Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂജെൻ സ്മാർട് സ്പൈഡർമാൻ; റിവ്യു

spiderman-home-coming

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരനാണ് സ്പൈഡർമാൻ. ഈ ജനപ്രിയതയാണ് വീണ്ടും റീബൂട്ട് ചിത്രങ്ങൾക്ക് ഹോളിവുഡിനെ പ്രേരിപ്പിക്കുന്നത്. ഈ ശ്രേണിയിലെ പുതിയ അതിഥിയാണ് സ്‌പൈഡർമാൻ ഹോം കമിങ്. 

2012 ലിറങ്ങിയ അവെഞ്ചേഴ്‌സ് എന്ന ചിത്രത്തിന് സമാന്തരമായി ആരംഭിക്കുന്ന കഥാഗതിയാണ് സ്‌പൈഡർമാൻ ഹോം കമിങ്ങിന്റേത്. ഇത് 2015 ലിറങ്ങിയ ഏജ് ഓഫ് അൽട്രോണും കടന്നു 2016 ലിറങ്ങിയ ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിൽ കൂട്ടിമുട്ടുന്നു. ഈ ചിത്രത്തിൽ സ്‌പൈഡർമാൻ അതിഥിവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സിവിൽ വാറിന്റെ തുടർച്ചയായാണ് ഹോം കമിങ്ങിന്റെ കഥ വികസിക്കുന്നത്. ജോൺ വാട്സാണ് ചിത്രത്തിന്റെ സംവിധാനം. 

സിവിൽ വാറിലെ സംഭവങ്ങൾക്കു ശേഷം പീറ്ററിന്റെ രക്ഷാകർതൃത്വം ടോണി (അയൺമാൻ) സ്റ്റാർക്ക് ഏറ്റെടുക്കുന്നു. ടെക്നോളജിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്ന അയൺമാൻ സ്യൂട്ടിന്റെ ചെറുപതിപ്പ് ടോണി പീറ്ററിന്‌ നൽകുന്നു. എന്നാൽ ടോണിയുടെ അമിത നിയന്ത്രണവും നിർദേശങ്ങളും പീറ്ററിനെ വീർപ്പുമുട്ടിക്കുന്നു. ടോണിയുടെ നിർദേശങ്ങൾ അവഗണിച്ച് സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയും എടുത്തു ചാട്ടവും മൂലം പീറ്റർ ഇടപെടുന്നതെല്ലാം അബദ്ധങ്ങളിലാണ് അവസാനിക്കുന്നത്. എങ്കിലും സ്പൈഡർമാൻ ആപത്തിലകപ്പെടുമ്പോഴൊക്കെ അയൺമാൻ രക്ഷകനായെത്തുന്നു.

സമൂഹത്തിൽ മാന്യമായ കുടുംബജീവിതവും രഹസ്യമായി വില്ലൻ വേഷവും കൈകാര്യം ചെയ്യുന്ന വൾച്ചറിന്റെയും സ്പൈഡർമാന്റെയും വഴികൾ കൂട്ടിമുട്ടുന്നതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് തുടർന്നുള്ള പ്രമേയം.  

കൗമാരത്തിന്റെ അപക്വതകളും വൺസൈഡ് പ്രേമവും സ്വത്വപ്രതിസന്ധിയും അലട്ടുന്ന പീറ്ററിനെ ടോം ഹോളണ്ട് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അതിഥി വേഷത്തിലെങ്കിലും ചിത്രത്തെ സജീവമാക്കി നിർത്തുന്നത് പതിവ് അലസസുന്ദര ശൈലിയിലുള്ള റോബർട് ഡൗണി ജൂനിയറിന്റെ (ടോണി സ്റ്റാർക്) പ്രകടനമാണ്. എന്നിരുന്നാലും അതിഭാവുകത്വമില്ലാത്ത അഭിനയം കൊണ്ട് ഇരുവരെയും കവച്ചുവയ്ക്കുന്നുണ്ട് മൈക്കൽ കീറ്റൺ അവതരിപ്പിക്കുന്ന വൾച്ചർ എന്ന വില്ലൻ കഥാപാത്രം. 

മാർവൽ ചിത്രങ്ങളിൽ ലോകത്തെ നശിപ്പിക്കാനെത്തുന്ന പതിവ് അമാനുഷിക വില്ലൻ കഥാപാത്രങ്ങളിൽനിന്നു വിഭിന്നമായി മാന്യമായ സാമൂഹികജീവിതം നയിക്കുന്ന വില്ലനാണ് ചിത്രത്തിൽ. വ്യവസ്ഥിതിയോടുള്ള പ്രതിഷേധമാണ് അയാളെ വില്ലനാക്കുന്നത്. ക്യാപ്റ്റൻ അമേരിക്ക അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പതിവു കാമിയോ വേഷത്തിൽ മാർവലിന്റെ സ്രഷ്ടാവ് സ്റ്റാൻലീയും എത്തുന്നു. 

അവതരണത്തിലെ പുതുമകൾ ചിത്രത്തിൽ കാണാൻ കഴിയും. പീറ്ററിന്റെ വിഡിയോ ക്യാമറയിലെടുത്ത ദൃശ്യങ്ങളിലൂടെ ഫ്ലാഷ്ബാക് ദൃശ്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. മുൻ മാർവൽ ചിത്രം ഡോക്ടർ സ്‌ട്രേഞ്ചിലടക്കം സംഗീതം നൽകിയ മൈക്കൽ ഗിയച്ചിനോയുടെ പശ്ചാത്തലസംഗീതമികവ് ചിത്രത്തിന് മാറ്റുകൂട്ടുന്നു. 2019 ൽ ഇറങ്ങുന്ന അടുത്ത ഭാഗത്തിലേക്ക് വഴിമരുന്നിട്ടാണ് ചിത്രം അവസാനിക്കുന്നത്. സമാന്തരമായി ഒഴുകിയിരുന്ന രണ്ടു വൻപുഴകൾ (ഡിസി, മാർവൽ) സംഗമിക്കുമ്പോൾ ചിത്രം മാർവൽ ആരാധകരെ നിരാശപ്പെടുത്താനിടയില്ല.