Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓമനക്കുട്ടന്റെ സാഹസികതകൾ; റിവ്യു

adventures-of-omanakuttan-review

രോഹിത് വി എസ് എന്ന നവാഗത സംവിധായകന്റെ മേൽനോട്ടത്തിൽ റൊമാന്റിക് കോമഡി ഫിലിം എന്ന ലേബലിലാണ് അഡ്വഞ്ചേർസ്‌ ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രം തിയറ്ററിലേക്ക് എത്തിയത്. എന്നാൽ ‌പറയുന്നപോലെ സാധാരണ റൊമാന്റിക് കോമഡി മൂവിപോലെ റൊമാൻസിന്റെയോ കോമഡിയുടെയോ അതി ഭാവുകത്വം ഈ ചിത്രത്തിനില്ല. റൊമാൻസും കോമഡിയും ആവശ്യത്തിന് ചേർത്ത്, ഓമനക്കുട്ടൻ എന്ന ടിപ്പിക്കൽ കഥാപാത്രത്തിന്റെ സാഹസിക കഥകൾ പറയുന്ന കോമഡി ത്രില്ലറാണ് ഈ ചിത്രം.

'ക്ലിന്റോണിക്ക' ഹെയർ ഓയിൽ എന്ന കമ്പനിയിലെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആണ് ഓമനക്കുട്ടൻ (ആസിഫ് അലി) . എന്നാൽ സാധാരണ എക്സിക്യൂട്ടീവ് ആളുകളെ പോലെ വളരെ സ്മാർട്ടോ സുന്ദരനോ അല്ല. എല്ലാത്തിനോടും ഭയമുള്ളതും ആത്മധൈര്യം ഇല്ലാത്തതുമായ ഒരു കഥാപാത്രമാണ്. പക്ഷെ ക്ലിന്റോണിക്കയിലെ നമ്പർ വൺ തൊഴിലാളിയാണ് കക്ഷി. ഇതുതന്നെയാണ് കഥാപാത്രത്തിന് ട്വിസ്റ്റും. 

കസ്റ്റമേഴ്സിനോട് ഫോണിലൂടെ പല പേരുകളിൽ പരിചയപ്പെടുത്തുന്ന ഓമനക്കുട്ടൻ, സ്ത്രീ സ്നേഹത്തിനായി ഫോണിലൂടെ പല പെണ്ണുങ്ങളെയും അവരുടെ വീക്ക്നെസ് അനുസരിച്ച് പലപേരുകളിൽ പരിചയപ്പെടുന്നു. ഒടുവിൽ ഒരു അപകടത്തിലൂടെ സ്വന്തം പേരുപോലും ഓമനക്കുട്ടൻ മറന്നു പോകുന്നിടത്ത് നിന്നാണ് കഥ രസകരമാകുന്നത്. രണ്ടാം പകുതി പ്രേക്ഷകരിൽ കൂടുതൽ ആകാംക്ഷ ജനിപ്പിക്കുന്നു.

adventures-of-omanakuttan-review-5

താൻ ആരാണെന്ന് കണ്ടുപിടിക്കാൻ ഓമനക്കുട്ടൻ നടത്തുന്ന പെടാപ്പാടാണ് പിന്നീട് സിനിമ പറയുന്നത്. വലുതല്ലെങ്കിലും രസകരമായ ട്വിസ്റ്റും സസ്പെൻസുമൊക്കെ സിനിമയിലുണ്ട്. പൂർണമായും ഒരു കോമഡി എന്റർടെയ്നറായല്ല ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും ബോറടിക്കാതെ കാണാൻ പറ്റുന്ന അവതരണശൈലിയാണ് സിനിമയുടേത്. അരുൺ വിന്‍സന്റ്, ഡോൺ എന്നിവരുടെ സംഗീതം ശ്രദ്ധേയമാണ്. പ്രത്യേകിച്ച് പശ്ചാത്തലസംഗീതം. വ്യത്യസ്ത രീതിയിലുള്ള സംഗീതാവതരണം സിനിമയുടെ മൂഡിനൊപ്പം പ്രേക്ഷകരെ കൊണ്ടുപോകുന്നു.

ആസിഫ് അലി ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ വ്യത്യസ്ത അഭിനയശൈലിയുള്ള കഥാപാത്രമാണ് ഓമനക്കുട്ടൻ. ആ കഥാപാത്രത്തോട് പൂർണമായും നീതിപുലർത്താൻ ആസിഫിന് സാധിച്ചു. ആദ്യ ഭാഗത്തെ ഓമനക്കുട്ടനായി എത്തിയ ആസിഫിന്റെ അഭിനയം ഗംഭീരമാണെന്ന് പറയാം.  പാരാസൈക്കൊളജി ഗവേഷകയായി എത്തിയ ഭാവനയും അഭിനയത്തിൽ മികവുപുലർത്തി. സെയിൽസ് എക്സിക്യൂട്ടീവുകളുടെ സ്ഥിരം നമ്പറുകളുമായി സൈജു കുറുപ്പും, പൊലീസ് ഓഫിസറായി കലാഭവൻ ഷാജോണും കലക്കിയെന്ന് പറയാം. അജു വർഗീസ്, സിദ്ദിഖ്, ശ്രിന്ത എന്നിവരും തങ്ങളുടെ ഭാഗങ്ങൾ ഗംഭീരമാക്കി.

adventures-of-omanakuttan-review-2

ഒരു നവാഗത സംവിധായകന്റെ ആദ്യ സിനിമയെന്ന രീതിയിൽ തള്ളാൻ കഴിയില്ല ഈ ചിത്രത്തെ. പ്രമേയത്തിലും അവതരണശൈലിയിലും വ്യത്യസ്തത കൊണ്ടുവരാൻ രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്.  എന്നാൽ കന്നഡ ഭാഷ ഉപയോഗിക്കുന്നിടങ്ങളിൽ മലയാളം സബ് ടൈറ്റിൽ ഇല്ലാത്തത് ചില പ്രേക്ഷകരെ എങ്കിലും വലയ്ക്കും. 

വ്യത്യസ്തകൾ ഇഷ്പ്പെടുന്ന ആസ്വാദകരെ പുതുമയുടെ ലോകത്തേക്കാണ് ഓമനക്കുട്ടൻ കൂട്ടിക്കൊണ്ടു പോകുക. അമിത പ്രതീക്ഷയില്ലാതെ പോയാൽ പ്രേക്ഷകനെ തൃപ്തിപ്പെടുന്ന കോമഡി റൊമാന്റിക് എന്റർടെയ്നറാണ് അഡ്വഞ്ചേർ‌സ് ഓഫ് ഓമനക്കുട്ടൻ.