Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഗാ'മാസ്റ്റര്‍പീസ്'; റിവ്യു

Masterpiece FDFS Response

മണ്ണിലും വിണ്ണിലും താരങ്ങള്‍ നിറയുന്ന ക്രിസ്മസ് കാലത്ത് മലയാളികളുടെ സ്വന്തം മെഗാതാരം ഒരുക്കുന്ന വിഭവസമൃദ്ധമായ വിരുന്നാണ് മാസ്റ്റര്‍പീസ്. ആക്ഷനിലും അഭിനയത്തിലും മമ്മൂട്ടിയെന്ന മഹാനടന്‍ നിറഞ്ഞാടുന്ന ചിത്രം. മാസ് ആക്‌ഷന്‍ എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന കാര്യത്തില്‍ ചിത്രത്തെ ഒരൊറ്റ വാക്കില്‍ മാസ്റ്റര്‍പീസ് എന്നുതന്നെ വിശേഷിപ്പിക്കേണ്ടി വരും. ക്യാംപസ് ചിത്രമെന്ന ലേബലിലെത്തി ആദ്യാവസാനം സസ്‌പെന്‍സ് നിറഞ്ഞു നില്‍ക്കുന്ന ഒരുഗ്രന്‍ ആക്‌ഷന്‍ ത്രില്ലറായി സിനിമ മാറുന്നതും അതുകൊണ്ടാണ്.

ajai-mammootty

ക്യാംപസിലെ രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള പകയില്‍ നിന്നാണ് ചിത്രത്തിന്റെ തുടക്കം. അധ്യാപകര്‍ കാഴ്ചക്കാരായി മാത്രമിരിക്കേണ്ടി വരുന്ന ഒരു ക്യാംപസ്. പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോകുന്നത് അവിടെയൊരു കൊലപാതകം നടക്കുമ്പോഴാണ്. പിന്നാലെയൊരു ആത്മഹത്യയും. കുറ്റവാളിയാരാണെന്ന ചോദ്യത്തിന് കൈചൂണ്ടിക്കാണിക്കാന്‍ ഒട്ടേറെ പേര്‍ ക്യാംപസില്‍ത്തന്നെയുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചതുമാണ്. പക്ഷേ ക്യാംപസിലെ ഒരധ്യാപകന്‍ എല്ലാം തകിടം മറിച്ചു. പൊലീസിനെ ക്യാംപസില്‍ കയറ്റുക പോയിട്ട് പിള്ളേരുടെ മേല്‍ ഒന്നു തൊടാന്‍ പോലും അയാള്‍ സമ്മതിച്ചില്ല. ആ അധ്യാപകനാണ് എഡ്വേർഡ് ലിവിങ്സ്റ്റണ്‍. 

Masterpiece Audio Launch | Mammootty, Uday Krishna, Ajay Vasudev, Deepak Dev

കേട്ടിട്ടൊരു ഹോളിവുഡ് സ്റ്റാറിന്റെ പേരുപോലുണ്ടല്ലോ എന്ന പ്രഫസര്‍ ചെറിയാന്റെ വാക്കുപോലെത്തന്നെ ഈ ഗുണ്ടാമാഷ് ക്യാംപസിലെയും സ്റ്റാറായിരുന്നു. ക്യാംപസിന്റെ കഥയായതിനാല്‍ത്തന്നെ കാര്യമായൊരു സമയം സംവിധായകന്‍ അജയ് വാസുദേവ് കോളജ് കാഴ്ചകള്‍ക്കായി വിട്ടു കൊടുത്തിട്ടുണ്ട്. ഏറെ നേരത്തെ കാത്തിരുപ്പിനു ശേഷം മാത്രമാണു മമ്മൂട്ടിയുടെ വരവ്. അതാകട്ടെ ഒരൊന്നൊന്നര വരവും. 

