Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവത്വത്തിന്റെ ആഘോഷമായി ചങ്ക്‌സ്; റിവ്യു

chunkzz-movie

കാലഘട്ടത്തിന്റെ കണ്ണാടിയാണ് ക്യാംപസ്. പുതിയ കാലത്തിന്റെ ചിന്തകളും ഫാഷനും ട്രെൻഡുകളും ആഘോഷവും രാഷ്ട്രീയവും ഒക്കെ ആദ്യം പ്രതിഫലിക്കുക ക്യാംപസിലായിരിക്കും. മാറുന്ന കാലത്തെ അടയാളപ്പെടുത്താൻ ഒരിടവേളയ്ക്കു ശേഷം മലയാളസിനിമ വീണ്ടും ക്യാംപസിലേക്ക് തിരിച്ചെത്തുകയാണ്- ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ. ക്യാംപസും പ്രണയവും പശ്‌ചാത്തലമാക്കിയ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിനു ശേഷം ഒമർ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമാണിത്.

Chunkzz Official Trailer | Omar Lulu | Balu Varghese & Honey Rose | Vyshak Rajan

പട്ടംപോലെ പാറിപ്പറന്നു നടക്കുന്ന ന്യൂജെൻ യൂത്തിനെ ലക്ഷ്യമാക്കിയെടുത്ത കളർഫുൾ ചിത്രമാണ് ചങ്ക്‌സ്. പുതിയകാല ക്യാംപസ് ജീവിതവും അതിന്റെ ശീലങ്ങളും സൗഹൃദങ്ങളുമെല്ലാം ചിത്രത്തിലുണ്ട്. എന്നിരുന്നാലും പൂർണമായും ഒരു ക്യാംപസ് ചിത്രമല്ല ചങ്ക്‌സ്. ചിത്രത്തിലെ പ്രധാന സംഭവങ്ങൾ നടക്കുന്നത് ക്യാംപസിനു പുറത്താണ്. ബാലു വർഗീസ് ആദ്യമായി നായകവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ഹണി റോസാണ് നായിക. ധർമജൻ ബോൾഗാട്ടി, ഗണപതി, വിശാഖ് നായർ, മെറീന, സിദ്ദിക്ക്, ലാൽ, ഷമ്മി തിലകൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

chunkzz-1

അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കുന്ന നായകനും സുഹൃത്തുക്കളും. പെൺകുട്ടികൾ ക്ലാസിൽ ഇല്ലാത്തതിനാൽ വിരസമാണ് അവരുടെ ജീവിതം. ഇവരുടെ ക്ലാസിലേക്ക് നായകന്റെ പഴയകാല ബാല്യകാലസഖി പഠിക്കാനെത്തുന്നതും അവളുമായി ഉടലെടുക്കുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കട്ടപ്പനയിലെ ഋതിക്ക് റോഷനിൽ പറഞ്ഞ 'നിറത്തിന്റെ രാഷ്ട്രീയം' സമാനമായി ചിത്രം പറഞ്ഞുപോകുന്നുണ്ട്.

പതിവുപോലെ കോമഡിയുടെ അമിട്ടുപൊട്ടിക്കുന്നത് ധർമജനാണ്. സമീപകാലത്ത് ചർച്ചയായ സംഭവവികാസങ്ങളെ ചിരിയിൽ പൊതിഞ്ഞു ചിത്രത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.

chunkzz-honee-4

ഗോവ ന്യൂജെൻ ആഘോഷങ്ങളുടെ അവിഭാജ്യഘടകമാകുകയാണെന്നു തോന്നുന്നു. ഗോവയുടെ ദൃശ്യഭംഗിയും ആഘോഷങ്ങളുമൊക്കെ മനോഹരമായി ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. ഇതിനു മുൻപിറങ്ങിയ റോൾമോഡൽസ് എന്ന ചിത്രത്തിലും ഗോവ സജീവ സാന്നിധ്യമായിരുന്നു.
ഗോപി സുന്ദറിന്റെ സംഗീതം ശ്രദ്ധേയമാണ്. യുവത്വത്തിന്റെ ഊർജവും ആവേശവും നിറയുന്ന ഗാനങ്ങൾ ക്യാംപസ് ഏറ്റെടുത്തു കഴിഞ്ഞു.

'വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദ് ഫൺ' എന്ന് പറഞ്ഞു തന്റെ സ്ഥാനം നേടിയെടുക്കുന്ന തന്റേടിയായ പുതിയകാല പെണ്ണിനെയും ചിത്രം അടയാളപ്പെടുത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ചുരുക്കത്തിൽ യൂത്തിന് ഒരുമിച്ചിരുന്ന‌് ആഘോഷിച്ചു കാണാൻ പറ്റിയ എന്റർടെയ്നറാണ് ചങ്ക്സ്.

dharmajan-chunkzz-1
നിങ്ങൾക്കും റിവ്യൂ എഴുതാം