Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർപ്രൈസിന് വിരാമമിട്ട് ജസ്റ്റിസ് ലീഗ്; റിവ്യു

justice-league

അന്ധകാരം എന്നത് പ്രകാശത്തിന്റെ അഭാവമല്ല, മറിച്ച് വെളിച്ചം ഒരിക്കലും തിരിച്ചെത്തില്ല എന്ന ഭയമാണ്...സൂപ്പർമാൻ മരിച്ചു. നഗരം മുഴുവൻ കാവൽമാലാഖയുടെ സേവനങ്ങളെ സ്മരിച്ചു കൊണ്ട് ദിനങ്ങൾ പിന്നിടുന്നു. 

സൂപ്പർമാന്റെ മരണത്തിൽ താനും കാരണക്കാരനായതിന്റെ കുറ്റബോധവുമായി കഴിയുകയാണ് ബാറ്റ്മാൻ. ഇതിനിടയ്ക്ക് ഭൂമിയെ കീഴടക്കാൻ സ്റ്റെപ്പൻ വുൾഫ് എന്ന ശത്രു ഉയിർത്തെഴുന്നേൽക്കുന്നു. പ്രത്യാശ നഷ്ടപ്പെട്ട ഭൂമിയെ സംരക്ഷിക്കാനായി ബാറ്റ്മാൻ സവിശേഷ കഴിവുകളുള്ളവരുടെ ഒരു സംഘം രൂപീകരിക്കുന്നു. വണ്ടർ വുമൻ, അക്വാമാൻ, ഫ്ലാഷ്, സൈബോർഗ് എന്നിവർ ബാറ്റ്മാനൊപ്പം അണിനിരക്കുന്നു. 

JUSTICE LEAGUE - Official Heroes Trailer

എന്നാൽ അവർക്കു മാത്രമായി ഭൂമിയെ രക്ഷിക്കാൻ സാധിക്കുമോ? ആ ചോദ്യത്തിനുള്ള ഉത്തരമാണ് തുടർന്നുള്ള ചിത്രം. കോരിത്തരിപ്പിക്കുന്ന ആക്​ഷൻ രംഗങ്ങളാലും കരുത്തുറ്റപ്രകടനങ്ങളാലും സമ്പന്നമായ സിനിമ പക്ഷേ തിരക്കഥയി‍ൽ ദുർബലപ്പെട്ട് കിടക്കുന്നു. 

ബാറ്റ്മാൻ vs സൂപ്പർമാൻ എന്ന ചിത്രത്തിന്റെ തുടർച്ചയായാണ് ജസ്റ്റിസ് ലീഗിന്റെ കഥ വികസിക്കുന്നത്. സാക്ക് സ്നൈഡറാണ് സംവിധാനം. ചിത്രത്തിന് കഥാപരമായും ആഖ്യാനപരമായും  മാർവൽ സൂപ്പർഹീറോ ചിത്രം അവഞ്ചേഴ്സുമായി സാദൃശ്യം തോന്നാം. അവഞ്ചേഴ്സിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ച ജോസ് വീഡൻ തന്നെയാണ് ജസ്റ്റിസ് ലീഗിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഈ സിനിമ െചയ്യുമ്പോഴാണ് സാക്ക് സ്നൈഡറുടെ മകളുടെ മരണം. തുടർന്നാണ് ജോസ് വീഡൻ സിനിമയുടുടെ പോസ്റ്റ് പ്രൊഡക്ഷൻ ഏറ്റെടുക്കുന്നത്. ക്രിസ് ടെറിയോ (ആർഗോ–തിരക്കഥ), ജോസ് വെഡൺ എന്നിവരുടെതാണ് തിരക്കഥ. സിനിമയുടെ സിജിഐ ഭാഗങ്ങളും പൂർണപരാജയമാണ്. 

ചിത്രത്തിന്റെ പ്രൊമോഷൻ സമയത്തും ട്രെയിലറുകളിലും പോസ്റ്ററുകളിലുമെല്ലാം പിടിതരാതെ കാത്തുസൂക്ഷിച്ച ആരാധകരുടെ വലിയ ചോദ്യത്തിന് ( സൂപ്പർമാൻ ഉയിർത്തെഴുന്നേൽക്കുമോ?) തൃപ്തികരമായ മറുപടി നൽകിയിട്ടുണ്ട്  ജസ്റ്റിസ് ലീഗ്. 

താരങ്ങളെല്ലാം തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. പ്രേക്ഷകരെ കൂടുതൽ ചിരിപ്പിക്കുന്നത് എസ്ര മില്ലർ അവതരിപ്പിച്ച ഫ്ലാഷ് കഥാപാത്രമാണ്. ചിത്രത്തിന്റെ തുടക്കത്തിലുള്ള വിഷാദഛായ നിറഞ്ഞ ഗാനം ശ്രദ്ധേയമാണ്.  കഥാപരമായി വലിയ മികവ് അവകാശപ്പെടാനില്ലെങ്കിലും ചിത്രത്തിന്റെ സാങ്കേതികവശങ്ങൾ മികവുകാട്ടുന്നുണ്ട്. മികച്ച ഗ്രാഫിക്സ്, സംഘട്ടനരംഗങ്ങൾ, പശ്ചാത്തലസംഗീതം തുടങ്ങിയവ പ്രശംസനീയമാണ്. അടുത്ത ഭാഗത്തിലേക്ക് വഴിമരുന്നിട്ടാണ് ചിത്രം അവസാനിക്കുന്നത്. ചുരുക്കത്തിൽ സൂപ്പർഹീറോ ആരാധകരോട് നീതി പുലർത്തുന്ന ചിത്രമാണ് ജസ്റ്റിസ് ലീഗ്.