Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈക്കോ സ്പൈഡർ; റിവ്യു

spyder-poster

ഏഴാം അറിവു പോലെ എ.ആർ മുരുകദോസ് ഒരുക്കിയിരിക്കുന്ന ഒരു സയൻസ് – സൈക്കോ ത്രില്ലറാണ് മഹേഷ് ബാബു നായകനാകുന്ന സ്പൈഡർ. തമിഴിലെ മുൻ നിര താരങ്ങളായ എസ്.ജെ സൂര്യ, ഭരത് എന്നിവർ വില്ലന്മാരാകുന്ന സിനിമയിൽ മാസ് കുറവാണെങ്കിലും ത്രിൽ ആവോളമുണ്ട്. 

സമൂഹത്തിലെ വിവിധ തുറകളിലുള്ള ആളുകളുടെ ഫോൺ കോളുകൾ അവരറിയാതെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു സംഘത്തിലെ പ്രധാനിയാണ് ശിവ. ഒരു ദിവസം ശിവയുടെ ശ്രദ്ധയിൽ ഒരു കോൾ വരുന്നു. അടുത്തിടെ അവിടെ നടന്ന കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്ന ഇൗ കോൾ ശിവയുടെ ജീവതത്തിൽ വരുത്തുന്ന മാറ്റങ്ങളും വെല്ലുവിളികളുമാണ് സ്പൈഡർ പറയുന്നത്. 

spyder-review

ആക്ഷനും സസ്പെൻസും ത്രില്ലും നിറഞ്ഞതാണ് ചിത്രത്തിന്റെ ആദ്യ പകുതി. വില്ലനിലേക്കുള്ള നായകന്റെ യാത്രയാണ് ഇൗ ഭാഗത്ത് കാണിച്ചിരിക്കുന്നത്. വില്ലന്റെ ജനനവും കുറ്റവാളിയിലേക്കുള്ള അവന്റെ വളർച്ചയും സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത് വളരെ വിശ്വസനീയമായാണ്. അമ്യൂസ്മെന്റ് പാർക്കിലെ റൈഡിലുള്ള അക്ഷൻ രംഗങ്ങൾ ആദ്യ പകുതിയുടെ ഹൈലൈറ്റാണ്. രണ്ടാം പകുതിയിൽ നായകനെക്കാൾ ഒരു വള്ളപ്പാട് മുന്നിലെത്തുന്നത് വില്ലന്റെ പ്രകടനമാണ്. പല രംഗങ്ങളിലും വില്ലനായ എസ്.ജെ സൂര്യ നായകനെ മറികടക്കുന്ന പ്രകനമാണ് പുറത്തെടുത്തിരിക്കുന്നത്. 

784-410

മാസ് രംഗങ്ങളിൽ തിളങ്ങാറുള്ള മഹേഷ് ബാബു ഇൗ ചിത്രത്തിലൂടെ പ്രേക്ഷകനെ ത്രില്ലടിപ്പിക്കും. വില്ലനായെത്തിയ എസ്.ജെ സൂര്യയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഡാർക്ക് നൈറ്റിലെ ജോക്കർ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന സൈക്കോ കഥാപാത്രമായെത്തിയ സൂര്യ തന്റെ അഭിനയമികവ് പൂർണമായും പുറത്തെടുത്തെന്ന് നിസ്സംശയം പറയാം. മലയാളത്തിന്റെ സ്വന്തം ഹരേഷ് പേരടി ചെറുതെങ്കിലും തന്റെ കഥാപാത്രത്തെ ഭംഗിയാക്കി. മറ്റു കഥാപാത്രങ്ങൾ തീർത്തും അപ്രസക്തരാണ്.

spyder-movie

ഒരുപാട് മികച്ച സിനിമകൾ ഒരുക്കിയിട്ടുള്ള മുരുകദോസിന്റെ പ്രൗഡിക്കൊത്ത് ഉയരുന്നതല്ല സ്പൈഡർ. എങ്കിലും പ്രേക്ഷകനെ നിരാശപ്പെടുത്തില്ല ഇൗ ചിത്രം. ശ്രീകർ പ്രസാദിന്റെ എഡിറ്റിങ്ങും സന്തോഷ് ശിവന്റെ ഛായാഗ്രഹണവും എടുത്തു പറയത്തക്ക പ്രത്യേകതകളുള്ളതല്ല. പാട്ടുകളും പശ്ചാത്തല സംഗീതവും ഒപ്പം വിഎഫ്എക്സ് കുറച്ചു കൂടി മികച്ചതാക്കാമായിരുന്നു.

മാസ് സിനിമകൾ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള തെലുങ്ക് പ്രേക്ഷകർക്കിടയിൽ സ്പൈഡർ തരംഗമായേക്കാം. തമിഴിലും മലയാളത്തിലും ഇൗ ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെങ്കിലും വലിയ പുതുമകൾ സമ്മാനിച്ചേക്കില്ല. 

നിങ്ങൾക്കും റിവ്യൂ എഴുതാം