Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലയുയർത്തി ഒരേയൊരു നയൻതാര

nayanthara-aramm-1

അഭയം തേടിയെന്നവണ്ണം മുകളിലേക്കു നീളുന്ന ഒട്ടേറെ കൈകൾ; അവർക്കു നേരെ താഴ്ന്നു വരുന്ന ഒരു കരുത്തുറ്റ കൈ– ‘അറം’ സിനിമയുടെ ടൈറ്റിലിൽ തുടങ്ങുന്നു അതിന്റെ രാഷ്ട്രീയം പറച്ചിൽ. ഗോപി നൈനാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മനസ്സു പിടിച്ചുലയ്ക്കുന്നത് അതിന്റെ തീവ്രമായ കഥപറച്ചിൽ രീതി കൊണ്ടു മാത്രമല്ല, അതു കൈകാര്യം ചെയ്യുന്ന സമകാലിക ഇന്ത്യയുടെ ചുട്ടുപഴുത്ത രാഷ്ട്രീയ വിഷയങ്ങൾ കൊണ്ടുകൂടിയാണ്. 

കുഴൽക്കിണറിൽ വീഴുന്ന ഒരു കുഞ്ഞിനെ രക്ഷിക്കാൻ നാടു മുഴുവൻ ഒന്നിക്കുന്നതാണു ചിത്രത്തിന്റെ കഥ. മധിവദനി എന്ന കലക്ടർക്ക് ആണ് ആ രക്ഷാപ്രവർത്തനത്തിന്റെ നേതൃത്വം. 90 അടി താഴ്ചയിൽ കുഴൽക്കിണറിൽ കുരുങ്ങി ജീവനു വേണ്ടി ശ്വാസം ആഞ്ഞുവലിച്ച് ധൻസിക എന്ന കൊച്ചുകുട്ടിയുമുണ്ട്. മകളുടെ ഓരോ ശ്വാസവും നിരീക്ഷിച്ച്, തൊണ്ടയിടറാതെ അവളോടൊന്നു സംസാരിക്കാൻ പാടുപെട്ട് അച്ഛനും മകനും സഹോദരനുമെല്ലാം മുകളിലുണ്ട്. 

Aramm Official Trailer | Nayanthara | Gopi Nainar | Ghibran

അവിടെയുണ്ടായിരുന്ന ഡോക്ടർ പറഞ്ഞു– ‘ആ കുട്ടിയുടെ മനഃക്കരുത്ത് അപാരമാണ്. അതിനാൽത്തന്നെ നമ്മൾ പ്രതീക്ഷിച്ചതിലുമേറെ സമയം ‌അവൾ ജീവനു വേണ്ടി പോരാടുമെന്നത് ഉറപ്പാണ്...’ ആ ഉറപ്പായിരുന്നു കലക്ടർക്കും വേണ്ടിയിരുന്നത്. ജീവന്റെ അവസാന നാളവും കൈവിട്ടു പോകും മുൻപ് അവളെ രക്ഷിച്ചെടുക്കാൻ സാധിക്കാവുന്ന എല്ലാ മാർഗവും തേടാനൊരുങ്ങുകയാണ് മധിവദനി. പക്ഷേ മണ്ണിടിച്ചിലായും രാഷ്ട്രീയക്കാരുടെ സമ്മർദ്ദമായും ഭീഷണികൾ തുടരെത്തുടരെ വന്നുകൊണ്ടേയിരിക്കുന്നു. എന്താണ് ആ നീളൻ കുഴിക്കുള്ളിൽ സംഭവിക്കുന്നതെന്നു മനസ്സിലാകാതെ ചുറ്റിലും കാത്തുകെട്ടി നിന്ന നാട്ടുകാരെ നിയന്ത്രിക്കുകയെന്നതായിരുന്നു പക്ഷേ ഏറ്റവും വലിയ പ്രശ്നം.

