Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിയാലോചന; റിവ്യു

goodalochana-review

ചിരിയിൽ തീർത്ത കുറെ ഐഡിയകളും ആലോചനകളുമാണ് ഗൂഢാലോചന എന്ന ചിത്രം പറയുന്നത്. കുറെ ചിരിയും ഇടയ്ക്കൽപ്പം കാര്യവും ചേർന്ന ചിത്രം പ്രേക്ഷകന് തരക്കേടില്ലാത്ത ആസ്വാദനാനുഭവം തന്നെയാണ് നൽകുക.

ജോലിയില്ലാതെ കറങ്ങി നടക്കുന്ന മടിയന്മാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ജോലി തേടി നടക്കുന്ന ഇവർ ചേർന്ന് ഒരു ബിസിനസ്സ് ആരംഭിക്കുന്നതും പിന്നീട് ചില പണമിടപാടുകളിൽ ചെന്നു പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു കള്ളം മറയ്ക്കാൻ മറ്റൊരു കള്ളം അങ്ങനെ അനേകം കള്ളങ്ങൾ എന്ന പോലെ കടക്കെണിയിൽ നിന്ന് രക്ഷപെടാൻ തട്ടിപ്പും വെട്ടിപ്പും നടത്തി ഒടുക്കം ഉൗരാക്കുടുക്കിൽ ചെന്നു പെടുന്നു ഇൗ ചെറുപ്പക്കാർ.

Goodalochana Official Trailer | Dhyan Sreenivasan | Aju Varghese | Sreenath Bhasi

സിനിമയുടെ ആദ്യാവസാനം ചിരിയാണ്. ലോജിക്കുകൾ ഒന്നും തന്നെയില്ലെന്ന് ആദ്യമെ തന്നെ പറഞ്ഞു കൊള്ളട്ടെ. ചിരിയിൽ തുടങ്ങുന്ന സിനിമ ഇടവേളയെത്തുമ്പോൾ അൽപം സീരിയസ്സാവും. രണ്ടാം പകുതിയിലും ഹാസ്യരംഗങ്ങളിൽ തന്നെയാണ് അണിയറക്കാർ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ ഹാസ്യരംഗങ്ങൾക്ക് ജീവൻ പകരുന്നത് ഹരീഷ് കണാരൻ ‌ആണെങ്കിൽ രണ്ടാം പകുതിയിൽ അജു വർഗീസും വിഷ്ണുവുമാണ് പ്രേക്ഷനെ അധികവും ചിരിപ്പിക്കുന്നത്. സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നതെങ്കിലും മിക്ക സിനിമകളിലും കണ്ടു വരുന്നതു പോലെ സൗഹൃദമാണ് എല്ലാം എന്നു പറഞ്ഞു നടക്കുന്നവരല്ല ഇൗ ചിത്രത്തിലെ കഥാപാത്രങ്ങൾ. അൽപം സ്വാർഥത‌യുള്ള താനാദ്യം രക്ഷപെടണം എന്നാഗ്രഹിക്കുന്ന സുഹൃത്തുക്കൾ. 

ചിത്രത്തിലെ ഹാസ്യരംഗങ്ങൾ മിക്കതും തീയറ്ററിൽ ചിരി പടർത്തുന്നതായിരുന്നു. ക്ലൈമാക്സിലെ ചില വലിച്ചുനീട്ടലുകളും അനാവശ്യ രംഗങ്ങളും ഒഴിവാക്കിയിരുന്നെങ്കിൽ സിനിമ കൂടുതൽ നന്നായേനെ. ആസ്വാദനത്തെ ബാധിക്കുന്നതല്ലെങ്കിലും തിരക്കഥാരചനയിലെ ചില സൂക്ഷ്മതക്കുറവുകൾ പ്രകടമായിരുന്നു.

goodalochana-review-1

നായകകേന്ദ്രീകൃതമല്ലാത്ത സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരൻ, വിഷ്ണു എന്നിവർ മികച്ച പ്രകടനം കാഴ്ച വച്ചു. ഹാസ്യരംഗങ്ങൾ ഇവർ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ചു. നായികയായ നിരഞ്ജനയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിഥി വേഷത്തിലെത്തിയ മംമ്തയും തന്റെ വേഷം മികച്ചതാക്കി. കഥയും തിരക്കഥയുമൊരുക്കിയ ധ്യാൻ ശ്രീനിവാസൻ ഹാസ്യത്തിന്റെ പാരമ്പര്യം തനിക്ക് കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ചു. തോമസ് കെ. സെബാസ്റ്റ്യൻ തന്റെ മൂന്നാമത്തെ ചിത്രം മികച്ച രീതിയിൽ ഒരുക്കി. ടൈറ്റിലിലെ കോഴിക്കോടൻ പാട്ട് മനോരഹരമായിരുന്നു. 

ഗൂഢാലോചന പേരു സൂചിപ്പിക്കും പോലെ ഗൗരവമുള്ള സിനിമയല്ല. മറിച്ച് ആദ്യാവസാനം ഹാസ്യത്തിനു മാത്രം പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രമാണ്. അതിഗംഭീര അനുഭവമൊന്നുമല്ലെങ്കിലും പണം മുടക്കിയ പ്രേക്ഷകനെ ഒരിക്കലം നിരാശപ്പെടുത്തില്ല ഇൗ സിനിമ.