Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വിക്രം പലമുഖം

vikram-movie-irumugan

‘I am not in a race, the passion for the craft drives me’ – Vikram

അതിസാഹസികമാണു പലപ്പോഴും വിക്രം എന്ന നടന്റെ പരീക്ഷണങ്ങൾ. സേതു മുതൽ ഐ വരെയുള്ള ചിത്രങ്ങളിൽ കാണാം ഭ്രാന്തമായ ആവേശത്തിന്റെ ഈ ആവിഷ്കാരങ്ങൾ. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി സംവിധായകൻ മരിക്കണമെന്നു പറഞ്ഞാൽ അതിനും വിക്രം തയാറായേക്കുമെന്ന് ഒരിക്കൽ ധനുഷ് പറഞ്ഞത് അതിശയോക്തിക്കപ്പുറം സിനിമയോടുള്ള ഈ നടന്റെ അഭിനിവേശത്തിന്റെ സാക്ഷ്യപത്രം തന്നെയാണ്. സൂപ്പർതാരമായി തുടരുമ്പോഴും, പുതുമയോടെ എന്തെങ്കിലും ചെയ്യാനില്ലെങ്കിൽ സിനിമയിൽനിന്നു വിരമിക്കുമെന്നുപോലും വ്യക്തമാക്കിയിട്ടുണ്ട് വിക്രം.

vikram-new

സ്റ്റൈലിഷ് ഇരുമുഖൻ

താരത്തിന്റെ ശീലങ്ങൾ നിശ്ചയമുള്ളതു കൊണ്ട് ആരാധകർക്കും പരിചിതമായിക്കഴിഞ്ഞു, ഓരോ വിക്രം സിനിമയ്ക്കുമായുള്ള കാത്തിരിപ്പ്. എങ്കിലും മുൻനിര നായകൻമാർക്കിടയിലെ ശക്തമായ മൽസരത്തിനിടെ രാവണൻ, ഐ പോലുള്ള ചിത്രങ്ങൾക്കായി അത്രയേറെ കാലം മാറ്റിവച്ചതിൽ ആരാധകർക്കുള്ള പരിഭവം വിക്രമിനും ബോധ്യമുണ്ട്. ഇതിനു പകരമായാണ് ആരാധകർക്കായി തട്ടുപൊളിപ്പൻ മാസ് മസാലകളിലും ‘ചിയാൻ’ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത്. ഈ നിരയിൽ വിക്രമിന്റെ ഏറ്റവും പുതിയ പരീക്ഷണമാണ് ‘ഇരുമുഖൻ’. ഫസ്റ്റ് ലുക് പോസ്റ്റർ മുതൽ ട്രെൻഡിങ് ആണ് ഇരുമുഖനിലെ സ്റ്റൈലിഷ് മേക്ക് ഓവർ. നീണ്ട താടിയിലുള്ള റോ ഏജന്റ് അഖിലന്റെ കൂൾ ലുക് അന്യനിലെ റെമോയ്ക്കുശേഷം ഏറ്റവുമധികം വരവേൽപ്പു ലഭിക്കുന്ന ഗെറ്റപ് ആയി മാറിക്കഴിഞ്ഞു. അവിടെയും തീരാതെ സസ്പെൻസ് നിറച്ച് ‘ലവ്’ എന്ന മറ്റൊരു കഥാപാത്രമായും ഇരുമുഖനിൽ താരത്തെ കാണാം.

vikram-new-2

ആത്മവിശ്വാസം കരുത്ത്

ബ്രഹ്മാണ്ഡ പ്രചാരണ കോലാഹലങ്ങളിലൂടെ ‘ഐ’ സാമ്പത്തിക വിജയമായി മാറിയെങ്കിലും ചിത്രത്തെക്കുറിച്ചു സമ്മിശ്ര പ്രതികരണമാണു ലഭിച്ചത്. തുടർന്നുവന്ന ‘പത്ത് എൺട്രതുക്കുള്ളെ’യിൽ‌ വിജയം ആവർത്തിക്കാൻ കഴിഞ്ഞതുമില്ല. അതുകൊണ്ടുതന്നെ ഇരുമുഖന്റെ വിജയം വിക്രം എന്ന താരത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ആർക്കും ചെയ്യാവുന്ന ഒരു വേഷം ചെയ്യാൻ താൽപര്യമില്ലെന്നു പണ്ടേ വ്യക്തമാക്കിയിട്ടുള്ള വിക്രം തിരിച്ചടികളിൽ നിന്നു പൊരുതി തിരിച്ചുവന്ന ചരിത്രം നിറയെയുണ്ട്. കോളജ് പഠനകാലത്ത് ബൈക്കപകടത്തെ തുടർന്ന് മൂന്നു വർഷം ഒരേ കിടപ്പു കിടന്നതും ജീവിതത്തിൽ ഇനിയൊരിക്കലും നടക്കാനാകില്ല എന്ന ഡോക്‌‍ടർമാരുടെ സംശയത്തെ ആത്മവിശ്വാസംകൊണ്ട് മറികടന്നതും അതിൽപ്പെടും. കരിയറിലും ആദ്യപത്തുവർഷം ഈ നടൻ അജ്ഞാതനായിരുന്നു. ‘സേതു’ പോലും വിതരണത്തിനെടുക്കാൻ ആളില്ലാത്ത സ്ഥിതിയായിരുന്നു. അവിടെനിന്നാണു പൊരുതിക്കയറി സ്വന്തം താരപദവി തീർത്തത്. മകൾ വിവാഹത്തിനൊരുങ്ങുമ്പോഴും പ്രായമേറുമ്പോഴും സ്ക്രീനിലും പുറത്തും വിക്രമിന് നിത്യയൗവനമാണ്.

