Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ഡയലോഗുകള്‍ ലഭിച്ചത് സ്വപ്‌നത്തില്‍ നിന്ന്: വിനീത് ശ്രീനിവാസന്‍

vineeth-nivin

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന് ലഭിച്ച മികച്ച സ്വീകാര്യതയിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസൻ. ഈ ചിത്രം ചെയ്യുമ്പോൾ അദൃശ്യമായൊരു ദൈവികസാന്നിധ്യം തന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നെന്നും ഈ സിനിമ ചെയ്യാന്‍ താന്‍ തെരഞ്ഞെടുക്കപ്പെട്ടതുപോലെയാണ് തോന്നിയതെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

വിനീതിന്റെ വാക്കുകളിലേക്ക്– 'ഇതെഴുതാന്‍ വൈകിയെന്നറിയാം...ഇതെനിക്ക് പ്രധാനപ്പെട്ടത് തന്നെയാണ്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം കണ്ട് അഭിനന്ദിച്ചവര്‍ക്കെല്ലാം നന്ദി. ഈ ചിത്രം ചെയ്യുന്ന ഓരോ ഘട്ടത്തിലും ഒരു ദൈവികസാന്നിധ്യം ഞാന്‍ അനുഭവിച്ചിരുന്നു. അതെങ്ങനെ വിശദീകരിക്കാന്‍ കഴിയും എന്നെനിക്കറിയില്ല, ഈ സിനിമ ചെയ്യാന്‍ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടതുപോലെയാണ് എനിക്ക് തോന്നിയത്. അത് നിങ്ങൾക്ക് മനസ്സിലാകുമോ എന്നറിയില്ല. എന്നാൽ ഇതാണ് സത്യം.

ഈ സിനിമയിലെ പല സംഭാഷണങ്ങളും സീനുകളും സ്വപ്‌നത്തിലാണ് എനിക്ക് ലഭിച്ചത്. പെട്ടെന്ന് ഉറക്കത്തിൽ നിന്ന് എണീയ്ക്കുമ്പോള്‍ പലപ്പോഴും കണ്ണുനിറഞ്ഞിരിക്കും. ഉടൻ തന്നെ സ്വപ്നത്തിൽ കേട്ട ഡയലോഗുകള്‍ മൊബൈല്‍ ഫോണിലേക്ക് റെക്കോര്‍ഡ് ചെയ്യുമായിരുന്നു. ഇതൊക്കെ പറഞ്ഞുഫലിപ്പിക്കാന്‍ പ്രയാസമാണ്.

തിരക്കഥാരചനയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ അതിന്റെ സാങ്കേതികതവശം മാത്രമാണ് പഠിപ്പിക്കുന്നത്. അതിന്റെ യഥാർഥപാഠം പഠിക്കുന്നത് ജീവിതത്തിലൂടെയാണ്. ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. അതിനെയാണ് രണ്ട് മണിക്കൂര്‍ 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമെന്ന സിനിമയായി മാറ്റിയത്. അതിനെ ഹൃദയത്തിലേറ്റിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.

ഇന്ന് എനിക്ക് തിരക്കഥകള്‍ എഴുതാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം എന്റെ അച്ഛനാണ്. അദ്ദേഹത്തോട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. എല്ലാത്തിനും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു..

Your Rating: