Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിക്കാരി ശംഭുവിന്റെ ചിരിവേട്ട; റിവ്യു

shikari-shambhu-movie

ചിത്രകഥയിലൂടെ പ്രേക്ഷകര്‍ക്കു പരിചിതനാണ് വേട്ടക്കാരൻ ശിക്കാരി ശംഭു. ചക്ക വീണ് മുയല് ചത്തെന്നു പറയുന്നതുപോലെയാണ് ശംഭുവിന്റെ കാര്യം. തോക്കിൽനിന്ന് വെടികൊണ്ടാൽ കൊണ്ടു. കൊണ്ടാലോ, അതു വലിയ സംഭവമാകുകയും ചെയ്യും. അതാണ് അവസ്ഥ. ശംഭുവിന് തോക്കു പിടിക്കാനെങ്കിലും അറിയാമെങ്കിൽ വേട്ടക്കാരൻ പീലിയെന്ന ഫിലിപ്പോസിന് അതുപോലും അറിയില്ല. നല്ല ഒന്നാംതരം കള്ളനായ ഫിലിപ്പോസ് വേട്ടക്കാരൻ പീലിയായതെങ്ങനെയെന്ന കഥയാണ് സുഗീതിന്റെ ശിക്കാരി ശംഭു പറയുന്നത്. ഓർഡിനറി എന്ന സൂപ്പർഹിറ്റിലൂടെ വരവറിയിച്ച സംവിധായകൻ സുഗീത് ‌നിരാശപ്പെടുത്തിയില്ല.

ഗ്രാമീണാന്തരീക്ഷത്തിൽ നർമത്തിൽ പൊതിഞ്ഞ കഥ പറഞ്ഞ് പ്രേക്ഷകരെ രസിപ്പിച്ചിരുത്തുന്ന സിനിമയാണ് ശിക്കാരി ശംഭു. കാടിനോടു ചേര്‍ന്നു കിടക്കുന്ന കുരുതിമലക്കാവിലെ നാട്ടുകാര്‍ ആകെ ഭീതിയിലാണ്. പുലിശല്യമാണ് അവരെ വേട്ടയാടുന്നത്. രണ്ടു പേരെ പുലി കൊന്നുകഴിഞ്ഞു. പുലിമുരുകനെപ്പോലെ രക്ഷകനായ ഒരാളുടെ വരവും കാത്ത് ഇരിക്കുമ്പോഴാണ് കുന്നംകുളത്തുനിന്നു ഫിലിപ്പോസിന്റെ വരവ്.

Shikkari Shambhu | Official Trailer | Kunchacko Boban| Shivada| Vishnu Unnikrishnan | Sugeeth Movie

പീലി ഒറ്റയ്ക്കല്ല. അച്ചുവും പട്ടിപിടുത്തക്കാരന്‍ ഷാജിയും ഒപ്പമുണ്ട്. പുലിയെ പിടിക്കാൻ വന്ന വേട്ടക്കാരനാണ് പീലിയെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. ഈ നാട്ടിൽനിന്ന് എന്തെങ്കിലുമൊക്കെ അടിച്ചുമാറ്റി നാടുവിടുകയാണ് പീലിയുടെ ലക്ഷ്യം. എന്നാല്‍ കുരുതിമലക്കാവിൽ പുലിയുടെ ആക്രമണം വീണ്ടുമുണ്ടാകുന്നു. പീലിയുടെ പദ്ധതികൾ തകിടംമറിയുന്നു. ഇതിനിടെ പീലിയും കൂട്ടരും വലിയൊരു ആപത്തിൽ ചെന്നുചാടുന്നുമുണ്ട്. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

കുഞ്ചാക്കോ ബോബന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരീഷ് കണാരന്‍ എന്നിവരുടെ മിന്നുന്ന പ്രകടനമാണ് ശിക്കാരി ശംഭുവിനെ വീറുറ്റതാക്കുന്നത്. സന്ദർഭത്തിനനുസരിച്ച് ഞൊടിയിടയിൽ നർമം പറയാനുള്ള ഹരീഷ് കണാരൻ ശൈലിയെ കൃത്യമായി സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും അത് അരോചകമായി പ്രേക്ഷകന് അനുഭവപ്പെടില്ല.

ഇതുവരെ ചെയ്തതിൽനിന്ന് ഏറെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രത്തെയാണ് ശിവദ അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖ നായികയായ അൽഫോൻസയും അരങ്ങേറ്റം മോശമാക്കിയില്ല. മണിയന്‍ പിള്ള രാജു, സലിംകുമാര്‍, സാദിഖ്, സ്ഫടികം ജോര്‍ജ്, ജയിസ് എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. വിക്ടർ ആയി എത്തിയ സംവിധായകൻ അജി ജോണും വികാരിയായി എത്തിയ സംവിധായകൻ ജോണി ആന്റണിയും തങ്ങളുടെ വേഷം ഭംഗിയാക്കി.

shikari-shambhu-movie-1

സ്ഥിരം ശൈലിയില്‍നിന്നു മാറ്റത്തിനായി സുഗീത് ശ്രമിച്ചിട്ടില്ല. ആദ്യ ചിത്രമായ ഓർഡിനറിയുടെ അതേ ആവിഷ്കാരശൈലിയും കഥപറയുന്ന രീതിയുമാണ് ഈ സിനിമയിലേതും. ക്ലീഷെ കഥപറച്ചിലാണെങ്കിലും സന്ദർഭത്തിന് അനുയോജ്യമായ കോമഡി നമ്പറുകളാണ് ശിക്കാരി ശംഭുവിന്റെ പ്രധാന ആകർഷണം. 

ഷാനവാസ്, രാജു എന്നിവരുടേതാണ് കഥ. നിഷാദ് കോയയുടെ തിരക്കഥ സിനിമയുടെ മുതൽക്കൂട്ടാണ്. സാധാരണകഥയെ കെട്ടുപ്പുറപ്പുള്ളൊരു തിരക്കഥയാക്കി മാറ്റുന്നതിൽ അദ്ദേഹം പൂർണമായും വിജയിച്ചു. ആദ്യപകുതി പ്രേക്ഷകരെ രസിപ്പിച്ച് മുന്നേറുമ്പോൾ രണ്ടാം പകുതിയിൽ ചിത്രം ത്രില്ലർ സ്വഭാവത്തിലേക്ക് മാറുന്നു. പ്രേക്ഷകരുടെ ആകാംക്ഷ സിനിമയുടെ ക്ലൈമാക്സ് വരെയെത്തിക്കുന്നതിലും അപ്രതീക്ഷിത ട്വിസ്റ്റ് കൊണ്ടുവരുന്നതിലും സംവിധായകനും തിരക്കഥാകൃത്തും വിജയിച്ചു.

ഫൈസല്‍ അലിയുടെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. കണ്ണിന് കുളിർമയേകുന്ന വളരെ മനോഹരമായ ഫ്രെയിമുകളാണ് സിനിമയിലേത്. ശ്രീജിത്തിന്റെ സംഗീതവും സാജന്റെ ചിത്രസംയോജനവും ബോബന്റെ കലാസംവിധാനവും സിനിമയുടെ മറ്റ് അവിഭാജ്യഘടകങ്ങളാണ്.

വ്യത്യസ്തകൾ ആഗ്രഹിക്കാതെ രണ്ട് മണിക്കൂർ മതിമറന്ന് ചിരിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ശിക്കാരി ശംഭു നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് തീർച്ച.

നിങ്ങൾക്കും റിവ്യൂ എഴുതാം