Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളേ, നിനക്കുവേണ്ടി; ആദം ജൊവാൻ റിവ്യു

adam-joan-movie

നീ ആരാണെന്നു തിരിച്ചറിയാൻ കഴിയുന്ന പ്രായത്തിൽ അവൾ ഇവിടെ മടങ്ങിയെത്തും...നിന്നെ കാണാൻ...അന്നവളുടെ കയ്യിൽ ഇതിലും വലിയ പൂക്കൂടകളുണ്ടാകും....

സസ്പെൻസ്, പ്രണയം, വിരഹം, നിസ്സഹായത, ആക്‌ഷൻ, ട്രാജഡി എന്നിങ്ങനെ വൈകാരികഭാവഭേദങ്ങൾ ഒത്തിണക്കത്തോടെ കോർത്തിണക്കിയ ചിത്രമാണ് ആദം ജൊവാൻ. തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തിനെ ഒരു ഇമോഷണൽ കോക്ടെയിൽ എന്ന് വിശേഷിപ്പിക്കാം.

ഫ്ലാഷ്ബാക്കായി തുടങ്ങി, വികസിച്ചു, തൽസമയം പരിസമാപിക്കുന്ന കഥാഗതിയാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. അവതരണത്തിലെ മികവും ജീവിതത്തിലെ വൈകാരികഭാവഭേദങ്ങൾ കൂടിച്ചേരുമ്പോളുണ്ടാകുന്ന രസതന്ത്രവുമാണ് ചിത്രത്തെ സജീവമാക്കിനിലനിർത്തുന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ഉണ്ടാകുന്ന നിസഹായത ഭാവുകത്വത്തോടെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

adam-joan-movie-1

കാമ്പും മികവുമുള്ള തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിലും അഭിനയിപ്പിച്ചു ഫലിപ്പിക്കുന്നതിലും പൃഥ്വിരാജ് എന്ന നടന്റെ റേഞ്ച് ഓരോ സിനിമകൾ കഴിയുംതോറും ഉയരുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ചിത്രം. ഒരു നവാഗത സംവിധായകന് ലഭിക്കാവുന്ന മികച്ച എൻട്രിയാണ് ജിനു എബ്രഹാമിന് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ജിനു തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

മുണ്ടക്കയത്ത് പ്ലാന്ററായ ആദമിന്റെ ജീവിതത്തിലേക്ക് എമി എന്ന പെൺകുട്ടി കടന്നു വരുന്നു, വിവാഹശേഷം ഇരുവരും മധുവിധു ആഘോഷിക്കാനായി സ്‌കോട് ലൻഡിലുള്ള സഹോദരന്റെ കുടുംബത്തിനും അമ്മയ്ക്കും ഒപ്പം ചേരുന്നു. പക്ഷേ ആ യാത്ര അവരുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിക്കളയുന്നു. ആദത്തിന്റെ ജീവിതത്തിൽ വലിയൊരു മുറിപ്പാട് അവശേഷിപ്പിച്ചുകൊണ്ട്  ഒരു അപ്രതീക്ഷിത അതിഥി എത്തുന്നു. 

പല തലങ്ങളിലായാണ് ചിത്രം കഥപറയുന്നത്. വർഷങ്ങൾക്കുശേഷം മറ്റൊരു ദുരന്തവാർത്ത ആദത്തിനെ വീണ്ടും സ്‌കോട് ലൻഡിലെത്തിക്കുന്നു. ചെയ്തുപോയ ഒരു തെറ്റിനുള്ള  പ്രായശ്ചിത്തമായി തന്റെ രക്തത്തെ തേടി ആദം നടത്തുന്ന യാത്രയിലൂടെയാണ് രണ്ടാംപകുതി പുരോഗമിക്കുന്നത്. ആ യാത്രയിൽ അവളുടെ തിരോധാനത്തിന്റെ പിറകിലുള്ള പല ദുരൂഹതകളും ചുരുളഴിയുന്നു. ഒരിടക്കാലത്ത് കേരളത്തിലടക്കം ചർച്ചാവിഷയമായ സാത്താൻ സേവയും, ബ്ലാക് മാസ്സും കടന്നുവരുന്നതോടെയാണ് കഥാഗതി പുതിയ വഴിത്തിരിവിലെത്തുന്നത്. അയാൾ ലക്ഷ്യത്തിലെത്തുമോ ഇല്ലയോ എന്നുള്ള ചോദ്യത്തിലൂടെയാണ് തുടർന്ന് ചിത്രം സഞ്ചരിക്കുന്നതും പരിസമാപ്തിയിലെത്തുന്നതും.

