Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുദ്ധിശൂന്യമായ ഷെർലക് 'ടോംസ്'; റിവ്യു

sherlock-toms-review

ഷെര്‍ലക് ടോംസ് എന്ന പേരു കേൾക്കുമ്പോൾ മനസിൽ വരുന്നത് ബുദ്ധികൂര്‍മതയിലൂടെ പല സങ്കീർണമായ കുറ്റകൃത്യങ്ങളും തെളിയിച്ച് ലോകത്ത് അതിശയിപ്പിച്ച ഷെർലക് ഹോംസിനെയല്ലേ? പക്ഷേ ഇവിടെ ഹോംസിനു പകരം ടോംസ് ആണെന്ന് മാത്രം. അദ്ദേഹം പക്ഷേ ഷെർലക് ഹോംസിന്റെ കടുത്ത ആരാധകനാണ്. പേരു വീണതും അങ്ങനെ തന്നെ. 

ഈ ടോംസിന്റെ കഥയാണ് ഷെർലക് ടോംസ്. പേര് കേൾക്കുമ്പോൾ തന്നെ തോന്നുന്നൊരു കൗതുകമാണ് ചിത്രത്തിലേക്കു പ്രേക്ഷക ശ്രദ്ധയെത്തിച്ചത്. ചിത്രം കണ്ടുതുടങ്ങുമ്പോൾ നമുക്കൊപ്പം ആ കൗതുകം ഉണ്ടാകുകയും ചെയ്യും. എന്നാൽ പിന്നീടങ്ങോട്ടു പോകുമ്പോൾ ആ കൗതുകത്തോടു നീതിപുലർത്തുന്ന അധികമൊന്നും ഇല്ല ചിത്രത്തിലില്ല എന്നതാണ് വാസ്തവം.

sherlock-toms-review-1.jpg.image.784.410

ബിജു മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രമായ തോമസിന്റെ ഭൂതകാലം പറഞ്ഞുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. സ്കൂളിലെ അധ്യാപികയുടെ ഭർത്താവിന്റെ കള്ളത്തരം ഒരു സിഐഡിയെ പോെല കണ്ടുപിടിച്ച് പിന്നീട് അതേ സ്കൂളിൽ നിന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ‌ പുറത്താക്കപ്പെടുകയാണ് തോമസ്. പിന്നീട് അച്ഛൻ തോമസിനെ കൊണ്ടു ചെന്നെത്തിക്കുന്നത് ‍വർക്ക്ഷോപ്പിലാണ്. പക്ഷേ എല്ലാ പ്രതിസന്ധികളോടും പടവെട്ടി തോമസ് ഒരു ഐആർഎസ് ഉദ്യോഗസ്ഥനാകുന്നു. എന്നാലും തോമസ് ഉള്ളിന്റെയുള്ളിൽ ഒരു കുറ്റാന്വേഷകനാണ്. ഭാര്യയും കള്ളപ്പണക്കാരുമാണ് തോമസിന്റെ ജീവിതത്തിലെ പ്രധാന പ്രതിസന്ധികൾ. ഇവർക്കെതിരെയുള്ള തോമസിന്റെ പോരാട്ടമാണ് ഈ സിനിമയുടെ ഉള്ളടക്കം.

ചിത്രത്തിന്റെ പേരും ബിജു മേനോനും പിന്നെ ഷാഫിയും കൂടിച്ചേരുമ്പോൾ നമ്മൾ ചിന്തിക്കുന്ന, പ്രതീക്ഷിക്കുന്ന കുറച്ചു കാര്യങ്ങളുണ്ടല്ലോ അതൊന്നും സിനിമയിൽ വേണ്ട വിധത്തിൽ വന്നുപോയിട്ടില്ലെന്നു വേണം പറയാൻ. ഇതുവരെ കണ്ട ബിജു മേനോൻ ചിത്രങ്ങളും കോമഡി പറയുമ്പോഴുള്ള ഒരു പ്രത്യേക രസവുമൊന്നും പ്രതീക്ഷിച്ചു കൊണ്ടു ഈ ചിത്രം കാണാൻ പോകുന്നവർക്ക് നിരാശയായിരിക്കും ഫലം. 

കെട്ടുറപ്പില്ലാത്ത തിരക്കഥയും അച്ചടക്കമില്ലാത്ത ആവിഷ്കാരവും ചേർന്നൊരു കോലാഹലം. അതാണ് ഷെർലക് ടോംസ്. ഏറെ ചിരിപ്പിച്ച ടു കൺട്രീസിനു ശേഷം ഷാഫി ഒരുക്കിയ ഈ ചിത്രത്തിലുള്ളത് ചിരിക്കാനും കരയാനും കഴിയാതെയാക്കുന്ന ഹാസ്യവും നനഞ്ഞ പടക്കം പോലെയായ സസ്പെൻസുമാണ്. എങ്കിലും ഹരീഷ് കെ.ആറിന്റെ കോമഡി വലിയൊരു ആശ്വാസമാണ്. 

sherlock-toms-review-3.jpg.image.784.410

തോമസ്‌ എന്ന കഥാപാത്രമായി ബിജു മേനോൻ നിറഞ്ഞുനിന്നു. വില്ലത്തി ഭാര്യയുടെ റോളിലെത്തുന്ന ഷ്രിന്ദയും തങ്ങളുടെ വേഷങ്ങൾ മികവുറ്റതാക്കി.മോളി കണ്ണമാലി, സലിം കുമാർ, ഹരീഷ്‌ കെ.ആർ, നോബി തുടങ്ങി കോമഡിതാരങ്ങളുടെ നീണ്ട നിരയുണ്ടെങ്കിലും ഹാസ്യരംഗങ്ങൾ വർക്ക്ഔട്ട് ആയിട്ടില്ല, കോട്ടയം നസീർ, സുേരഷ് കൃഷ്ണ, വിജയരാഘവൻ, സലിം കുമാർ, മിയ ജോർജ് എന്നിവരാണ് മറ്റുതാരങ്ങൾ. ആവശ്യത്തിലധികം കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. കഥാപാത്രങ്ങളുടെ ബാഹുല്യം സിനിമയിലൊരു കോലാഹലം സൃഷ്ടിക്കുന്നുവെന്നല്ലാതെ കാര്യമായ ഗുണമൊന്നും ചെയ്തില്ല. 

sherlock-toms-review-2.jpg.image.784.410

ഗാനങ്ങൾ, പശ്ചാത്തല സംഗീതം, ഛായാഗ്രഹണം എന്നിവയെല്ലാം മികവു പുലർത്തുന്നു. ഒരു ഷാഫി ചിത്രത്തിൽ നിന്ന് പ്രതീക്ഷിവുന്ന ഒന്നും തന്നെ ചിത്രത്തിലില്ല. ബിജു മേനോന്റെ പ്രേക്ഷകപ്രീതിയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട്‌, ഹാസ്യത്തിന്റെ അകമ്പടിയോടുകൂടി ഒരു കുടുംബകഥ അവതരിപ്പിക്കുക എന്നതായിരുന്നു സംവിധായകന്റെ ലക്ഷ്യം. പക്ഷേ അത് പൂർണമായും വിജയിച്ചില്ല. 

നിങ്ങൾക്കും റിവ്യൂ എഴുതാം