Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിന്നാമിനുങ്ങ്‌: കാണാതെ പോയ നന്മയുടെ ഇത്തിരിവെട്ടം

minnaminung

ആരുടെയൊക്കെയോ തിരഞ്ഞെടുപ്പാണ് സിനിമയിലൂടെ പ്രേക്ഷകരായ നമ്മള്‍ കാണുന്ന കാഴ്ചകളും മുഖങ്ങളും. അതിനിടയില്‍ നമ്മള്‍ കാണേണ്ട, സത്യസന്ധമായി നമ്മുടെ കാഴ്ച കടന്നു ചെല്ലേണ്ട ഇടങ്ങള്‍ അപൂര്‍വമായേ കടന്നു വരാറുള്ളൂ. സിനിമാറ്റിക് ആയ കാഴ്ചകളുടെ, ശബ്ദങ്ങളുടെ ഭ്രമാത്മകമായ ലോകത്ത് ഒതുങ്ങാനാണ് നമുക്ക് ഇപ്പോഴും ഇഷ്ടം.

കാശു മുടക്കുമ്പോള്‍ ഗുണഭോക്താവിന് എന്തെങ്കിലും ലാഭം വേണ്ടേ എന്ന ചോദ്യമുണ്ട്. മിന്നാമിനുങ്ങ്‌ എന്ന ഈ സിനിമയിലും നമ്മുടെയെല്ലാം ജീവിതത്തിലും അതേ ചോദ്യമുണ്ട്. ശമ്പളം നല്‍കുന്നവന്‍, നിര്‍മാതാവ്, ഉപഭോക്താവ് എല്ലാവരും ഈ ചോദ്യത്തിന്റെ ഉത്തരം തേടുന്നവരാണ്. ഒന്നു മുടക്കിയാല്‍ പത്തായി കിട്ടണം എന്ന ഒറ്റ ലക്ഷ്യമാണ്‌. എന്നാല്‍ ആ ചോദ്യത്തിനു പുറത്ത് ജീവിക്കുന്നവരെക്കുറിച്ചാണ് മിന്നാമിനുങ്ങ്‌ എന്ന സിനിമ സംസാരിക്കുന്നത്. ജീവിതവും ആരോഗ്യവും സ്നേഹവും ആയുസ്സുമെല്ലാം മുതല്‍ മുടക്കുന്നവര്‍. ലാഭം പോയിട്ട് മുടക്കുമുതല്‍ പോലും തിരികെ ലഭിക്കാത്ത ഗുണഭോക്താക്കള്‍. എന്നിട്ടും വീണ്ടും മുതല്‍  മുടക്കാന്‍ തയാറായി നമുക്ക് അത്ഭുതമാകുന്നവര്‍.

Minnaminungu (The Firefly)

സുരഭി ലക്ഷ്മിയാണ് മിന്നാമിനുങ്ങിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പേരില്ലാത്ത, എന്നാല്‍ നമുക്കെല്ലാം കണ്ടുപരിചയമുള്ള ഒരു സ്ത്രീ. നഗരത്തിലെ എണ്ണമറ്റ ഫ്ലാറ്റുകളില്‍ വീട്ടുപണി ചെയ്യുന്ന, വലിയ വലിയ  ഓഫിസുകള്‍ വൃത്തിയാക്കുന്ന സ്ത്രീകളിലൊരാള്‍. മുതലാളിത്തത്തിന്റെ ഹുങ്കിന് ഇടയ്ക്കിടയ്ക്ക് ഇല്ലാത്ത കാരണങ്ങള്‍ കണ്ടെത്തി കുതിര കേറാന്‍ വേണ്ടി ശമ്പളം കൊടുത്ത് നിര്‍ത്തിയിരിക്കുന്നവര്‍. തുച്ഛമായ വരുമാനം കൊണ്ട്  നിരവധി അടിസ്ഥാന ആവശ്യങ്ങളെ കൂട്ടി മുട്ടിക്കാനുള്ള തിടുക്കവും വേഗവുമുണ്ടാവും അവരുടെ ചലനങ്ങളില്‍. പണക്കൊഴുപ്പിന്റെയും ആഡംബരത്തിന്റെയും മിനുസജീവിതങ്ങള്‍ക്കിടയില്‍ അവര്‍ വളരെ ‘റോ’ ആയ ഒരു സാന്നിധ്യമാകുന്നു. തിരക്കുകളില്‍ ഒഴുകുന്ന നഗരത്തിന്റെ വെളിച്ചം കുറഞ്ഞ ഇടങ്ങളിലൂടെ, ആളൊഴിഞ്ഞ തെരുവുകളിലൂടെ അവര്‍ പലപ്പോഴും നമ്മെക്കടന്നു തിരക്കിട്ടു പോകും. നമുക്കിടയി ല്‍എല്ലായിടത്തും, നമ്മള്‍ കണ്ടിട്ടും കാണാതെ അവരുണ്ടാകും. ‌

