Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരം കുറഞ്ഞ ‘ഹണീ ബീ’; റിവ്യു

honee-bee-review

കൊച്ചിയിലെ മച്ചാന്മാരുടെ കഥ പറഞ്ഞ് പ്രേക്ഷകരുടെ മനസ്സിൽ കയറിയ ഹണി ബീയുടെ രണ്ടാം ഭാഗം കാഴ്ചക്കാരെ അത്ര കണ്ട് ആകർഷിക്കുന്ന ഒന്നല്ല. ആദ്യ ഭാഗം സൗഹൃദമാണ് ചർച്ച ചെയ്തതെങ്കിൽ രണ്ടാം ഭാഗം ഒരു വിവാഹമാമാങ്കത്തെക്കുറിച്ചാണ് പറയുന്നത്. 

പേരുപോലെ തന്നെ സെലിബ്രേഷൻ മൂഡിലാണ് ചിത്രം തുടങ്ങുന്നത്. സംഭവബഹുലമായ ഒളിച്ചോട്ടത്തിനു ശേഷം സെബാനുമായുള്ള വിവാഹത്തിന് ഏയ്ഞ്ചലിന്റെ വീട്ടുകാർ സമ്മതിക്കുന്നു. തുടർന്ന് കല്ല്യാണം ഉറപ്പിക്കുകയും സെബാൻ തന്റെ വീട്ടുകാരെ കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കി വിവാഹത്തിന് സമ്മതിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ വിവാഹം ഉറപ്പിച്ച് കല്യാണത്തിന് ഒരുക്കങ്ങൾ തുടങ്ങുമ്പോഴാണ് പുതിയ പ്രശ്നങ്ങൾ സെബാനെ അലട്ടാൻ തുടങ്ങുന്നത്. സെബാന്റെ മാനസിക സംഘർഷങ്ങളിലൂടെയാണ് പിന്നീട് ഈ ചിത്രം മുന്നോട്ട് പോകുന്നത്.

asif-honee-bee

വേഗതയോട് കൂടിയ കഥാഗതിയായിരുന്നു ഹണി ബീ ആദ്യ ഭാഗത്തിന്റെ പ്രത്യേകത. ആദ്യ ഭാഗം സൗഹൃദത്തിന്റെ പുതുമയാർന്ന ആവിഷ്കാരമായിരുന്നെങ്കിൽ ഇവിടെ വിവാഹത്തിലാണ് സംവിധായകൻ ശ്രദ്ധപതിപ്പിച്ചത്. ഒരു കല്യാണ വീട്ടില്‍ സാധാരണയായി കണ്ടുവരാറുള്ള കൊച്ചുകൊച്ചു വഴക്കുകളും പാർട്ടിയും ആഘോഷവുമൊക്കെ രസകരമായി തന്നെ ദൃശ്യവത്കരിച്ചിരിക്കുന്നു. തമാശയും സൗഹൃദവുമൊക്കെ ഇടയ്ക്കിടെ വന്നുപോകുന്നുവെങ്കിലും കഥയിലെ കെട്ടുറപ്പില്ലായ്മ സിനിമയുടെ ആകെ രസം കളയുന്നു. കഥയില്ലായ്മ ചിത്രത്തിന്റെ വലിയൊരു പോരായ്മയാണ്. ആവശ്യമില്ലാത്ത വലിച്ചു നീട്ടലുകൾ പ്രേക്ഷകനെ അലോസരപ്പെടുത്തും. 

ഇന്നത്തെ തലമുറയ്ക്ക് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും പക്വതയുമില്ലെന്ന് സംവിധായകൻ ചിത്രത്തിലൂടെ വാദിക്കുന്നു. മദ്യപാനം, പുകവലി, ദ്വയാർത്ഥപ്രയോഗങ്ങള്‍ എന്നിവ മുറപോലെ ചിത്രത്തിൽ ഉണ്ട്. തമാശകൾ ഇടയ്ക്കിടെ ഉണ്ടെങ്കിലും കഥ പലപ്പോഴും കൈവിട്ടു പോകുന്നു. 

ജീന്‍പോള്‍ ലാല്‍ തന്നെയാണ് കഥയും തിരക്കഥയും സംവിധാനവും. ഒരു സിനിമയുടെ രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ ആദ്യഭാഗത്തിനൊപ്പം തന്നെ നിൽക്കുന്നൊരു കഥയാണ് ആവശ്യമായ ഘടകം. എന്നാൽ ഇവിടെ സെബാൻ എന്ന കഥാപാത്രത്തിലേക്ക് മാത്രമായി കഥ ഒതുങ്ങുന്നു. ആദ്യഭാഗത്തിലെ മിന്നും താരങ്ങളായ ഫെർണോ, ആംബ്രു, അബു എന്നീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകാതെ പോയതും പോരായ്മയായി. വിവാഹവീടുകളിലെ തയ്യാറെടുപ്പുകളും അലങ്കാരങ്ങളുമൊക്കെ സ്വഭാവികത നിലനിർത്തി ക്യാമറയിലാക്കാൻ ഛായാഗ്രാഹകൻ ആൽബിയ്ക്ക് സാധിച്ചു. ദീപക് ദേവിന്റെ സംഗീതവും പശ്ചാത്തലസംഗീതവും മികച്ചതായിരുന്നു. 

honee-bee-review-1

ഫെർണോയും ആംബ്രുവും അബുവുമായി ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവർ ഇത്തവണയും മിന്നിച്ചെന്ന് പറയാം. മൂവരും മികച്ച അഭിനയം കാഴ്ചവച്ചു. സെബാൻ ആയി ആസിഫ് അലി തരക്കേടില്ലാത്ത പ്രകടനമാണ് നടത്തിയത്. ഏയ്ഞ്ചലായി എത്തിയ ഭാവന അതിമനോഹരിയായിരുന്നു. ലാൽ, സുരേഷ് കൃഷ്ണ, ആസിം, അമിത് എന്നിവരെല്ലാം ഗംഭീരപ്രകടനം തന്നെ. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളെ അതേപടി നിലനിര്‍ത്തിയപ്പോള്‍ അര്‍ച്ചനാ കവിക്ക് പകരം ആര്യയും ലാലിന്റെ ഭാര്യയായി എത്തിയ പ്രവീണയ്ക്ക് പകരം കവിത നായരും എത്തുന്നു. ഗര്‍ഭിണിയുടെ വേഷത്തില്‍ കൃഷ്ണപ്രഭ എത്തുന്നു. ലെന, ശ്രീനിവാസൻ എന്നിവരാണ് പുതിയ ഭാഗത്തിലെ മറ്റുരണ്ടു പ്രധാനതാരങ്ങൾ. ജോയ് മാത്യു, പൊന്നമ്മ ബാബു, ഹരിശ്രീ അശോകന്‍, പ്രേം കുമാർ, അരുൺ തുടങ്ങിവരുടെ പുതിയ കഥാപാത്രങ്ങളും സിനിമയിലുണ്ട്. 

കാഴ്ചയിലുള്ള പൊലിമ ഉള്ളിൽ നിലനിർത്താൻ ചിത്രത്തിനായിട്ടില്ല. അത്യാവശ്യം ചിരിക്കുള്ള വകയൊക്കെയുള്ള ചിത്രം പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ഒന്നാണ്. ആദ്യ ഭാഗം മനസ്സിൽ വെച്ചുള്ള അമിതപ്രതീക്ഷകളില്ലാതെ കാണാൻ പോകാം ഇൗ ചിത്രം. 

Your Rating:
നിങ്ങൾക്കും റിവ്യൂ എഴുതാം