adam-joan

പൃഥ്വിരാജ് എന്ന നടന്റെ ഗംഭീരപ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ ടൈറ്റിൽ റോളിനോട് അങ്ങേയറ്റം നീതി പുലർത്താൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ആദ്യ പകുതിയിലെ റൊമാൻസും, രണ്ടാം പകുതിയിലെ വൈകാരിക രംഗങ്ങളും, സംഘട്ടനവുമെല്ലാം അങ്ങേയറ്റം തന്മയത്തോടെ പൃഥ്വിരാജ് അഭിനയിപ്പിച്ചു ഫലിപ്പിക്കുന്നു.

മിഷ്‌ടി ചക്രവർത്തിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഹകഥാപാത്രങ്ങളും തങ്ങളുടെ വേഷം ഭദ്രമാക്കിയിട്ടുണ്ട്. നായകനൊപ്പം ചിത്രത്തിൽ ഉടനീളം പ്രാധാന്യമുള്ള കഥാപാത്രങ്ങളായി നരേൻ, ഭാവന, രാഹുൽ മാധവ് എന്നിവർ എത്തുന്നു.

കെട്ടുറപ്പുളള തിരക്കഥയാണ് ചിത്രത്തിന് പിന്തുണ നൽകുന്നത്. ഹൃദയത്തിൽ കൊള്ളുന്ന സംഭാഷണങ്ങളൊരുക്കാൻ തിരക്കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങൾക്ക് നാം നൽകുന്ന പ്രാധാന്യം പ്രഘോഷിക്കുന്ന രംഗങ്ങൾ നിറഞ്ഞ കൈയടിയോടെയാണ് കാഴ്ചക്കാർ വരവേൽക്കുന്നത്. 

സ്‌കോട്‌ലൻഡിന്റെ മിസ്റ്റിക് സൗന്ദര്യവും ഗോഥിക് ആർക്കിടെക്ച്ചറും കാഴ്ചകളുമെല്ലാം അതിമനോഹരമായി ചിത്രത്തിൽ ഒപ്പിയെടുത്തിരിക്കുന്നു. ജിത്തു ദാമോദറാണ് ഛായാഗ്രാഹകന്‍.

ദീപക് ദേവിന്റെ സംഗീതം ചിത്രത്തിന് മാറ്റുകൂട്ടുന്നു, പ്രത്യേകിച്ച് ചിത്രത്തിന്റെ വൈകാരികഭാവഭേദങ്ങൾ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ പശ്ചാത്തലസംഗീതം പ്രധാന പങ്കുവഹിക്കുന്നുണ്ട്. പൃഥ്വിരാജ് പാടിയ വിഷാദഛായയുള്ള ഗാനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടിട്ടുണ്ട്. രഞ്ജൻ ഏബ്രഹാമിന്റെ എഡിറ്റിംഗ് മികവും ശ്രദ്ധേയമാണ്.

രണ്ടു മണിക്കൂർ നാൽപതു മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. എന്നാൽ ഒരു ഘട്ടത്തിലും വിരസമാകാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ 

ചിത്രം വിജയിക്കുന്നു. എത്ര മുൻവിധിയോടെ ചിത്രം കാണുന്ന പ്രേക്ഷകന്റെയും കണ്ണുകളെ ഈറനണിയിക്കുന്ന അതിവൈകാരികവും ഹൃദ്യവുമായ ക്ളൈമാക്സ്. ചിത്രത്തിന്റെ അവസാനം ഉയരുന്ന പ്രേക്ഷകന്റെ കയ്യടികൾ തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സാക്ഷ്യപത്രം...

നിങ്ങൾക്കും റിവ്യൂ എഴുതാം