nayanthara-aramm-4

നിയന്ത്രണം വിട്ടു പൊട്ടിത്തെറിക്കുന്നവരിലൂടെ മാത്രമേ യഥാർഥ പ്രശ്നങ്ങൾ പുറത്തുവരികയുള്ളൂ. അത്രയും നാൾ അടക്കിവച്ചതായിരിക്കും അത്. ഇനിയൊന്നും നഷ്ടപ്പെടാനില്ലെങ്കിൽ പിന്നെന്തിനു പറയാൻ ഭയക്കണം? ഗോപി നൈനാറിന്റെ കഥ പറച്ചിൽ രീതിയും അത്തരത്തിൽ പല ‘പൊട്ടിത്തെറി’കളിലൂടെയായിരുന്നു. ഗ്രാമത്തിലേക്ക് ഏറെ ദൂരമായതു കൊണ്ടും അവിടേക്ക് നല്ലൊരു റോഡോ പാലമോ ഇല്ലാത്തതു കൊണ്ടും വഴിയിൽ കിടന്നു പോകുന്ന ഫയർ എൻജിൻ തന്നെ ഉദാഹരണം. ‘വോട്ടു ചോദിച്ച് നിങ്ങൾ എത്ര ദൂരേക്കു വേണമെങ്കിലും നടന്നെത്തുമല്ലോ. ഞങ്ങൾക്ക് ഒരു പ്രശ്നം വന്നപ്പോൾ നിങ്ങൾക്ക് ദൂരവും ഒരു പ്രശ്നമായല്ലേ...?’ എന്നു ചോദിക്കുന്ന നാട്ടുകാരന്റെ ഉള്ളിലുണ്ട് രാഷ്ട്രീയക്കാരോടുള്ള മുഴുവൻ ദേഷ്യവും. 

nayanthara-aramm-3

പക്ഷേ രക്ഷാസേനയ്ക്കു പറയാനുള്ളത് മറ്റൊന്നാണ്– ആധുനികമായ യാതൊരു ഉപകരണവും അവരുടെ കയ്യിലിലില്ല. വെറും 30,000 രൂപയ്ക്ക് ഒരു ചെറുപ്പക്കാരൻ കുഴൽക്കിണറിലേക്കിറക്കാവുന്ന റോബട്ടിനെ തയാറാക്കിയതാണ്. പക്ഷേ അതുപോലും രക്ഷാസേനയ്ക്കു ലഭ്യമാക്കിയിട്ടില്ല. മാധ്യമപ്രവർത്തകർക്കാണെങ്കിൽ സംഭവം നടക്കുന്ന സ്ഥലത്തേക്ക് പൊലീസ് കടത്തിവിടാത്ത സങ്കടമാണ്. മൂടാതെ കിടന്ന കുഴൽക്കിണറിന്റെ ഉത്തരവാദികൾക്കാകട്ടെ നിയമനടപടിയുണ്ടാകുമോയെന്ന പേടി. ഇങ്ങനെ ഒരുപാട് ആകുലതകളും സങ്കടങ്ങളും ആവലാതികളും പേടിയുമെല്ലാം എത്തിച്ചേരുന്നത് ഒരൊറ്റയാളിലേക്കാണ്– നയൻതാരയുടെ മധിവദനി എന്ന കലക്ടർ കഥാപാത്രത്തിലേക്ക്. എല്ലാവർക്കും ഉത്തരം നൽകേണ്ടതും നൽകുന്നതും അവരാണ്. 

