Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിയും ത്രില്ലും നിറഞ്ഞ 'ദിവാൻജിമൂല'; റിവ്യു

diwanjimoola

തൃശൂരിന്റെ പശ്ചാത്തലത്തിൽ ആക്ഷേപഹാസ്യവും ത്രില്ലിങ് രംഗങ്ങളും ഇടകലർത്തി ഒരുക്കിയിരിക്കുന്ന മനോഹര ചിത്രമാണ് ദിവാൻജിമൂല ഗ്രാൻപ്രി. അനിൽ രാധാകൃഷ്ണൻ മേനോനും മലയാളികൾക്ക് ഏറെ പ്രിയങ്കരനായ കലക്ടർ ബ്രോ പ്രശാന്ത് നായരും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

വളരെ വ്യത്യസ്തമായാണ് ചിത്രമാരംഭിക്കുന്നത്. ഇരുട്ടത്ത് അശിരീരിയിൽ മലയാള സിനിമാ പ്രേമികൾക്ക് പരിചിതമായ ശബ്ദങ്ങളിലൂടെ കഥപറച്ചിൽ ആരംഭിക്കുകയാണ്. തൃശൂർ ജില്ലയിൽ പുതുതായി ചാർജെടുത്ത കലക്ടർ സാജൻ ജോസഫ് (കുഞ്ചാക്കോ ബോബൻ) നാടു നന്നാക്കാൻ ഇറങ്ങുന്ന പ്രമേയത്തിൽ നിന്നും ആവേശകരമായ ബൈക്ക് റേസിൽ അവസാനിക്കുന്നതാണീ ചിത്രം.

Diwanjimoola Grand Prix Official Trailer | Kunchacko Boban | Nyla Usha | Anil Radhakrishnan Menon

നഗരവൽക്കരണത്തിന്റെ ഭാഗമായി കൂടിയൊഴിപ്പിക്കപ്പെട്ടവർ, വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ വഴിയാധാരമായി. ചെറുപ്പക്കാർ കുറ്റകൃത്യങ്ങളിലേക്ക് നയിക്കപ്പെട്ടു. തൃശൂർ ജില്ലയിലേക്ക് പുതുതായി ചാർജെടുക്കുന്ന കലക്ടർ സാജൻ ജോസഫിന്റെ പ്രഥമ ദൗത്യം ഇവരെ നന്നാക്കലാണ്. 'ദിവാൻജി മൂല' കുഴപ്പം പിടിച്ച സ്ഥലമാണ്. ഇവിടുത്തെ സാധാരണക്കാരുടെ ഇടയിൽ സജീവമായി പ്രവർത്തിക്കുന്ന പഞ്ചായത്ത് മെമ്പറും എൽഐസി ഏജന്റുമായി നൈല ഉഷ (ഇഫി മോൾ) എത്തുന്നതോടെയാണ് കഥ രസകരമാകുന്നത്.

ഈ സംവിധായകന്റെ കഥാപാത്ര രൂപീകരണം എന്നും വ്യത്യസ്തമാണ്, ഒപ്പം ശക്തവും. കലക്ടർ സാജൻ ജോസഫ് എന്ന കഥാപാത്രത്തെ പൊലിപ്പിക്കാൻ തിരക്കഥയിൽ പങ്കാളിയായ കലക്ടർ ബ്രോയുടെ (പ്രശാന്ത് നായർ) സഹായം ലഭിച്ചിരിക്കാം. നൈല ഉഷയുടെ കഥാപാത്രമാണ് സിനിമയുടെ ഹൈലൈറ്റ്. ഇത്രയും ശക്തമായ ഒരു കഥാപാത്രം നൈലയ്ക്ക് ആദ്യമായാണ് ലഭിക്കുന്നത്. പരുക്കേറ്റ് കിടപ്പിലായ, ഒപ്പം നാട്ടുകാരുടെ ഹരമായ പഴയ ബൈക്ക് റേസറെ നടൻ സിദ്ദിഖ് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ചലനശേഷി നഷ്ടപ്പെട്ട് വീൽചെയറിൽ ജീവിക്കുന്ന കഥാപാത്രമാണ് സിദ്ദിഖിന്റേത്. മെക്കാനിക്കായി നെടുമുടി വേണുവും പാസ്റ്ററായി വിനായകനും കലക്കി. ചിത്രത്തിലെ മുഖ്യ കഥാപാത്രം കൈകാര്യം ചെയ്യുന്ന രാഹുൽ (ശത്തൻ) മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. പുതുമുഖതാരങ്ങളെല്ലാം തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കുന്നു.