ആദ്യപകുതി പൂര്‍ണമായും സസ്‌പെന്‍സിലേക്കു നീട്ടേണ്ട കഥയുടെ വിളനിലമൊരുക്കാന്‍ വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. പ്രേക്ഷകന് ആരെ വേണമെങ്കിലും സംശയിക്കാവുന്ന വിധം ഉദയ്കൃഷ്ണയുടെ തിരക്കഥ ഫ്രെയിമിലാകെ കുറ്റവാളികളെ നിരത്തുന്നുണ്ട്. ഏച്ചുകെട്ടിയ ഡയലോഗുകളില്ല എന്നതാണ് തിരക്കഥയുടെ വലിയൊരു ഗുണം. കേസന്വേഷണത്തിനു പിന്നാലെ പായുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനുമെല്ലാമുള്ള 'കൊട്ട്' ചില രസികന്‍ ഡയലോഗുകളിലൂടെ അദ്ദേഹം സ്‌ക്രീനിലെത്തിക്കുന്നുണ്ട്. 

സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള പ്രസംഗമത്സരത്തിന്റെ വേദിയാക്കാതെ കയ്യടിച്ചു പോകുന്ന ചില ഓണ്‍ ദ് സ്‌പോട്ട് ഡയലോഗുകളിലൂടെ പല വിവാദങ്ങള്‍ക്കും മറുപടി നല്‍കുന്നുമുണ്ട്. പ്രത്യേകിച്ച് മമ്മൂട്ടിയുടെ ചില സിനിമകളുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്ക്. ആ വിവാദങ്ങള്‍ക്കും മുന്‍പേ സിനിമ തീര്‍ന്നതാണെങ്കിലും അവര്‍ക്കുള്ള അളന്നുമുറിച്ചുള്ള മറുപടി നല്‍കുന്നുണ്ട് മമ്മൂട്ടിയുടെ കഥാപാത്രം. തിരക്കഥയ്ക്കിടയില്‍ ഇതിനൊക്കെയാണോ ഉദയ് കൃഷ്ണ സമയം കണ്ടെത്തിയത് എന്നു ചോദിക്കരുത്. സിനിമ മുന്നോട്ടു പോകവേ അതിന്റെ ഭാഗമായിത്തന്നെ പലര്‍ക്കുമുള്ള മറുപടികള്‍ നല്‍കുന്നതിലാണ് തിരക്കഥയുടെ മിടുക്ക്. 

MASTER-PIECE-MAMMOOTTY

സസ്‌പെന്‍സുകളുടെ മാറിമറിച്ചിലുകള്‍ക്കിടയില്‍ പ്രേക്ഷകന്റെ മനസ്സില്‍ ചില സംശയങ്ങളും ബാക്കിയാക്കുന്നുമുണ്ട് ചിത്രം. പിന്നെ പുലിമുരുകനെ ഹിറ്റാക്കിയവരിലൊരാളായ തിരക്കഥാകൃത്തിന് സൂപ്പര്‍-മെഗാസ്റ്റാറുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടല്ലോ! അത് ഉശിരന്‍ ഡയലോഗുകളായി മമ്മൂട്ടി തന്നെ പറയുമ്പോള്‍ തിയേറ്ററില്‍ ആരവം മുഴങ്ങുന്നതും സ്വാഭാവികം മാത്രം. മാസ് ഡയലോഗുകള്‍ ഒട്ടും കുറച്ചിട്ടില്ല മാസ്റ്റര്‍പീസില്‍. ആക്‌ഷന്റെ കാര്യത്തിലാണെങ്കില്‍ ആദ്യ ചിത്രം രാജാധിരാജയില്‍ നിന്ന് ഒരല്‍പം കൂടുതല്‍ മുന്നോട്ടു പോയിരിക്കുന്നു സംവിധായകന്‍ അജയ്. ആക്‌ഷന്‍ രംഗങ്ങള്‍ അത്രയേറെയുണ്ട്. ഇടയ്ക്ക് ചില നേരങ്ങളില്‍ ഇടി അല്‍പം കൂടിപ്പോയില്ലേ എന്നു തോന്നിയേക്കാം. വിശ്രമസമയത്തേക്ക് നല്ല പാട്ടുകളും ഒരുക്കിയിട്ടുണ്ട് ദീപക് ദേവ്. 