vikram-movie

വിസ്മയിപ്പിക്കാൻ ‘ലവ്’

ഒരു സിനിമയിൽ ഒന്നിലേറെ ഗെറ്റപ് വിക്രം സിനിമകളിൽ പതിവാണെങ്കിലും തികച്ചും വിഭിന്നമായ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള യഥാർഥ ഡബിൾ റോൾ പരീക്ഷണത്തിനു വിക്രം ആദ്യമായി മുതിരുകയാണ് ഇരുമുഖനിൽ. രണ്ടാമത്തെ കഥാപാത്രം ‘ലവ്’ നെഗറ്റീവ് ടച്ചുള്ള ട്രാൻസ്ജെൻഡർ ആണെന്നു പ്രചരിക്കുമ്പോഴും വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ കഥാപാത്രത്തിനായി വ്യത്യസ്തമായ ശരീരഭാഷയും ശബ്ദക്രമീകരണവുമാണ് വിക്രം പ്രയോഗിച്ചിരിക്കുന്നത്. ട്രെയിലറിലെ ‘കലക്കലാം..’ എന്ന പഞ്ച് ഡയലോഗ് പോലും ഹിറ്റാണ്. പ്രത്യേകതരം മാസ്ക് ധരിച്ച കഥാപാത്രം ചിത്രം സയൻസ് ഫിക്‌ഷൻ ഗണത്തിൽപ്പെടുന്നതാണെന്ന സംശയവും ഉയർത്തിയിരുന്നു. എന്നാൽ സയൻസ് ഫിക്‌ഷൻ ചിത്രത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നു സംവിധായകൻ വ്യക്തമാക്കുന്നു.

vikram-family

ബോണ്ട് ചിത്രങ്ങളുടെ വഴിയേ

ഇന്ത്യൻ റിസർച് അനാലിസിസ് വിങ് (റോ) ഏജന്റ് അഖിലന്റെ രാജ്യാന്തര ദൗത്യത്തിന്റെ കഥ ജെയിംസ് ബോണ്ട് ശൈലിയിലാണ് ഇരുമുഖനിൽ ഒരുക്കിയിട്ടുള്ളത്. മലേഷ്യ, തായ്‌ലൻഡ്, കശ്മീർ എന്നിവിടങ്ങളിലാണു പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചത്. കശ്മീരിലെ കൊടുംതണുപ്പിലും ചെന്നൈയിലെ കൊടുംചൂടിലും സാഹസിക സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണു വിക്രം അഭിനയിച്ചത്. വിക്രമും നയൻതാരയും ജോഡിയാകുന്ന ആദ്യചിത്രമെന്ന സവിശേഷതയും ഇരുമുഖനു സ്വന്തം. മലയാളി താരം നിത്യ മേനോനും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആനന്ദ് ശങ്കർ എന്ന യുവസംവിധായകന്റെ രണ്ടാമത്തെ ചിത്രമാണ് ഇരുമുഖൻ. മുരുകദാസിനൊപ്പം പ്രവർത്തിച്ചിരുന്ന ആനന്ദിന്റെ ആദ്യ ചിത്രം വിക്രം പ്രഭു നായകനായ ‘അരിമാ നമ്പി’ മികച്ച ത്രില്ലർ എന്ന വിശേഷണം നേടിയിരുന്നു.

വരുന്നത് ‘ഗരുഡ’, ‘സാമി 2’

നേരത്തേ മർമ മനിതൻ എന്നപേരിൽ തുടങ്ങിയ ഇരുമുഖൻ ഒട്ടേറെ തടസ്സങ്ങളിൽപ്പെട്ടു വൈകുകയായിരുന്നു. ഒൻപതുമാസത്തോളം സാമ്പത്തിക പ്രശ്നങ്ങളിൽ കുടുങ്ങിയ ചിത്രത്തിന്റെ നിർമാണം മലയാളിയായ ഷിബു തമീൻസ് ഏറ്റെടുത്തതോടെയാണു വേഗത്തിലായത്. ആർ.ഡി. രാജശേഖർ ആണു ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഹാരിസ് ജയരാജിന്റെ ഗാനങ്ങൾ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. സെപ്റ്റംബർ രണ്ടാംവാരം പുറത്തിറങ്ങുന്ന ചിത്രം കേരളത്തിൽ ഓണച്ചിത്രങ്ങൾക്കൊപ്പമാകും മൽസരിക്കുക. ഇരുമുഖനുശേഷം ഗരുഡ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന വിക്രം തുടർന്നു സാമിയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കും. കരിയറിൽ ആദ്യമായാണു വിക്രം ഒരു ചിത്രത്തിന്റെ തുടർച്ച ചെയ്യാനൊരുങ്ങുന്നത്, അതും ആരാധകരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന്. 

Your Rating: