Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കാറ്റിലുണ്ട് പത്മരാജൻ സ്പർശം; റിവ്യു

kaattu-movie

അനശ്വരനായ പത്മരാജന്റെ കഥാപ്രപഞ്ചത്തിൽ നിന്നും ചീന്തിയെടുത്ത ഒരേടാണ് കാറ്റ് എന്ന ചിത്രം. നാടൻ ചൂരിന്റെയും ചങ്കൂറ്റത്തിന്റെയും കഥയാണ് കാറ്റ് പറയുന്നത്. പത്മരാജന്റെ ചെറുകഥകളിലെ പ്രധാനകഥാപാത്രങ്ങളെ തൂലികയിൽ പുനർനിർമിച്ച് തിരശീലയിലെത്തിക്കുന്നത് മകൻ അനന്തപത്മനാഭനാണ്. 

ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങി പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങൾ കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷം അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കാറ്റ്.  മുരളി ഗോപി, ആസിഫ് അലി, വരലക്ഷ്മി ശരത്കുമാർ തുടങ്ങിയവരാണ് അഭിനേതാക്കൾ. മുരളി ഗോപി ശക്തമായ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചെല്ലപ്പൻ ഒരു ഒറ്റയാനാണ്. കുടിയനും സ്ത്രീലമ്പടനും ചട്ടമ്പിയുമായ അയാൾക്ക് ഒരു നഷ്ടപ്രണയത്തിന്റെ ഭൂതകാലമുണ്ട്. ഒപ്പം പ്രതികാരം ചെയ്യാൻ അയൽഗ്രാമത്തിൽ തക്കം പാർത്തിരിക്കുന്ന ഒരുകൂട്ടം ശത്രുക്കളും. ഒരു കള്ളുഷാപ്പിൽ അടിമയെപ്പോലെ ജോലി ചെയ്തിരുന്ന നൂഹക്കണ്ണിനെ അയാൾ രക്ഷിച്ച് ഒപ്പം കൂട്ടുന്നു. താൻ ചെയ്തിരുന്ന പടക്കനിർമാണത്തിൽ സഹായിയായി നിയമിക്കുന്നു. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ നൂഹക്കണ്ണു ചെല്ലപ്പനെ തെറ്റിദ്ധരിക്കുന്നതും തുടർന്നുണ്ടാകുന്ന ഗതിവിഗതികളിലൂടെയും തിരിച്ചറിവിന്റെ ഘട്ടങ്ങളിലൂടെയുമാണ് ചിത്രം കഥ പറയുന്നത്. 

kaattu-movie-7

ചിത്രത്തിൽ കഥ നടക്കുന്ന സ്ഥലം പറയുന്നില്ലെങ്കിലും ഏതോ പാലക്കാടൻ അതിർത്തി ഗ്രാമം ആണെന്ന് ഭൂപ്രകൃതിയും കരിമ്പനകളും സൂചിപ്പിക്കുന്നു.1970 കളുടെ അവസാനമാണ് കഥാപശ്ചാത്തലം. 

ചെല്ലപ്പൻ എന്ന കഥാപാത്രത്തിലേക്ക് പരകായപ്രവേശം നേടിയ പോലെ സൂക്ഷ്മമായ പ്രകടനമാണ് മുരളി ഗോപി ചിത്രത്തിൽ ഉടനീളം കാഴ്ച വയ്ക്കുന്നത്. ഭരത് ഗോപി യവനിക പോലെയുള്ള ചിത്രങ്ങളിൽ ചെയ്ത വേഷങ്ങളെ ഓർമപ്പെടുത്തും വിധമുള്ള അഭിനയം. ആസിഫ് അലിയുടെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ ഒരു ഏടാണ് നൂഹക്കണ്ണ് എന്ന കഥാപാത്രം. ഗ്ലാമറിന്റെ പരിവേഷം തൊട്ടുതീണ്ടിയിട്ടില്ലാത്ത കഥാപാത്രത്തിൽ  അഭിനയസാധ്യത കണ്ടെത്തി ആ വേഷം തിരഞ്ഞെടുത്തതിൽ ആസിഫ് അലിയെ അഭിനന്ദിക്കുക തന്നെ വേണം. സഹതാരങ്ങളും തങ്ങളുടെ വേഷത്തോട് നീതി പുലർത്തിയിരിക്കുന്നു.

kaattu-movie-1

ചിത്രത്തിന്റെ കലാസംവിധാനവും ഛായാഗ്രഹണവും എടുത്തുപറയേണ്ട ഒന്നാണ്. 1970 കൾ സൂക്ഷ്മമായി ചിത്രത്തിൽ പുനർനിർമിച്ചിരിക്കുന്നു. നാട്ടിൻപുറങ്ങളിലെ ഇടവഴികളും, ജീവിതവും, നിസ്സഹായതയും, ദാരിദ്ര്യവും, റാന്തൽ വിളക്കുകളും, ഹെർക്കുലീസ്‌ സൈക്കിളും, വീടുകളിലെ മണ്ണെണ്ണ വിളക്കുകളും ചെമ്മീൻ സിനിമയും, ജയൻ എന്ന താരത്തോടുള്ള  ആരാധനയുമൊക്കെ സ്വാഭാവികത്തനിമയോടെ പുനർസൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. അടക്കി വച്ച ലൈംഗിക തൃഷ്ണകളും പരസ്ത്രീഗമനവുമമൊക്കെ അശ്ലീലത്തിൽ മുങ്ങിപ്പോകാതെ അവതരിക്കപ്പെട്ടിരിക്കുന്നു. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും ശ്രദ്ധേയമാണ്.  പാലക്കാടൻ കരിമ്പനകൾക്ക് മീതെയുള്ള കാറ്റിന്റെ ഇരമ്പൽ പ്രധാന രംഗങ്ങളിൽ ഉടനീളം പശ്ചാത്തലമായി കേൾക്കാനാകും.

kaattu-movie-9

രണ്ടേമുക്കാൽ മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. രണ്ടു മണിക്കൂറിനകത്ത് പറയാവുന്ന കഥയെ വലിച്ചു നീട്ടിയത് ആസ്വാദനത്തിൽ മുഷിപ്പ് അനുഭവപ്പെടുത്തും. വാണിജ്യതലത്തിൽ ചിന്തിച്ചാൽ ചിത്രം ഒരു എന്റർടെയിനറല്ല, എന്നാൽ സിനിമ ആസ്വാദനത്തെ ഗൗരവമായി സമീപിക്കുന്നവർക്ക് ചിത്രം ഇഷ്ടപ്പെടുകയും ചെയ്യും.

നിങ്ങൾക്കും റിവ്യൂ എഴുതാം