ഒരു പെണ്‍കുട്ടിയുടെ അമ്മയും വൃദ്ധനായ അച്ഛന്റെ മകളുമാണ് വിധവയായ ഈ സ്ത്രീ. മകളുടെ പഠനം, അവളുടെ ഭാവി, ഇതൊക്കെയല്ലാതെ മറ്റൊന്നും ചിന്തയിലില്ല. അവളുടെ ആവശ്യങ്ങള്‍ ഒന്നില്‍നിന്ന് ഒന്നിലേക്ക് എന്ന മട്ടില്‍ ലക്ഷ്യമാക്കി അവര്‍ ജീവിതം കണക്കുകൂട്ടുന്നു. ഉള്ള മണ്ണില്‍ കൃഷി ചെയ്യും, അച്ചാറും പലഹാരങ്ങളും ഉണ്ടാക്കി വില്‍ക്കും. വിയര്‍പ്പൊട്ടിയ കയ്യില്‍ ചുരുട്ടി വച്ച ചെറിയ നോട്ടുകളില്‍ നോക്കി അവര്‍ മകളെക്കുറിച്ച് സ്വപ്‌നങ്ങള്‍ കാണും. വളരെ ചെറുപ്പത്തിൽത്തന്നെ വിധവയായതാണ് അവര്‍. പക്ഷേ ശരീരം എന്ന വൈകാരിക അസ്തിത്വം പോലും താന്‍ ഓര്‍മിക്കാറില്ലെന്ന് അവര്‍ പറയുന്നിടത്ത്, ആ വാക്കുകളിലെ നിര്‍വികാരത നമ്മളെ ഞെട്ടിക്കും. അവരുടെ മനസ്സിന്‍റെ മരവിപ്പ്, ശരീരം ആഘോഷമാകുന്ന ഒരു വര്‍ത്തമാനകാലത്തിന്‍റെ കപടതയെ  തകര്‍ത്തെറിയുന്നുണ്ട്. ഐ ഫോണുകളെക്കുറിച്ചു ചര്‍ച്ചകള്‍ നടക്കുന്ന, തനിക്കു തന്ന ഓഫറിലെ ഡേറ്റ കുറഞ്ഞു പോയതിനെക്കുറിച്ച് കസ്റ്റമര്‍ ക്ഷുഭിതനാകുന്ന  അതേ ഓഫിസിനു പിന്നിലെ അടുക്കളയില്‍ മകള്‍ക്ക് ഹോസ്റ്റല്‍ ഫീസ്‌ അടയ്ക്കാന്‍ വഴി കാണാതെ വിഷമിക്കുന്ന ഈ അമ്മയെയും കാണാം.

minnaminung-5

ജി ബികളുടെ കണക്കുകള്‍ ഭരണനേട്ടമായി എണ്ണുന്ന ഒരു രാജ്യത്ത് സ്വന്തമായി ഫോണ്‍ പോലുമില്ലാത്തവരും ഇരുപതു രൂപയ്ക്ക് റീചാര്‍ജ് ചെയ്ത്, തീരുമെന്നു കരുതി പിശുക്കി വിളിക്കുന്ന കൂലിപ്പണിക്കാരുമൊക്കെ ശക്തമായ രാഷ്ട്രീയനിലപാടുകളായി മാറുന്നു. അപ്പോഴും അവര്‍ എക്സിസ്റ്റ് ചെയ്യുന്നുണ്ട്. പ്രതിരോധിക്കുന്നുണ്ട്. അതിജീവിക്കുന്നുണ്ട് എന്നത് അത്ഭുതവുമാകുന്നു.അവരുടെ ലോകത്ത് ജീവിതത്തിന്‍റെ തിരയിളക്കങ്ങളും സ്നേഹത്തിന്‍റെ നനവുമുണ്ട്. ഇല്ലായ്മകളിലും പരസ്പരം സഹായിക്കാനും സങ്കടങ്ങളില്‍ കൂട്ടുചേരാനുമുള്ള ആര്‍ദ്രതയുണ്ട്.

മാന്യതയുടെ മുഖമുള്ള വരേണ്യവര്‍ഗം പലപ്പോഴും പരതുന്നത് കീഴാളരുടെ ശരീരത്തിന്റെ സാധ്യതകളാണ്. അതുകൊണ്ടാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഡോക്ടര്‍ അവളെ ഒറ്റയ്ക്കു കിട്ടുമ്പോള്‍ തനിനിറം കാണിക്കുന്നത്. ഇത്തരം ജോലികള്‍ ചെയ്യുന്ന പാവപ്പെട്ട സ്ത്രീകളുടെ മടിക്കുത്ത് അഴിക്കാമെന്നത് മുതലാളിമാരുടെ ധാര്‍ഷ്ട്യമാണ്. അതേസമയം, ഒന്നുറക്കെ നിലവിളിച്ചിരുന്നെങ്കില്‍ എന്ന മട്ടിലുള്ള  ഭൂരിപക്ഷ പുരുഷമനശ്ശാസ്ത്രത്തിന്‍റെ മുനയൊടിക്കുന്ന മറ്റൊരു നല്ല പുരുഷകഥാപാത്രത്തെയും കാണാം..

