിയ ചിത്രമാണ് ഭദ്രൻ ഒരുക്കിയ ഉടയോൻ. സിനിമയിലെ മോഹൻ‌ലാലിന്റെ മേക്കപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ ആർക്കുമറിയാത്തൊരു രസകരമായ സംഭവം ചിത്രത്തിന്റെ ഛായാഗ്രാഹകനായ രാമചന്ദ്രബാബു വെളിപ്പെടുത്തി.

രാമചന്ദ്രബാബു–‘ഉടയോൻ’ സിനിമയിൽ മോഹൻലാലിന്റേതു ഡബിൾ റോളാണ്. അച്ഛനും മകനും. പ്രോസ്തറ്റിക് മേക്കപ്പാണു വളരെ പ്രായമായ അച്ഛനുവേണ്ടി ഉപയോഗിച്ചത്. ലോട്ടക്സ് പാളികൾ മുഖത്ത് ഒട്ടിച്ചുകൊണ്ടാണു പ്രായത്തിന്റെ ചുളിവുകൾ കാണിച്ചത്. പൊള്ളാച്ചിയിലെ ചൂടിൽ ഇതണിഞ്ഞ് അധികസമയം ഇരുന്നാൽ വിയർത്തു ലോട്ടക്സ് പാളികൾ ഇളകും. വീണ്ടും ആദ്യംമുതൽ തുടങ്ങണം. അതൊഴിവാക്കാൻ ടെംപോവാനിൽ സീറ്റുകൾ ഇളക്കി ഒരു മേക്കപ് മുറിയുണ്ടാക്കിയെടുത്തു. അതിൽ എസിയും ഫിറ്റ് ചെയ്തു. വിശ്രമിക്കാനും ബാത്ത്റൂമിനും സൗകര്യമൊരുക്കി. ഇതാണു മലയാള സിനിമയിലെ ആദ്യ കാരവൻ.

വാചകമേളയിലെ പ്രശസ്തരുടെ മറ്റു കുറിപ്പുകൾ താഴെകൊടുക്കുന്നു–

∙ കോട്ടയം നസീർ: ഒരിക്കൽ കാനം രാജേന്ദ്രൻ സാർ വാഴൂർ മണ്ഡലത്തിൽനിന്ന് മത്സരിച്ചു. എനിക്കായിരുന്നു ചുവരെഴുത്തിന്റെ ചുമതല. രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് ‘കാനം രാജേന്ദ്രനെ വിജയിപ്പിക്കുക’ എന്ന് മതിലുകളിൽ എഴുതി. രാവിലെ വീട്ടിൽ പുതച്ചുമൂടിയുറങ്ങിയിരുന്ന എന്നെ പാർട്ടിക്കാർ വന്ന് കട്ടിലോടെ എടുത്തോണ്ടു പോയി. ‘എന്താടാ ഈ എഴുതിയിരിക്കുന്നത്..?’ ചുവരിലേക്കു നോക്കിയ ഞാൻ കണ്ണു മിഴിച്ചുപോയി. ‘കാന രാജേന്ദ്രനെ’ വിജയിപ്പിക്കുക. ഒരു പൂജ്യം വിട്ടുപോയിരിക്കുന്നു. ശത്രുക്കൾ തൂത്തുകളഞ്ഞതാകാനും മതി.

∙ സത്യൻ അന്തിക്കാട്: ഫാസിൽ എന്ന സംവിധായകനെക്കുറിച്ച് ആദ്യം കേൾക്കുന്നത് സാക്ഷാൽ പ്രേംനസീറിന്റെ വാക്കുകളിലൂടെയാണ്. നവോദയ അപ്പച്ചൻ ഇത്തവണ പുതിയൊരു ബോംബുമായാണ് വരുന്നതെന്ന് പ്രേംനസീർ പറഞ്ഞു. റിലീസിനു മുൻപുതന്നെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ അദ്ദേഹം കണ്ടിരുന്നു. ‘‘ആ പയ്യൻ ഒരു അദ്ഭുതമാണ് – ഫാസിൽ. പുതിയ അഭിനേതാക്കളെയും മ്യൂസിക് ഡയറക്ടറെയുമൊക്കെ വച്ച് എത്ര മനോഹരമായാണ് സിനിമയുണ്ടാക്കിയിരിക്കുന്നത്! ഇതൊരു തരംഗമാകും, തീർച്ച.’’ നസീർ സാറിന്റെ പ്രവചനം പിഴച്ചില്ല.

∙ ഫാസിൽ:താരാധിപത്യത്തിന്റെ ശക്‌തി എനിക്കു ബോധ്യമായതു രണ്ടായിരത്തിന്റെ തുടക്കക്കാലത്താണ്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്. ഇവരില്ലെങ്കിൽ സിനിമ വിജയിക്കില്ലെന്ന സ്‌ഥിതി വന്നു. ഞാനതുകൊണ്ടു മനഃപൂർവം സിനിമയിൽനിന്നു മാറിനിൽക്കുകയായിരുന്നു.