ചിത്രത്തിന്റെ ടൈറ്റില്‍ മുതല്‍ കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന ബാക്ക് ഗ്രൗണ്ട് സ്്‌കോറും ചിത്രത്തില്‍ സമ്മാനിക്കുന്ന ഉത്സവാന്തരീക്ഷം ചില്ലറയല്ല. ചടുലമാണ് ചിത്രത്തിന്റെ വേഗം. അതിനനുസരിച്ച് ക്യാമറയൊരുക്കിയത് വിനോദ് ഇല്ലംപള്ളിയും. കളര്‍ഫുളാണ് ഫ്രെയിമുകള്‍. ആവേശം നിറഞ്ഞ സംഗീതത്തോടൊപ്പം ചടുലമായ ഫ്രെയിമുകളും മികച്ച ആക്ഷന്‍ കൊറിയോഗ്രഫിയും കൂടിയായതോടെ മാസ്റ്റര്‍പീസ് ആരാധകരെ ആവേശത്തിലാക്കും. സിനിമയുടെ വേഗം ചോരാതെ ഈ ഉത്സവാഘോഷങ്ങളെയെല്ലാം ഏകോപിപ്പിക്കുന്നുണ്ട് ജോണ്‍കുട്ടിയുടെ എഡിറ്റിങ്. ആക്ഷന്‍രംഗങ്ങളിലൊന്നില്‍, അതും നിര്‍ണായകസ്ഥാനത്ത്, പശ്ചാത്തലമൊരുക്കിയതിലെ പാളിച്ചകള്‍ കല്ലുകടിയാകുന്നുമുണ്ട്.

masterpiece-review-1

ക്യാംപസിലെ ഗുണ്ടാമാസ്റ്റര്‍ മമ്മൂട്ടിയുടെ കയ്യില്‍ ഭദ്രമായിരുന്നു. തന്റെ ആരാധകര്‍ക്ക് ഇതിലും നല്ലൊരു ക്രിസ്മസ്-ന്യൂഇയര്‍ വിരുന്ന് അദ്ദേഹത്തിന് നല്‍കാനാകുമോ എന്ന കാര്യത്തിലും സംശയമാണ്. അത്രയേറെ 'മെഗാമാസ്റ്റര്‍പീസ്' പ്രകടനമാണു മമ്മൂട്ടിയുടേത്. പൊലീസ് വേഷത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. കസബയ്ക്കു ശേഷം മാസ്റ്റര്‍പീസിലും വരലക്ഷ്മി ശരത്കുമാറുണ്ട്. 

പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വം വഹിക്കുന്ന ഭവാനി ദുര്‍ഗയായി. സന്തോഷ് പണ്ഡിറ്റ് അദ്ദേഹത്തിന്റെ സിനിമകളില്‍ കാണുന്നതു പോലെയല്ല, ഇതില്‍ അത്യാവശ്യം അടക്കവും ഒതുക്കത്തോടെ അഭിനയിച്ചിട്ടുണ്ട്. ഗോകുല്‍ സുരേഷിനോടൊപ്പം മഖ്ബൂല്‍ സല്‍മാനും, പാഷാണം ഷാജിയും ബിജുക്കുട്ടനും കലാഭവന്‍ ഷാജോണും കൈലാഷും നന്ദുവും മുകേഷും ശിവജി ഗുരുവായൂരും പൂനം ബജ്‌വയും ജോണ്‍ കൈപള്ളിയും സുനില്‍ സുഖദയും അഞ്ജലി നായരും മഹിമനമ്പ്യാരും ദിവ്യപിള്ളയുമെല്ലാമായി വന്‍താരനിര തന്നെയുണ്ട് ചിത്രത്തില്‍.  

*മാസ്റ്റര്‍ പീസ് ഒരിക്കലും 'പീസ്ഫുൾ' ആണെന്നു കരുതരുത്, ഹൗസ്ഫുള്ളാക്കാനുള്ള സകല ചേരുവകളുമായി ഇടിയുടെ, പാട്ടിന്റെ, ഗ്ലാമറിന്റെ പൊടിപൂരമാണ് തിയേറ്ററില്‍ കാത്തിരിക്കുന്നത്.

related stories
നിങ്ങൾക്കും റിവ്യൂ എഴുതാം