Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൺകിർക്; ഇതൊരു ഇതിഹാസം; റിവ്യു

dunkirk-review

കേൾക്കുമ്പോൾത്തന്നെ കൗതുകവും അത്ഭുതവും തോന്നുന്ന പ്രമേയങ്ങൾ. ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ആശങ്കകളുമൊക്കെയായാകും ക്രിസ്റ്റഫർ നൊലാൻ ചിത്രങ്ങൾ അവസാനിക്കുക. എന്നാല്‍ ഒരു യുദ്ധസിനിമ അദ്ദേഹം തിരഞ്ഞെടുക്കുന്നു എന്നറിഞ്ഞപ്പോൾമുതൽ കാത്തിരിക്കുകയായിരുന്നു, അതെങ്ങനെ ദൃശ്യവത്കരിക്കുമെന്നറിയാൻ. 

ആ പ്രതീക്ഷ തെറ്റിയില്ല... ഒറ്റവാക്യത്തിൽ പറഞ്ഞാൽ ഡൺകിർക് ഒരു ഇതിഹാസ ചിത്രമാണ്. യുദ്ധത്തിന്റെ തീക്ഷ്ണതയെ സിനിമയെന്ന മാധ്യമത്തിൽ നിന്നുകൊണ്ട് എത്രമാത്രം സത്യസന്ധമായി അവതരിപ്പിക്കാമെന്നു നൊലാൻ കാലത്തിനു കാണിച്ചു തരുന്നു. സമയകാലങ്ങൾക്കകത്തേക്കും പുറത്തേക്കുമുള്ള മനുഷ്യന്റെ യാത്ര (ടൈം ട്രാവൽ) പ്രമേയമാക്കിയ ഇന്റർസ്റ്റെല്ലാറിനു േശഷം മറ്റൊരു മഹാത്ഭുതവുമായാണ് നൊലാൻ എത്തിയിരിക്കുന്നത് – ഡൺകിർക്.

dunkirk-review-1

1940 ലെ രണ്ടാം ലോക മഹായുദ്ധമാണ് സിനിമയുടെ പശ്ചാത്തലം. യുദ്ധം നടന്ന ഫ്രാൻസിലെ കടൽത്തീര പട്ടണമാണ് ഡൺകിർക്. ജർമൻ സൈന്യം അവിടേക്ക് ഇരച്ചു കയറിയതോടെ യുദ്ധമുഖത്ത് ഒറ്റപ്പെട്ടത് സഖ്യസേനയുടെ നാലു ലക്ഷം പട്ടാളക്കാർ. ഡൺകിർക് തീരത്ത് ജര്‍മന്‍ സൈന്യത്താല്‍ വളയപ്പെട്ട്, ഒന്നുകില്‍ കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക എന്ന അവസ്ഥയില്‍ എത്തിയ സൈനികർ. ശ്വാസനിശ്വാസം പോലും കരുതലോടെ ചെയ്യണം. 

ബോംബു വര്‍ഷത്തിൽ കലങ്ങിമറിഞ്ഞ അന്തരീക്ഷം. ചുറ്റുമുള്ളത് ചീറിപ്പായുന്ന വെടിയുണ്ടകൾ മാത്രം. ഇവർ എങ്ങനെയാണ് രക്ഷപ്പെടുക. അതാണ് നോലന്റെ ചിത്രം പറയുന്നത്. ഒരു അതിജീവന കഥയെ ഒരു കെട്ടുകഥയുടേയും അകമ്പടിയില്ലാതെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനാകുമോ എന്നു തന്നെ സംശയം. 

(മൂന്ന് ലക്ഷത്തോളം വരുന്ന ബ്രിട്ടിഷ്, ബെൽജിയം, കനേഡിയൻ, ഫ്രഞ്ച് ,ഡച് , പോളിഷ് സൈനികരെ ഡൺകെർക്കിൽ നിന്ന് കടൽ മാർഗം ബ്രിട്ടീഷ് ആർമി അതിസാഹസികമായി രക്ഷപ്പെടുത്തിയ ചരിത്രമാണ് ‘ഡണ്‍കിർക് ഒഴിപ്പിക്കൽ‍' എന്ന് അറിയപ്പെടുന്നത്.) 

