Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്നെയും അതി ദയനീയമെന്ന് സംവിധായകൻ വിനോദ് മങ്കര

pinneyum-vinod

ദിലീപ്–കാവ്യ മാധവൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ പിന്നെയും സിനിമയെ വിമർശിച്ച് ഡോ.ബിജു രംഗത്തെത്തിയത് ഒട്ടേറെ ചർച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഡോ.ബിജുവിന്റെ വിമർശനത്തിനെതിരെ അടൂരും പ്രതികരണവുമായി എത്തി. ഇപ്പോഴിതാ ചിത്രത്തെ വിമർശിച്ച് സംവിധായകൻ വിനോദ് മങ്കര.

പിന്നെയും എന്ന ചിത്രം തന്നെ നിരാശനാക്കിയെന്നും അതി ദയനീയമാണ് ചിത്രത്തിന്റെ അവസ്ഥയെന്നും അദ്ദേഹം പറയുന്നു. നന്നായി അഭിനയിക്കാന്‍ അറിയാവുന്ന ദിലീപ്,കാവ്യ എന്നിവരുടെ മുഖത്തെ സ്വാഭാവിക മനുഷ്യഭാവങ്ങള്‍ മുഴുവന്‍ അലക്കി കളഞ്ഞ് അവരെ ഒന്നിനും കൊള്ളാത്തവര്‍ ആക്കുകയാണ് അടൂര്‍ ചെയ്തതെന്നും വിനോദ് പറഞ്ഞു.

വിനോദ് മങ്കരയുടെ കുറിപ്പ് വായിക്കാം–

അടൂരിന്റെ "പിന്നെയും" എന്ന ചിത്രം ഒട്ടൊന്നുമല്ല നിരാശനാക്കിയത്.നാലു പെണ്ണുങ്ങള്‍,ഒരു പെണ്ണുംരണ്ടു ആണും എന്നൊക്കെയുള്ള തട്ടിക്കൂട്ട് ചിത്രങ്ങളുടെ 'ട്രിലോജി'യില്‍പെടും ഈ ചിത്രവും.യഥാര്‍ത്ഥത്തില്‍ അനന്തരം,വിധേയന്‍ എന്നീചിത്രങ്ങളോടെ ഈ മാസ്റ്റര്‍ ചലച്ചിത്രകാരന്‍ അവസാനിക്കുന്നത് ഈ പുതിയ ചിത്രവും അടിവരയിടുന്നു.കൃത്രിമ ചലനങ്ങള്‍കൊണ്ടും കൃത്രിമ സംഭാഷണങ്ങള്‍ കൊണ്ടും ശരാശരിയിലും താണ നിലവാരം പുലര്‍ത്തുന്ന ഒരു അമേച്വര്‍ നാടകമെന്നെ ഇതിനെ പറയാന്‍ കഴിയു.

ഇത്തവണയെങ്കിലും അടൂര്‍ എന്ന മാസ്റ്റര്‍ ചലച്ചിത്രകാരന്‍ നമ്മെ അതിശയിപ്പിക്കും എന്നു കരുതിയത്‌ തെറ്റായി.സീനുകള്‍ക്ക് പരസ്പരബന്ധം കിട്ടാനും കഥയെ ഏതെങ്കിലും ഒരു തൊഴുത്തില്‍ക്കൊണ്ടുപോയി കെട്ടാനുംവേണ്ടി ദാദഫാല്‍ക്കെകാരന്‍ വല്ലാതെ കഷ്ട്ടപ്പെടുന്നത് ചിത്രത്തില്‍ കാണാം.

മലയാള സിനിമയെ അടൂര്‍ പിന്നെയും പിന്നിലേക്ക്‌ നടത്തിയെന്നുവേണം പറയാന്‍. നന്നായി അഭിനയിക്കാന്‍ അറിയാവുന്ന ദിലീപ്,കാവ്യ എന്നിവരുടെ മുഖത്തെ സ്വാഭാവിക മനുഷ്യഭാവങ്ങള്‍ മുഴുവന്‍ അലക്കി കളഞ്ഞ് അവരെ ഒന്നിനും കൊള്ളാത്തവര്‍ ആക്കുകയാണ് അടൂര്‍ ചെയ്തത്.

സ്ത്രീയുടെ പ്രശ്നങ്ങളെ ക്കുറിച്ച് ഇദ്ദേഹം വലിയ വായില്‍ പറയുന്നത് വായിച്ചപ്പോള്‍ പണ്ട് പെരുമഴക്കാലം എന്ന സിനിമയില്‍ ഈ രണ്ടുപേരെ വച്ചുകൊണ്ട് കമല്‍ എന്തുമനോഹരമായി കഥ അവതരിപ്പിച്ചു എന്നത് ഓര്‍മ വന്നു.അടൂര്‍സാറെ താങ്കള്‍ക്കു എന്താണ് പറ്റിയത്?താങ്കളുടെ എഴുപത്തിഅഞ്ചു വയസ്സും സിനിമയിലെ അമ്പതുവര്‍ഷവും കൊണ്ട് മാര്‍ക്കറ്റു ചെയ്യുന്ന ഈ ചിത്രം താങ്കള്‍ ആണ് എടുത്തത്‌ എങ്കില്‍ വിധേയനും അനന്തരവും എലിപ്പത്തായവും എടുത്തത്‌ ആരാണ്?

ലോകചലച്ചിത്രവേദിയിലെ പല മുത്തശ്ശന്‍ മാരും നമ്മെ അത്ഭുതപ്പെടുത്തുന്നത്പോലെ താങ്കള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തും എന്ന് വെറുതെ വിചാരിച്ചതിന് മാപ്പ്.സ്റ്റോക്ക്‌തീര്‍ന്നു എന്ന് പലരും പറഞ്ഞത് ശരിയാണ് എന്ന് ഇപ്പോഴും അടൂര്‍ നമ്മെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. അടൂര്‍ സാറിനോട് ഉള്ള എല്ലാ ആദരവും വച്ചുകൊണ്ട് തന്നെ പറയട്ടെ; അതി ദയനീയം "പിന്നെയും"