സുരഭി എന്ന നടിയാണ് അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തിയത്. കോളേജ് വിദ്യാർഥിനിയായ ഒരു പെണ്‍കുട്ടിയുടെ അമ്മയായുള്ള സുരഭിയുടെ വേഷപ്പകര്‍ച്ചയും ഭാവപ്പകര്‍ച്ചയും അത്ഭുതപ്പെടുത്തും. പ്രതീക്ഷയുടെ തെളിച്ചം, മകളോടുള്ള സ്നേഹത്തിന്‍റെ സന്തോഷം, അലച്ചിലുകള്‍ എല്ലാം സുരഭിയിലൂടെ വളരെ റിയലിസ്റ്റിക് ആയി കടന്നുപോയി. അലറിക്കരച്ചിലോ മെലോഡ്രാമയോ നെടുനീളന്‍ ഡയലോഗുകളോ ഇല്ലാതെ, വെളിച്ചം കുത്തുന്ന നഗരവേഗങ്ങളില്‍ അവര്‍ തന്‍റെ സങ്കടങ്ങളേയും തന്നേത്തന്നെയും ഒഴുക്കിക്കളയുന്നു.

minnaminung-2

ഒടുവില്‍ മകള്‍ യാത്ര പറയുന്ന സമയത്ത് വരണ്ട കണ്ണുകളോടെ നിര്‍വികാരയായി നിന്ന്, സങ്കടത്തിന്റെ കൊടുമുടിയില്‍ മനുഷ്യര്‍ക്ക് കണ്ണുനീര്‍ പോലും ഇല്ലാതാവുന്നു എന്നു പറയാതെ പറഞ്ഞ്, ഒരു കലാകാരി എന്ന നിലയില്‍ സുരഭി മികവും തികവും തെളിയിക്കുന്നു. സഹതാരങ്ങള്‍ എല്ലാവരും മികവു പുലർത്തി. സാങ്കേതികമായ അന്വേഷണങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന രീതിയിലാണ് കഥാപാത്രങ്ങൾ സ്വാഭാവിക അഭിനയം കാഴ്ച വച്ചത്. സംവിധായകൻ അനിൽ തോമസിനും ടീമിനും അഭിനന്ദനങ്ങള്‍.

തിയറ്ററില്‍ നിന്നിറങ്ങുമ്പോള്‍ കരച്ചില്‍ വന്നടഞ്ഞ തൊണ്ടയും നിറഞ്ഞ കണ്ണുകളും ഇവര്‍ക്ക് പ്രേക്ഷകന്‍ മനസ്സറിഞ്ഞു നല്‍കുന്ന ഓസ്കര്‍ അവാര്‍ഡ് ആണ്. അവശേഷിക്കുന്നത് ഒരു മനസ്സാക്ഷിക്കുത്താണ്; അര്‍ഥരഹിതമായ ഭ്രമങ്ങളുടെ വലിയ വെളിച്ചങ്ങളില്‍ കാണാതെ പോയ മിന്നാമിനുങ്ങുകളെക്കുറിച്ചുള്ള പശ്ചാത്താപവും.

മിന്നാമിനുങ്ങ് മിന്നുന്നത് എന്തിനാണ് എന്ന ചോദ്യം കുഞ്ഞിലേ തൊട്ട് നമ്മളെല്ലാവരും ഒരുപാടു തവണ സ്വയം ചോദിച്ചിട്ടുണ്ട്. വലുതായപ്പോൾ ആ ചോദ്യത്തിന് ഉത്തരം കിട്ടുകയല്ല, പകരം ചോദ്യം തന്നെ ഇല്ലാതാവുകയാണു ചെയ്തത്. മിന്നാമിനുങ്ങ്‌ സിനിമ കാണുമ്പോള്‍ അതേചോദ്യം വീണ്ടും മനസ്സിലേക്കു വരും. മക്കളുടെ വലിയ സ്വപ്നങ്ങളുടേയും മോഹങ്ങളുടെയും ആകാശത്തുനിന്നു നോക്കുമ്പോള്‍ പലപ്പോഴും മാതാപിതാക്കളും അവരുടെ സ്നേഹവും ത്യാഗവുമെല്ലാം താഴെ ഉറുമ്പിനോളം ചെറുതായി തോന്നിയേക്കാം. അപ്പോഴും ആകാശത്ത് പൊട്ടുപോലെയെങ്കിലും കാണുന്ന പ്രതീക്ഷയുടെ നുറുങ്ങുവെട്ടവുമായി അവര്‍ കാത്തിരിപ്പു തുടരുക തന്നെ ചെയ്യും. പ്രതീക്ഷയുടെ, നന്മയുടെ, സ്വാർഥതയില്ലാത്ത സ്നേഹത്തിന്‍റെ ഇത്തിരിവെട്ടവുമായി നീങ്ങുന്ന ഭൂമിയിലെ കോടാനുകോടി മിന്നാമിനുങ്ങുകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം.

നിങ്ങൾക്കും റിവ്യൂ എഴുതാം