DUNKIRK - OFFICIAL MAIN TRAILER [HD]

ഒരു വെടിയുണ്ട പാഞ്ഞുവരുമ്പോൾ നെഞ്ചിലോ നെറ്റിയിലോ തുളച്ചുകയറില്ലെന്ന ഉറപ്പില്‍ സ്വന്തം വീട് തേടിയുള്ള ഓട്ടത്തിലാണ് അവർ. മരണത്തെ മുഖാമുഖം കണ്ട് ചെകുത്താനും കടലിനും ഇടയിൽ അകപ്പെട്ടുപോയ സൈനികരുടെ അതിജീവനം ഇതിൽക്കൂടുതൽ പച്ചയായി അവതരിപ്പിക്കാൻ കഴിയുമോ എന്ന് സംശയം. 

കരയിലും കടലിലും ആകാശത്തുമായി മൂന്നുസമയത്ത് നടക്കുന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്. (സമയവ്യത്യാസം ഇങ്ങനെ: കരയിൽ–ഒരാഴ്ച, കടലിൽ –ഒരു ദിവസം, ആകാശത്ത്–ഒരു മണിക്കൂര്‍) എന്നാൽ അവസാനം ഈ മൂന്നുകഥാതന്തുക്കളും ക്ലൈമാക്സിൽ ഒന്നിക്കുന്നു. കഥയെ കൂടുതൽ വേഗത്തിലാക്കാനും ആവേശത്തിലാക്കാനുമാണ് നൊലാൻ നോൺലീനിയർ സ്വഭാവം സിനിമയില്‍ കൊണ്ടുവന്നിരിക്കുന്നത്.

ഇതൊരു സംഭവകഥയാണ്. ചരിത്രത്തിൽ വ്യക്തമായ രേഖപ്പെടുത്തലുകളുള്ളത്. ആദിമധ്യാന്തം ലോകത്തിന് അറിവുള്ളത്. അങ്ങനെയൊരു പ്രമേയത്തെ ഇന്നോളം കണ്ടിട്ടില്ലാത്ത ആവിഷ്കാര രീതിയിലൂടെ അവതരിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്.  അവിസ്മരണീയമായി ആ വെല്ലുവിളിയെ സംവിധായകൻ അതിജീവിക്കുന്നു.

dunkirk-4

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ എടുത്തുനോക്കിയാൽ സേവിങ് ദ് പ്രൈവറ്റ് റ്യാൻ, ലെറ്റേഴ്സ് ഓഫ് ഇവോ ജിമ, തിൻ റെഡ് ലൈൻ എന്നിവയാണ് മുൻനിരയില്‍ നിൽക്കുന്ന യുദ്ധസിനിമകൾ. നമ്മൾ കണ്ടുമറന്ന യുദ്ധസിനിമകളുമായി ഒരു രീതിയിലും ഡൺകിർകിനെ താരതമ്യപ്പെടുത്താനാകില്ല. 

അതിഭീകരമായ വയലൻസ് രംഗങ്ങളോ വെടിവയ്പോ ഒന്നും തന്നെ സിനിമയിലില്ല, അവിടെയാണ് നൊലാന്‍ എന്ന സംവിധായകൻ വ്യത്യസ്തനാകുന്നത്. സംഭാഷണങ്ങളെക്കാൾ വികാരതീവ്രതയ്ക്കാണ് പ്രാധാന്യം. യുദ്ധത്തിന്റെ രാഷ്ട്രീയത്തിലേക്കോ ചോരക്കളങ്ങളിലേക്കോ നൊലാൻ കടക്കുന്നില്ല, യഥാർഥ സംഭവത്തോടു തികച്ചും നീതി പുലർത്തിയാണ് അദ്ദേഹം ഡണ്‍കിർക് ഒരുക്കിയിരിക്കുന്നത്.  ഐതിഹാസികമായ കുടിയൊഴിപ്പിക്കലും പലായനവും അതിജീവനത്തിന്റെ അതിസങ്കീർണതയുമാണ് സിനിമ പറയുന്നത്. 

dunkirk-teaser

ഡിസൈൻസ്, സെറ്റ്, വിഷ്വൽ ഇഫക്റ്റ്സ്, പശ്ചാത്തലസംഗീതം ഇവയെല്ലാം സിനിമയെ വേറിട്ടുനിർത്തുന്ന ഘടകങ്ങളാണ്. എടുത്തുപറയേണ്ടത് ഹാൻസ് സിമ്മറെന്ന അതുല്യ സംഗീതജ്ഞന്റെ കഴിവുതന്നെ. സിനിമയോട് ഏറ്റവും ഇഴചേർന്നു നിൽക്കുന്ന പശ്ചാത്തലസംഗീതം പ്രേക്ഷകനെ വേറൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ചിത്രത്തിലെ ഓരോ ഷോട്ടും സ്വീകൻസും അർഥപൂർണ്ണമാകുന്നത് ഈ സംഗീതത്തിന്റെ കൂടി പിൻബലത്തിലാണ്. ഓരോ സീനിനും ഓരോ അർഥതലങ്ങൾ. 

ക്രിസ്റ്റഫർ നൊലാന്റെ തിരക്കഥയിലൊരുങ്ങിയ ആദ്യ സിനിമ. 107 മിനിറ്റാണ് ദൈർഘ്യം (ദൈർഘ്യം കുറഞ്ഞ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം.) വിഷ്വൽസിലൂടെയാണ് കഥ പറച്ചിൽ. ഒരു കഥാപാത്രത്തിലും ഊന്നിയല്ല സിനിമ മുന്നോട്ടു പോകുന്നത്. കഥാപാത്രങ്ങൾക്കു പറയാന്‍ ഫ്ലാഷ്ബാക്കോ പ്രണയമോ ഇല്ല. ഡണ്‍കിർക് സംഭവത്തെ ആധാരമാക്കി ഇതിന് മുമ്പ് പല സിനിമകളും വന്നിട്ടുണ്ട്. അതിൽ ഏറ്റവും മികച്ചതെന്ന് പറയനാകുക ജോ വൈറ്റ് സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ അറ്റോൺമെന്റ് എന്ന സിനിമയാണ്. എന്നാൽ നൊലാന്റെ ഡൺകിർകിനെ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാക്കുന്നത് അതിന്റെ ട്രീറ്റ്മെന്റ് തന്നെയാണ്. സിനിമ തുടങ്ങി ഒരു മിനിറ്റിനുള്ളിൽ നിങ്ങൾ പറയും, ‘ഇത് സംഭവം വേറെയാണ്’ എന്ന്.

മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന മനുഷ്യന്റെ ഭയവും ആശങ്കയും പ്രതീക്ഷകളും അത്രമേൽ തന്മയത്വത്തോടെയാണ് ഓരോ കഥാപാത്രവും അവതരിപ്പിക്കുന്നത്. കാഴ്ചക്കാരനും അഭിനേതാവായി മാറിപ്പോകുന്ന അവസ്ഥ. റോയൽ എയർഫോഴ്സ് പൈലറ്റായി വരുന്ന ടോം ഹാർഡി, ബോട്ടുടമയായി വരുന്ന മാർക് റൈലൻസ്, സൈനികനായി വരുന്ന കിലിയൻ മർഫി, പുതുമുഖം ഫിയോണ്‍ വൈറ്റ്ഹെഡ് എന്നിവരാണ് പ്രധാനതാരങ്ങൾ. 

dunkirk-review-2

ഹൊയ്റ്റെ ഫാന്‍ ഹൊയ്റ്റെമയുടെ ഛായാഗ്രാഹണം അത്ഭുതം എന്നേ പറയാനാകൂ. ശ്വാസമടക്കിപ്പിടിച്ചുകാണാവുന്ന ചില രംഗങ്ങൾ, അതെങ്ങനെ ഷൂട്ട് ചെയ്തെന്നുപോലും പറയാനാകില്ല. പ്രത്യേകിച്ചും കടലിലെയും ആകാശത്തെയും കാഴ്ചകള്‍. സൈനികർ കടന്നുപോകുന്ന വാക്കുകൾക്കതീതമായ വികാരവിക്ഷോഭങ്ങളെ കൃത്യമായി ഒപ്പിയെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇന്റർസ്റ്റെല്ലാറിന് ക്യാമറ ചലിപ്പിച്ചതും ഹൊയ്തെ തന്നെയാണ്.  65 എംഎം ക്യാമറകളും ഐമാക്സ് ഫിലിം ക്യാമറകളുമാണ് നോലന്‍ ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ക്രിസ്റ്റഫർ നൊലാന്റെ ഏറ്റവും മികച്ച ചിത്രം ഇതാണോ എന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല, ഒരു കാര്യം പറയാം, ‘ഡൺകിർക്’ അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ആണ്’

നിങ്ങൾക്കും റിവ്യൂ എഴുതാം