chakochan-anil-1

തൃശൂർ‌പൂരത്തിന്റെയും ദിവാൻജി മൂലയുടേയും ബൈക്ക് റേസിന്റേയുമൊക്കെ കഥ പറയുമ്പോഴും തന്റെ ആക്ഷേപ ഹാസ്യ ടച്ച് വിടാതിരിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പ്രാഞ്ചിയേട്ടനിലെ ടിനിടോമിന്റെ കഥാപാത്രത്തെയും തൂവാനത്തുമ്പികളിലെ അശോകന്റെ കഥപാത്രത്തെയും സംവിധായകൻ കൊണ്ടുവരുന്നു. പെട്ടി നിറയെ നോട്ടുമായി നടക്കുന്ന (നിരോധിച്ച നോട്ടുകെട്ടുകൾ) സുധീർ കരമനയുടെ കഥാപാത്രത്തിലൂടെ കള്ളപ്പണക്കാരെ കണക്കറ്റ് പരിഹസിക്കുന്നു.

ആക്​ഷൻഹീറോ ബിജുവിന്റെ ഛായാഗ്രഹണം നിർവഹിച്ച അലെക്സ് ജെ. പുളിക്കലാണ് ദിവാൻജിമൂല ഗ്രാൻപ്രിയുടെ ക്യാമറ ചലിപ്പിക്കുന്നത്. തൃശൂരിന്റെ മനോഹാരിത തന്റെ ക്യാമറക്കണ്ണുകളിൽ ഭദ്രം. ബൈക്ക് റേസ് രംഗങ്ങളുടെ ചിത്രീകരണം പ്രശംസിക്കാതിരിക്കാൻ കഴിയില്ല. അത്രയും സാഹസികമായാണ് രംഗങ്ങൾ ചിത്രീകരിച്ചതെന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കുന്നു. ആ രംഗങ്ങളുടെ ത്രിൽ ആസ്വാദകർക്കു പകർന്നു കൊടുക്കുന്നതിലും ഈ ക്യാമറ വർക്ക് സഹായിക്കുന്നു.

chakochan-anil

ഗോപി സുന്ദറിന്റെ സംഗീതം മികച്ചതാണ്. തൃശൂരിന്റെ താളവും ത്രില്ലറിന്റെ മൂഡും പ്രേക്ഷകരിലേക്കെത്തിക്കാൻ അദ്ദേഹത്തിന്റെ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്. പാട്ടുകളും മനോഹരമാണ്. തന്റെ നാലാം ചിത്രവും മികച്ച രീതിയിൽ ഒരുക്കാൻ അനിൽ രാധാകൃഷ്ണൻ മേനോനായി. തീയറ്ററിൽ അത്ര ശ്രദ്ധിക്കപ്പെടാഞ്ഞ ലോർഡ് ലിവിങ്സ്റ്റണു ശേഷം അദ്ദേഹം നടത്തിയ തിരിച്ചുവരവെന്നു വേണമെങ്കിൽ ദിവാൻജിമൂലയെ വിശേഷിപ്പിക്കാം.

സംവിധായകൻ നേരത്തെ പറഞ്ഞതു പോലെ ഒരു ഫീൽ ഗുഡ് ചിത്രം തന്നെയാണ് ദിവാൻജിമൂല ഗ്രൻഡ്പ്രിക്സ്. മികച്ച പ്രമേയത്തെ മനോഹരമായി ഒരുക്കിയിരിക്കുന്ന ചിത്രം പേക്ഷകനെ നിരാശപ്പെടുത്തില്ല.