മധിവദനിയിലൂടെയാണ് സംവിധായകനും ജനങ്ങളുടെ പ്രശ്നങ്ങളെയും ജനാധിപത്യം നേരിടുന്ന ഭീഷണികളെയും പ്രേക്ഷകനു മുന്നിലെത്തിക്കുന്നത്. ഒരു വശത്ത് 90 അടി താഴെ വീണു കിടക്കുന്ന കുട്ടിയെ രക്ഷിക്കാൻ യാതൊരു മാർഗവുമില്ലാതെ അധികൃതർ വീർപ്പുമുട്ടുമ്പോൾ മറുവശത്ത്, ആ ഗ്രാമത്തിന് ഒരു കടൽക്കരയപ്പുറത്ത്, ലക്ഷക്കണക്കിന് അടി മുകളിലേക്കു കുതിക്കാനൊരുങ്ങി ഇന്ത്യയുടെ അഭിമാന റോക്കറ്റ് നിൽപുണ്ട്. അനേകലക്ഷങ്ങൾക്ക് ഉപകാരമുള്ള പ്രോജക്ട് എന്നു പറഞ്ഞ് അതിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചിരിക്കുകയാണ്. അതേസമയം തന്നെയാണ് ഭൂമിക്കടിയിൽ ഒരു കുരുന്നിന്റെ ജീവനു വേണ്ടിയുള്ള നിമിഷങ്ങളും എണ്ണിത്തുടങ്ങുന്നത്. കുതിപ്പിനും കിതപ്പിനുമിടയിൽ വീർപ്പുമുട്ടുന്നതാകട്ടെ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളും. 

തമിഴ്നാട്ടിലെ അനധികൃത ജലഊറ്റലിനെപ്പറ്റിയും ശക്തമായി പ്രതികരിക്കുന്നുണ്ട് ചിത്രം. ഉദ്യോഗസ്ഥരെ അവരുടെ കടമ നിർവഹിക്കാൻ പോലുമാകാതെ അടിച്ചമർത്തുന്ന രാഷ്ട്രീയക്കാരുടെ മുഖത്തു തുപ്പുന്ന അനുഭവവും അറിയാനാകും ‘അറ’ത്തിലൂടെ. ഒരു സ്ത്രീക്ക് കലക്ടർ ആകാം, അതു പലപ്പോഴും സംഭവിക്കുന്നതാണ്. പക്ഷേ തുടർന്ന് ഒരു അധികാരസ്ഥാനത്തേക്കെത്തുമ്പോഴാണ് സ്ത്രീ എന്ന നിലയിൽ സമൂഹത്തിൽ നേരിടേണ്ടി വരുന്ന വേർതിരിവ് കൃത്യമായി തനിക്ക് മനസ്സിലായതെന്ന് പറയുന്നുണ്ട് മധിവദനിയെന്ന കഥാപാത്രം. ഭാര്യയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അവളെയുമെടുത്ത് ഓടുന്ന ദുരൈരാജിനോട് ഡോക്ടർ ചോദിക്കുന്നുണ്ട്, ഇതെന്തിനാണു ചെയ്തതെന്ന്? ‘ഇവളു പോയിക്കഴിഞ്ഞാൽ ഞാനും എന്റെ മോനും അനാഥരായിപ്പോകും സാറേ...’ എന്നു പറഞ്ഞാണ് ഭാര്യയെ കെട്ടിപ്പിടിച്ച് അയാൾ ഉറക്കെ കരയുന്നത്. ആണിന്റെ നിഴലായല്ല, അവനെ മുന്നോട്ടു നയിക്കുന്ന സ്ത്രീത്വത്തിന്റെ കരുത്ത് ഇതിലും മനോഹരമായി എങ്ങനെ പ്രേക്ഷകനിലേക്ക് എത്തിക്കാനാകും?

nayanthara-aramm-7

ദുരൈരാജ് ആയി പകർന്നാടിയ നടൻ രാമചന്ദ്രന്റെ ഇത്രയും നാളത്തെ വില്ലൻ കഥാപാത്രങ്ങളിൽ നിന്നു മാറി മുഖ്യധാരയിലേക്കുള്ള വരവിന്റെ മികച്ച പ്രതിഫലനം കൂടിയായി ‘അറം’. സുനു ലക്ഷ്മിയാണ് ഹൻസികയുടെ അമ്മവേഷത്തിലെത്തുന്നത്. മകളെ തേടിയുള്ള അലച്ചിലിനിടെ ഓരോ കാലടിവയ്പിലും അവരുടെ മുഖത്തു നിറഞ്ഞ വിഹ്വലതയാർന്ന അഭിനയനിമിഷങ്ങൾ മതി സുനുവിന്റെ പ്രകടനത്തിനു നൂറിൽ നൂറു മാർക്ക് കൊടുക്കാൻ. ‘കാക്കമുട്ടൈ’യിലെ കുട്ടിത്താരങ്ങൾ വിഗ്നേഷും രമേഷുമുണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി. തമിഴ് സിനിമയുടെ ഓരങ്ങളിൽ മികച്ച പ്രകടനവുമായി മിന്നിമറഞ്ഞു കൊണ്ടിരിക്കുന്ന ഒട്ടേറെ അഭിനേതാക്കളെ ‘അറ’ത്തിലും കാണാം. 