∙ കാവ്യ മാധവൻ: ദിലീപ് എന്ന നടനെക്കാളും ദിലീപേട്ടനെന്ന വ്യക്തിയാണ് എന്റെ ഹീറോ. സൗഹൃദങ്ങൾക്കും ബന്ധങ്ങൾ‌ക്കും വലിയ പ്രാധാന്യം കൊടുക്കുന്ന ആൾ‌. എത്ര ദേഷ്യം വന്നാലും അതു മുഖത്തു കാണിക്കില്ല. സെറ്റിൽ ഇടിച്ചുകയറി വന്ന് പൊട്ടക്കഥകൾ പറയുന്നവരോടുപോലും മര്യാദയോടെ സംസാരിക്കും.

∙ ദിലീപ്:വീടുകളിൽ സാധാരണ കല്യാണക്കാര്യങ്ങളൊക്കെ സംസാരിക്കുന്നതും തീരുമാനമെടുക്കുന്നതും അച്ഛനമ്മമാരോടു ചോദിച്ചിട്ടാണ്. എന്റെ കാര്യത്തിൽ മകളോടാണു ചോദിക്കേണ്ടത്. മീനൂട്ടിയാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. മീനൂട്ടിയുടെ മുന്നിൽ ഞാനൊരു കൊച്ചുകുട്ടിയാണ്.

∙ അടൂർ ഗോപാലകൃഷ്ണൻ:തിരുവിതാംകൂറിലെ അവസാനത്തെ ആരാച്ചാർ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ ‘നിഴൽക്കുത്ത്’ ചെയ്തത്. മലയാള മനോരമയിൽ അയാളെക്കുറിച്ച് റെഞ്ചി കുര്യാക്കോസ് എഴുതിയ ഫീച്ചർ ആയിരുന്നു പ്രചോദനം. പക്ഷേ, എനിക്ക് ആ ആരാച്ചാരെ പോയി കാണാൻ തോന്നിയില്ല. അയാളെക്കുറിച്ചല്ല എന്റെ സിനിമ.

∙ ജയറാം: എന്റെ മിമിക്രിയുള്ള ഒരു വിഡിയോ കസെറ്റ് പത്മരാജൻ സാർ കണ്ടതാണ് എനിക്കു വഴിത്തിരിവായത്. അങ്ങനെ സിനിമയിലേക്കുള്ള വഴി തുറന്നു. ഇവന്റെ (മകൻ കാളിദാസൻ) മിമിക്രി യു ട്യൂബിൽ കണ്ടാണ് തമിഴ് സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. കാലം മാറിയപ്പോൾ മീഡിയം മാറി എന്നേയുള്ളൂ. വിജയ് ടിവിയുടെ സ്റ്റേജ് ഷോയിലേക്കെത്തുംവരെ കണ്ണൻ മിമിക്രി ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു.

∙ കാളിദാസൻ‌ (ജയറാമിന്റെ മകൻ):സ്റ്റേജ് ഷോയിൽ‌ വച്ചാണ് അപ്രതീക്ഷിതമായി എന്നോട് താരങ്ങളെ അനുകരിക്കാൻ പറഞ്ഞത്. സ്കൂളിൽ കൂട്ടുകാരെയും ടീച്ചർമാരെയും അനുകരിച്ചായിരുന്നു തുടക്കം. കോളജിൽ പഠിക്കുമ്പോൾ താരങ്ങളെ അനുകരിച്ചുതുടങ്ങി. പക്ഷേ, ഞാൻ മിമിക്രി കാണിക്കുമെന്ന് വീട്ടിൽ ചക്കിക്കു മാത്രമേ അറിയൂ. അതുകൊണ്ടുതന്നെ ഞാൻ മിമിക്രി കാണിക്കാൻ‌ കയറിയപ്പോൾ അപ്പ ഒന്നു പേടിച്ചു.

∙ ജോയ് മാത്യു: മനുഷ്യനെ കടിക്കുന്ന തെരുവുനായയെ കൊല്ലുകതന്നെ വേണം. അല്ലാത്തവയെ മേനകാ ഗാന്ധിയുടെ വീട്ടിലെത്തിക്കുവാനോ വന്ധ്യംകരിക്കുവാനോ ഏർപ്പാട് സർക്കാർ ചെയ്തോട്ടെ. എന്നാൽ ഇവ എങ്ങനെ മനുഷ്യരക്തദാഹികളായി? അതിനു കാരണം തിരക്കിയപ്പോൾ മനസ്സിലായത് കേരളീയരുടെ ചോരക്കൊതിയാണ് ഈ നായ്ക്കളെയും രക്തദാഹികളാക്കിയത് എന്നാണ്. നമ്മുടെ രാജ്യത്ത് ഏറ്റവും അധികം മാംസം ഭക്ഷിക്കുന്നവരുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ ജനസംഖ്യയുടെ 95% പേരും മാംസാഹാരികളാണ്. 

Your Rating: