Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്ത് പെണ്ണവസ്ഥകൾ പറഞ്ഞ് ക്രോസ്റോഡ്; റിവ്യു

crossroad-movie

വിവിധ പശ്ചാത്തലത്തിൽ ജീവിക്കുന്ന പത്തു പെണ്ണുങ്ങളുടെ ജീവിതഗന്ധിയായ കഥ പറയുന്ന ചിത്രമാണ് ക്രോസ്റോഡ്. സമകാലിക സമൂഹത്തിൽ സംഭവിക്കുന്നതും ചർച്ച ചെയ്യപ്പെടുന്നതുമായ പ്രമേയങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പത്തു ഹ്രസ്വ ചിത്രങ്ങളിലൂടെ അവതരണത്തിൽ വ്യത്യസ്തത പുലർത്തുന്നു ഈ സിനിമ.

പത്തു സംവിധായകർ, പത്തു നായികമാർ, പത്തു ജീവിതാവസ്ഥകൾ, പത്തു സിനിമ എന്ന സങ്കൽപത്തിൽ സംവിധായകരുടെ കൂട്ടായ്മയിൽ വിരിഞ്ഞ സിനിമ കലാമൂല്യത്തിലും നിർമാണത്തിലും മികവു പുലർത്തുന്നു.

'ഒരു രാത്രിയുടെ കൂലി' എന്ന സിനിമയിലാണ് ക്രോസ്റോഡ് ആരംഭിക്കുന്നത്. ചിത്രത്തിൽ അഭിസാരികയുടെ വേഷം ചെയ്ത പത്മപ്രിയയിലൂടെ കുടുംബത്തിന്റെയും കുഞ്ഞിന്റെയും ഒക്കെ വില മനസിലാക്കിത്തരാൻ സംവിധായകൻ ശ്രമിക്കുന്നു. രാത്രിയ്ക്ക് പ്രതിഫലം പറ്റുന്ന അഭിസാരികയുടെ ജീവിതത്തിലെ വ്യത്യസ്തമായ ഒരു രാവിന്റെ കഥ പറയുകയാണ് മധുപാൽ.

crossroad-movie-1

മരണമടഞ്ഞ പട്ടാളക്കാരന്റെ ഭാര്യയായി മക്കളോടൊപ്പം കഴിയുന്ന സ്ത്രീയുടെ മാനസിക വ്യവഹാരങ്ങളെ വരച്ചുകാട്ടുന്ന സിനിമയാണ് രണ്ടാമത്തേത്. 'സ്ത്രീകൾ തോൽക്കാൻ പാടില്ല, പോരാടണം' എന്ന സന്ദേശമാണ് കാവൽ എന്ന ചിത്രം നൽകുന്നത്. പ്രിയങ്ക നായർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നേമം പുഷ്പരാജനാണ്.

മൈഥിലിയും വിജയ് ബാബുവും ദമ്പതികളായി എത്തുന്ന 'പക്ഷികളുടെ മണം' മറ്റൊരു വ്യത്യസ്ത സ്ത്രീ പ്രമേയം ചർച്ച ചെയ്യുന്നു. കുടുംബത്തിനായി, കുട്ടികൾക്കായി സ്വന്തം ജോലിയിൽ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന സമ്മർദ്ദങ്ങളെ അതിജീവിക്കുന്ന സ്ത്രീ. പക്ഷികളുടെ പിന്നാലെ പായുന്ന വ്യത്യസ്ത സ്ത്രീ കഥാപാത്രമായി എത്തുന്നു മൈഥിലി. മഴയും വനസൗന്ദര്യവും മനോഹരമായി പകർത്തി കഥ പറഞ്ഞ ചിത്രത്തിന്റെ സംവിധായകൻ നയന സൂര്യയാണ്.

മറ്റുള്ളവരുടെ വിശ്വാസങ്ങൾക്കായി ലൗകിക ജീവിതം ഉപേക്ഷിച്ച് തിരുവസ്ത്രം ധരിക്കാൻ നിർബന്ധിതയാകുന്ന സ്ത്രീയുടെ കഥയാണ് 'മൗനം'. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി തന്റെ ഇഷ്ടങ്ങൾ മനസ്സില്ലാ മനസ്സോടെ വേണ്ടെന്നു വയ്ക്കുന്ന സ്ത്രീയുടെ കഥ ബാബു തിരുവല്ലയാണ് സംവിധാനം ചെയ്യുന്നത്.

cross-road-2

മംമ്താ മോഹൻദാസ് ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ബദർ. മുസ്‌ലിം മതവിശ്വാസിയായ ബദറിന് കൂട്ടായി 'അച്ഛൻ' എന്ന് വിളിക്കപ്പെടുന്ന ഒരു കഥാപാത്രമുണ്ട്. ഒറ്റപ്പെടൽ അനുഭവിക്കുന്നവരെ ഒരുമിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ബദർ. സ്വന്തം മകന്റെ കൈകൊണ്ട് അന്ത്യകർമം നടത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന അച്ഛൻ‌. രക്തബന്ധത്തേക്കാൾ എത്രയോ വലുതാണ് ചില സ്നേഹബന്ധങ്ങളെന്ന സന്ദേശം നൽകുകയാണ് ചിത്രം. അശോക് ആർ. നാഥാണ് സംവിധായകൻ.

