Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജോയ് ചെയ്യാം ഈ ജോയ്; റിവ്യു

history-of-joy-movie-review

ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച ജോയ് ആൻഡ്രൂസ് ജീവിതം അടിച്ചുപൊളിക്കുന്ന ചെറുപ്പക്കാരനാണ്. പേരിനു നിയമപഠനവുമുണ്ട്. ആഘോഷത്തിന്റെ ഒരു രാത്രിയിൽ ജോയ്‌യുടെ കൈപ്പിഴ കൊണ്ടുണ്ടാകുന്ന ഒരപകടം അയാളുടെ ജീവിതം മാറ്റിമറിക്കുന്നു.

കുടുംബം അയാളെ തള്ളിക്കളയുന്നു. ചെയ്ത കുറ്റത്തിന്റെ ശിക്ഷ അനുഭവിച്ച്, ഒരു പുതുജീവിതം സ്വപ്നം കണ്ട് സമൂഹത്തിലേക്കിറങ്ങിയ അയാളെ വീണ്ടും പ്രശ്നങ്ങൾ പിന്തുടരുന്നു. സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ജോയ്ക്ക് നേരിടേണ്ടി വരുന്ന അവഗണനകളും അതിൽനിന്നും പുറത്തുവരാനുള്ള അയാളുടെ ശ്രമങ്ങളുമാണ് 'ഹിസ്റ്ററി ഓഫ് ജോയ്' എന്ന ചിത്രത്തിന്റെ പ്രമേയം. 

History Of Joy Malayalam Movie Official Teaser | Vishnu Vinay|Vishnu Govind

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്നു. മെക്സിക്കൻ അപാരത, വില്ലൻ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട വിഷ്ണു ഗോവിന്ദനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിനയ് ഫോർട്, ജോജു ജോർജ്, സായ്‌കുമാർ, അപർണ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

ഒരു നവാഗതന്റെ അപരിചിതത്വമില്ലാതെ വിഷ്ണു നായകവേഷം തരക്കേടില്ലാതെ കൈകാര്യം ചെയ്തിട്ടുണ്ട്. ഗാനങ്ങൾ, പശ്‌ചാത്തലസംഗീതം, ഛായാഗ്രാഹണം എന്നിവ ശരാശരി നിലവാരം പുലർത്തുന്നു. തിരക്കഥയിൽ പുതുമകൾ ഒന്നും അവകാശപ്പെടാനില്ല എന്നതാണ് പോരായ്മ. 

പുതുതലമുറയിലെ ലഹരിഉപഭോഗവും, ലഹരിയുടെ പുതുവഴികളും അതുമൂലം ശിഥിലമാകുന്ന കുടുംബബന്ധങ്ങളുമൊക്കെ ചിത്രത്തിൽ വ്യംഗ്യമായി സൂചിപ്പിക്കുന്നുണ്ട്. ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ഒരു വ്യക്തിയിലെ മികവിനെ പരുവപ്പെടുത്തുന്നത് എന്ന സന്ദേശമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്.

ചുരുക്കത്തിൽ അമിത പ്രതീക്ഷകൾ വച്ചുപുലർത്താതെ പോയിക്കണ്ടാൽ ചിത്രം തൃപ്തികരമായ കാഴ്ചയായിരിക്കും.

നിങ്ങൾക്കും റിവ്യൂ എഴുതാം