Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കത്തി’ സൈമൺ; റിവ്യു

pokkiri-simon-movie-review

വർഷാവർഷം നൂറിലേറെ ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെടുന്ന മലയാള സിനിമാ ലോകത്ത്, താരങ്ങളെ സൃഷ്ടിക്കുന്ന ആരാധകരുടെ കഥ പറയുന്ന ചിത്രങ്ങൾ വിരലിലെണ്ണാവുന്നവയേ ഉള്ളൂ. ലാൽജോസിന്റെ ‘രസികൻ’, ബിപിൻ പ്രഭാകറിന്റെ ‘വൺവേ ടിക്കറ്റ്’ തുടങ്ങിയ ചില ചിത്രങ്ങളാണ് ഇതിന് അപവാദമായി നിൽക്കുന്നത്. ഈ ഗണത്തിലേക്കെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രാനുഭവമാണ് ജിജോ ആന്റണിയുടെ മൂന്നാമത്തെ സംവിധാന സംരംഭമായ ‘പോക്കിരി സൈമൺ’.

Pokkiri Simon Official Trailer | sunny wayne | prayaga martin | Jijo antony

രസികനും വൺവേ ടിക്കറ്റുമെല്ലാം മലയാള സിനിമാ ആരാധകരെ ചുറ്റിപ്പറ്റിയുള്ള ചിത്രങ്ങളായിരുന്നെങ്കിൽ, തമിഴകത്തിന്റെ സ്വന്തം ഇളയ ദളപതി വിജയ്‌യുടെ ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമൺ. പുതുതലമുറയിലെ ചിത്രങ്ങളിലെ നായക, ഉപനായക വേഷങ്ങളിലൂടെ ശ്രദ്ധേയനായ സണ്ണി വെയ്ൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ആത്യന്തികമായി ശരാശരിയിൽ ഒതുങ്ങുന്ന ഒരു എന്റർടെയ്നർ മാത്രമാണ്.

തിരുവനന്തപുരം സ്വദേശിയും കടുത്ത വിജയ് ആരാധകനുമായ പോക്കിരി സൈമണിന്റെയും സുഹൃത്തുക്കളുടെയും ജീവിതമാണ് സിനിമയുടെ കഥാപശ്ചാത്തലം. വിജയ്‌യെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും പ്രശംസിച്ച് പറഞ്ഞു നടക്കുകയാണ് ഇവരുടെ പ്രധാനജോലി. ലക്ഷ്യബോധമൊന്നുമില്ലാതെ നടക്കുന്ന സൈമണും കൂട്ടരും അപ്രതീക്ഷിതമായി ഒരു ആപത്തിൽ പെടുന്നതും, തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.

വിജയ് ചിത്രം പോലെ വിജയ് ആരാധകരുടെ കഥ പറയുന്ന ഈ സിനിമയും കളർഫുൾ എന്റർടെയ്നറായി ഒരുക്കിയിരിക്കുന്നതിനാൽ കഥയ്ക്ക് കാര്യമായ പ്രാധാന്യം നൽകാൻ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. ബലമില്ലാത്ത കഥാതന്തുവും പുതുമുകളില്ലാത്ത അവതരണശൈലിയുമാണ് പോക്കിരി സൈമണിന്റെ പ്രധാന പോരായ്മ. അതേസമയം, തുപ്പാക്കി ഉൾപ്പെടെയുള്ള വിജയ് ചിത്രങ്ങളിലെ മാസ് സീനുകൾക്ക് അനുകരണമൊരുക്കി ആരാധകരെ ത്രില്ലടിപ്പിക്കാൻ സംവിധായകൻ ശ്രമിക്കുന്നുമുണ്ട്.

pokkiri-saimon-songs

മുഴുനീളെ എന്റർടെയ്നർ സ്വഭാവം നിലനിർത്തുമ്പോഴും, അതിനൊപ്പം കാലിക പ്രസക്തമായൊരു വിഷയം കൂടി കൈകാര്യം ചെയ്യാൻ സാധിച്ചത് സിനിമയുടെ മേന്മയാണ്. ശക്തമായൊരു തിരക്കഥ കൂടി ഉണ്ടായിരുന്നെങ്കിൽ ചിത്രം കുറച്ചുകൂടി മികച്ച ചലച്ചിത്രാനുഭവമാകുമായിരുന്നു.

pokkiri-simon-2

പോക്കിരി സൈമണായി സണ്ണി വെയ്ൻ തകർത്തഭിനയിച്ചു. അങ്കമാലി ഫെയിം അപ്പാനി രവിയും യുക്ലാംപ് രാജനും സണ്ണി വെയിനിന്റെ എതിർചേരിക്കാരായി ചിത്രത്തിൽ എത്തുന്നു. ഷമ്മി തിലകൻ, അശോകൻ, ഗ്രിഗറി, ബൈജു, താര കല്യാൺ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. പ്രയാഗ മാർട്ടിനാണ് നായിക. നടനും സംവിധായകനുമായ ദിലീഷ് പോത്തന്റെ പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റാണ്.

ഗോപി സുന്ദറിന്റേതാണ് സംഗീതം. പാട്ടുകൾ അത്ര ആസ്വാദ്യകരമല്ലെങ്കിലും പശ്ചാത്തലസംഗീതം സിനിമയ്ക്കു മുതൽക്കൂട്ടാണ്. പാപ്പിനോയുടെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്.‌‌

കടുത്ത വിജയ് ആരാധകർക്കു മാത്രമല്ല എന്റർടെയ്നർ സ്വഭാവമുള്ള ആഘോഷ ചിത്രങ്ങളെ സ്നേഹിക്കുന്നവർക്കും പോക്കിരി സൈമൺ മികച്ച അനുഭവമാകും. കഥയും തിരക്കഥയുമാണ് ഒരു സിനിമയുടെ ശക്തി എന്നു കരുതുന്നവരെ ഈ ചിത്രം എത്രത്തോളം രസിപ്പിക്കുമെന്ന് കണ്ടുതന്നെ അറിയണം.

നിങ്ങൾക്കും റിവ്യൂ എഴുതാം