ഒരു പ്രഭാതത്തില്‍ തുടങ്ങി രാവിൽ അവസാനിക്കുന്ന ചിത്രം പൂർണമായും കൊണ്ടു പോകുന്നത് നയൻതാരയാണെന്നു നിസ്സംശയം പറയാം. ഗ്ലാമർ വേഷങ്ങളിലൂടെ തമിഴകത്തെ പിടിച്ചടക്കിയെന്ന് നയൻതാരയെപ്പറ്റി പറയുന്നവർ ഇനി അതൊന്നു മാറ്റിപ്പറയേണ്ടി വരും. ഗ്ലാമറിന്റെ മിന്നുംകാഴ്ചകളൊന്നുമില്ല ചിത്രത്തിലും നയൻതാരയിലും. ‘അറ’ത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിലുൾപ്പെടെ അവിസ്മരണീയ അഭിനയനിമിഷങ്ങളാണ് നയൻതാര നമുക്കു സമ്മാനിക്കുന്നത്. 

തമിഴ്നാടൻ ഗ്രാമീണതയുടെ ചൂടും ചൂരും നൈർമല്യവും പ്രേക്ഷകനു പകർത്തി നൽകുന്നു ഓം പ്രകാശിന്റെ ഛായാഗ്രഹണം. 

nayanthara-aramm-8

അനിയന്ത്രിതമായ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുന്ന അപ്രതീക്ഷിത സംഘട്ടനങ്ങളുണ്ട്. അത് ആ നിമിഷത്തിന്റെ ആവേശത്തിൽ സൃഷ്ടിക്കപ്പെടുന്നതാണ്. അതിനെ കൃത്രിമമായി നിർമിച്ചെടുക്കുകയെന്നത് ഏറെ ദുഷ്കരവും– പക്ഷേ പീറ്റർ ഹെയ്നിന്റെ സ്റ്റണ്ട് കൊറിയോഗ്രഫി പുതിയ മാനങ്ങൾ കൈവരിക്കുന്നതു കാണാം ‘അറ’ത്തിൽ. ജിബ്രാനാണു സംഗീതം, റൂബെൻ എഡിറ്റിങ്ങും. രാഷ്ട്രീയവിമർശനങ്ങൾക്കിടെ പറയാൻ വേണ്ടി പറയുന്ന ചില കാര്യങ്ങൾ ചാനൽ ചർച്ചകളിലൂടെയും മറ്റും തിരുകിക്കയറ്റാൻ ശ്രമിച്ചതു മാത്രമാണ് ചിത്രത്തിലെ പോരായ്മയായി പറയാനുള്ളത്. അതുപോലും സമാന്തരമായൊരു തമാശ നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നതും വിസ്മരിക്കുന്നില്ല. 

‘സത്‌കർമം’ എന്നു മലയാളത്തിൽ വിശദീകരിക്കാം ‘അറം’ എന്ന വാക്കിനെ. നല്ല സിനിമകൾ ആഗ്രഹിക്കുന്ന, നട്ടെല്ലിന് ഉറപ്പുള്ള അഭിപ്രായങ്ങൾ ധൈര്യത്തോടെ പങ്കുവയ്ക്കുന്ന സിനിമകൾ ആഗ്രഹിക്കുന്ന പ്രേക്ഷകനോട് ഗോപി നൈനാർ ചെയ്ത സത്കർമം കൂടിയാണ് അറം; നിഃസ്സംശയം പറയാം. 

നിങ്ങൾക്കും റിവ്യൂ എഴുതാം