പ്രശസ്തയായ ഒരു നർത്തകിയുടെയും ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് ന്യത്തം ഉപേക്ഷിക്കേണ്ടി വന്ന ഒരു പെണ്ണിന്റെയും കഥയാണ് സംവിധായകൻ ആൽബർട്ട് 'മുദ്ര' എന്ന ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. ഇഷാ തൽവാറും അഞ്ജലി അനീഷുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭർത്താവിനും കുഞ്ഞിനും വേണ്ടി കല വെടിഞ്ഞ് ജീവിക്കുന്ന കലാകാരി. സ്വന്തം കൂട്ടുകാരിയെ കൈപിടിച്ചുയർത്താൻ ശ്രമിക്കുന്ന കലാകാരി എന്നിങ്ങനെ രണ്ട് പെൺ കഥാപാത്രങ്ങൾ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.

സംവിധായകൻ ശശി പറവൂരിന്റെ 'ലേക്ക് ഹൗസ്' ആണ് മറ്റൊരു ചിത്രം. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ യുവതിയുടെ കഥ പറയുന്ന സിനിമ. സമ്പത്തുണ്ടെങ്കിലും സ്വപ്നങ്ങൾ നെയ്തെടുക്കുന്നതിനിടെ ഉണ്ടാകുന്ന അപ്രതീക്ഷിത വേർപാടുകളിലൂടെ ഒറ്റപ്പെട്ടു പോകുന്ന ഭാര്യയുടെയും അമ്മയുടെയും ഒക്കെ കഥയാണിത്.

സംവിധായകൻ പ്രദീപ് നായരുടെ ചിത്രം ക്വട്ടേഷൻ, ക്രോസ്റോഡിലെ മികച്ച ചിത്രങ്ങളിലൊന്നാണെന്ന് പറയാം. ജയരാജിന്റെ രചനയിൽ, ഒറ്റപ്പെടുന്ന വൃദ്ധയായ ഒരമ്മയുടെ കഥ പറയുകയാണ് ചിത്രം. ലക്ഷ്വറി അപ്പാർട്ട്മെന്റുകളും പണവുമൊക്കെ ഉണ്ടെങ്കിലും മിണ്ടാൻ പോലും ആരുമില്ലാത്ത വൃദ്ധയുടെ വിഹ്വലതകൾ ചിത്രം മനോഹരമായി പറയുന്നു. ഒടുവിൽ ഒരു തെരുവുപട്ടിയുടെ കൂട്ട് ഈ അമ്മയ്ക്കു നൽകുന്ന ആശ്വാസവും സംഭവങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

അസമയങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ നിരവധിയാണ്. എത്ര ധൈര്യം കാണിച്ചാലും ചില സാഹചര്യങ്ങളിൽ അവരും ഭയത്തിനടിപ്പെടും. ത്രില്ലും അൽപം നർമവും കലർത്തി അവതരിപ്പിച്ചിരിക്കുന്ന ചെരിവ് എന്ന ചിത്രത്തിൽ കേരളത്തിലെ മാവോയിസവും ചർച്ചയാവുന്നു. ശ്രിന്ദയും മനോജ് കെ. ജയനുമാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ കഥയും സംവിധാനവും അവിര റബേക്കയാണ്.

മധു അമ്പാട്ടിന്റെ ക്യാമറയും മഹേഷ് നാരായണന്റെ എഡിറ്റിങ്ങും ലെനിൻ രാജേന്ദ്രന്റെ സംവിധാന സംരംഭമായ 'പിൻപേ നടന്നവൾ' എന്ന ചിത്രത്തെ മനോഹരമാക്കുന്നു. ഏകാങ്ക നാടകത്തിലൂടെ, സ്വപ്നങ്ങളുമായി ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്ന സ്ത്രീകളുടെ അവസ്ഥ വിവരിക്കുന്ന ചിത്രത്തിൽ കേരളത്തിലെ ഇന്നത്തെ ചർച്ചാവിഷയമായ ജനനേന്ദ്രിയം ഛേദിക്കലും പ്രമേയമാകുന്നു. സ്വന്തം ജീവിതത്തിലെ വൈഷമ്യങ്ങൾക്കെതിരെ പോരാടുമ്പോഴും തന്റെ സഹോദരങ്ങൾക്കു നല്ല ജീവിതമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീയാണ് ഇതിലെ മുഖ്യകഥാപാത്രം.

സിനിമാലോകത്ത് ചർച്ചയ്ക്കു വഴിതെളിക്കുകയാണ് ക്രോസ് റോഡ്. ഒരു സ്ത്രീപക്ഷ സിനിമയെന്ന് പറയുന്നതിനേക്കാൾ അണുകുടുംബം എന്ന വ്യവസ്ഥിതി നമ്മുടെ സമൂഹത്തിലുണ്ടാക്കിയ ചില മാറ്റങ്ങൾ സ്ത്രീകളിലൂടെ വ്യക്തമാക്കാൻ ശ്രമിക്കുന്ന ചിത്രം എന്ന് ഇതിനെ വിളിക്കാം. കുടുംബങ്ങളുടെ അവസ്ഥകളും ബന്ധങ്ങളിലെ ശോഷണവുമെല്ലാം ഇതിലെ ചിത്രങ്ങൾ വ്യക്തമായി തന്നെ പങ്കുവയ്ക്കുന്നുണ്ട്.

നിങ്ങൾക്കും റിവ്യൂ എഴുതാം