Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിയും സസ്പെൻസുമൊരുക്കി റോൾ മോഡൽസ്; റിവ്യു

role-models

യന്ത്രം പോലെ ജീവിക്കുന്ന ചെറുപ്പക്കാരനാണ് ഗൗതം. ആരോടൊക്കെയോ ഉള്ള വാശി തീർക്കാനായി അയാൾ ഇപ്പോഴും ജോലിയോടൊപ്പം പഠിച്ചു  കൊണ്ടിരിക്കുകയാണ്. അമിത അച്ചടക്കവും ആരോഗ്യ ബോധവും ഒക്കെക്കൂടി തലയിൽ ചക്ക വീണ പോലെയുള്ള ലക്കില്ലാത്ത ജീവിതം. 

പക്ഷേ അയാൾക്കൊരു ഭൂതകാലമുണ്ട്... തമാശകൾ പറഞ്ഞിരുന്ന, ഉറക്കെ ചിരിച്ചിരുന്ന, പ്രണയിച്ചിരുന്ന, കൂട്ടുകാരോടൊപ്പം അടിച്ചു പൊളിച്ചു മുന്നേറിയിരുന്ന ഒരു കോളജ് കാലം...

role-models-theru-there-songs

ഗൗതമിന്റെ (വഷളാക്കി) നന്നാക്കാനായി പഴയ തല്ലിപ്പൊളി കോളജ് സുഹൃത്തുകൾക്ക് മാതാപിതാക്കൾ ക്വട്ടേഷൻ നൽകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. എന്ത് അനീതി കണ്ടാലും പ്രതികരിച്ചിരുന്ന ചോരത്തിളപ്പുള്ള ഗൗതം എങ്ങനെ മൗനിയായിപ്പോയി എന്നതാണ് ചിത്രത്തിന്റെ സസ്പെൻസ്. അതിനുള്ള പ്രതിവിധിയിലേക്കുള്ള യാത്രയാണ് തുടർന്നുള്ള ഭാഗങ്ങൾ.

ചിരിയുണർത്തുന്ന ഒരു ചെറുചിത്രമാണ് റോൾമോഡൽസ്. ചിരിക്കൊപ്പം ചെറുചിന്തകളും സംവദിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.

സ്വകാര്യ പ്രൊഫഷണൽ കോളജുകളിലെ വിദ്യാർത്ഥികൾ നേരിടുന്ന അടിച്ചമർത്തലുകളും അനീതികളും ആദ്യപകുതിയിൽ പരാമർശവിധേയമാകുന്നു. ഒന്നാം പകുതി വരെ നർമരസപ്രധാനമായി നീങ്ങുന്ന ചിത്രം രണ്ടാം പകുതിയിൽ  അല്പം ത്രില്ലർസ്വഭാവത്തിലേക്ക് ഗിയർ മാറ്റാൻ ശ്രമിക്കുന്നുണ്ട്.

വിനായകൻ‍, ഷറഫുദ്ദീൻ‍, വിനയ്‌ഫോര്‍ട്ട് എന്നിവർക്കാണ് ചിരിപ്പിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. രഞ്ജി പണിക്കർ‍, സീത, സിദ്ദിഖ്, റാഫി, അശ്വതി തുടങ്ങിയ താരങ്ങളും വേഷം ഭദ്രമാക്കി. ഫഹദ് അനായാസമായ അഭിനയം കാഴ്ച വച്ചിരിക്കുന്നു. ചിലപ്പോഴെങ്കിലും 'നോർത്ത് 24 കാതത്തി'ലെ നായകകഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന മാനറിസങ്ങൾ ഫഹദിൽ കാണാം. അമർ അക്ബർ അന്തോണിയിലെ സഹഎഴുത്തുകാരനായ ബിബിൻ ജോർജിന്റെ വില്ലൻ വേഷം എടുത്തുപറയണം. നമിത പ്രമോദിന്റെ വേറിട്ട ഗെറ്റപ്പുകളും ശ്രദ്ധേയമാണ്.

ഗാനങ്ങൾ ആഘോഷത്തിന്റെ നിറഭേദങ്ങൾക്കനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നു 'തേച്ചില്ലേ പെണ്ണെ' എന്ന പാട്ട് ഇപ്പോൾത്തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. ഗോവയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും അരങ്ങേറുന്നത്. ഗോവയുടെ ദൃശ്യഭംഗിയും ഫ്രയിമുകളിൽ മിന്നിമറയുന്നു.  

19  വർഷം മുൻപ് റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ വിരിഞ്ഞ, ഇപ്പോഴും ആസ്വാദകർക്ക് ചിരിപ്പൂരമൊരുക്കുന്ന പഞ്ചാബി ഹൗസിലെ രമണന് തുടർച്ച നൽകുന്നുണ്ട് റാഫി റോൾ മോഡൽസിലൂടെ. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ഹരിശ്രീ അശോകന്റെ രമണനും ബോട്ടും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. പഞ്ചാബി ഹൗസിൽ  മുതലാളിയെ അവതരിപ്പിച്ച യശ്ശശരീരനായ കൊച്ചിൻ ഹനീഫയ്ക്ക് സ്മരണാഞ്ജലിയും അർപ്പിക്കുന്നു ചിത്രം. സമൂഹമാധ്യമങ്ങളിലെ ട്രോൾ പേജുകളിലൂടെ നായകപരിവേഷത്തിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് ഈ സാധ്യത തിരിച്ചറിഞ്ഞു കൊണ്ട് രമണന് അഭ്രപാളിയിലേക്ക് സംവിധായകൻ വീണ്ടും എൻട്രി നൽകുന്നത്. 

അവസാനം ഗൗതമിന്റെ പ്രശ്നങ്ങൾ അവസാനിക്കുമോ ഇല്ലയോ എന്നിടത്താണ് ചിത്രം കഥപറഞ്ഞു അവസാനിപ്പിക്കുന്നത്. നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഓരോരുത്തരും നമ്മളെ അറിയാതെ സ്വാധീനിക്കുന്ന ഓർമ്മകൾ ബാക്കിവച്ചാണ് പോകുന്നത് എന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു. ചുരുക്കത്തിൽ ഒരുതവണ ആസ്വദിച്ചു കണ്ടുമറക്കാവുന്ന ഒരു എന്റർടെയിനറാണ് റോൾമോഡൽസ്.

നിങ്ങൾക്കും റിവ്യൂ എഴുതാം