ADVERTISEMENT

ആകാംക്ഷയും ഉദ്വേഗജനകമായ രംഗങ്ങളുമാണ് മികച്ച ക്രൈം ത്രില്ലറുകളുടെ നട്ടെല്ല്. ആ നട്ടെല്ലിനെൽക്കുന്ന ചെറുതും വലുതുമായ പരുക്കുകൾ സൃഷ്ടിക്കുന്ന ആഘാതം പ്രവചനാതീതമാണ്. റിഭു ദാസ്ഗുപ്ത സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ചിത്രം ‘ദ് ഗേൾ ഓൺ ദ് ട്രെയിൻ’ എന്ന സിനിമയുടെ ഭാവിയും അതിനാൽ പ്രവചനാതീതമാണ്. പരിനീതി ചോപ്ര, അദിതി റാവു ഹൈദരി, അവിനാഷ് തിവാരി, കീർത്തി കുൽഹാരി തുടങ്ങിയ താരങ്ങൾ അണിനിരന്ന ചിത്രത്തിനെ കാത്തിരിക്കുന്നത് രണ്ട് തരത്തിലുള്ള പ്രേക്ഷകരാണ്. സിനിമയുടെ ചരിത്രം അറിയുന്നവരും അറിയാത്തവരും

 

∙ ഒരൽപം ചരിത്രം

 

ബ്രിട്ടിഷ് എഴുത്തുകാരൻ പോൾ ഹോക്കിൻസിന്റെ പ്രശസ്തമായ ക്രൈം ത്രില്ലർ നോവലാണ് ‘ദ ഗേൾ ഓൺ ദ ട്രെയിൻ(2015)’. 2016 ൽ ഇതേ പേരിൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ ഇന്ത്യൻ റീമേക്കാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. എമിലി ബ്ലണ്ട് അവിസ്മരണീയമാക്കിയ കഥാപാത്രത്തെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് പരിനീതി ചോപ്രയാണ്. കഥാപാത്രങ്ങൾ എല്ലാവരും ഇന്ത്യക്കാരാണെങ്കിലും ഇംഗ്ലണ്ടാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മീരാ കപൂർ (പരിനീതി ചോപ്ര) പ്രശ്സതയായ വക്കീലാണ്. ഭീഷണികൾ വകവയ്ക്കാതെ തന്റെ ജോലിയിൽ സധൈര്യം മുന്നോട്ട് പോകുന്ന മീരയ്ക്ക് കൂട്ടായി ഭർത്താവ് ശേഖറും (അവിനാഷ് തിവാരി) ഉണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഗർഭിണിയാകുന്ന മീരയ്ക്ക് വാഹനാപകടത്തെ തുടർന്നു കുഞ്ഞിനെ നഷ്ടപ്പെടുകയും പുതിയ ഓർമകൾ നിലനിൽക്കാത്ത ‘അമനീഷ്യ’ എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ മദ്യപാനത്തിന് അടിമയാകുന്നതോടെ മീരയുടെ ജീവിതം താളം തെറ്റുന്നു. പതിയെ ശേഖറും അവളുടെ ജീവിതത്തിൽ നിന്ന് അകലുന്നതോടെ ഒറ്റപ്പെടലിന്റെ വേദന മീരയെ വേട്ടയാടുന്നു. ആ വേദനയിൽ അവൾക്ക് ആശ്വാസം പകരുന്നത് തന്റെ പതിവ് ട്രെയിൻ യാത്രയിൽ കാണുന്ന ഒരു വീടും ആ വീട്ടിലെ പെൺകുട്ടിയുടെ മുഖവുമാണ്. അപകടത്തിന് മുൻപുള്ള തന്റെ സന്തോഷകരമായ ജീവിതമാണ് നുസ്രത്ത്(അദിതി റാവു) എന്ന പെൺകുട്ടിയിൽ മീര കാണുന്നത്. ഒരു ദിവസം നുസ്രത്തിനൊപ്പം അപരചിതനായ വ്യക്തിയെ കാണുന്നതോടെ മീര അസ്വസ്ഥയാകുന്നു. പിന്നീട് നുസ്രത്തിനെ കാണാതാവുകയും കൊല ചെയ്യപ്പെട്ടതായി കണ്ടെത്തുകയും ചെയ്യുന്നു. കേസ് അന്വേഷിക്കുന്ന ദൽബീർ കോർ(കീർത്തി കുൽഹാരി) സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മീരയും നുസ്രത്തും തമ്മിൽ കണ്ടുമുട്ടിയതായി കണ്ടെത്തുകയും മീരയെ ചോദ്യം ചെയ്യാനെത്തുകയും ചെയ്യുന്നു. പുതിയ ഓർമകൾ സൂക്ഷിച്ചു വയ്ക്കാൻ ബുദ്ധിമുട്ടുന്ന മീര നുസ്രത്തിനു എന്ത് സംഭവിച്ചുവെന്നറിയാൻ നടത്തുന്ന അന്വേഷണമാണ് പിന്നീട് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

 

∙ പൊളിച്ചു പണിത കഥ

 

ആദ്യമായിട്ട് സിനിമ കാണുന്ന വ്യക്തിക്ക് അവിടിവിടെ ചെറു കല്ലുകടികൾ മാത്രമേ തോന്നുവൊള്ളുവെങ്കിൽ നോവൽ വായിച്ചിട്ടുള്ളവർക്കും ഹോളിവുഡ് സിനിമ കണ്ടിട്ടുള്ളവർക്കും സിനിമ രസിക്കാനുള്ള സാധ്യത വളരെക്കുറവാണ്. പ്ലോട്ട് ഒരുപോലെയാണെങ്കിലും ഇന്ത്യൻ സിനിമയിലെ ചില പതിവ് കൂട്ടുകൾ ചേർത്തിറക്കിയത് തെറ്റായ തീരുമാനമായിപ്പോയെന്ന് പറയേണ്ടി വരും. പലയിടത്തും സന്ദർഭത്തിനു ചേരാത്ത വിധമാണ് ഗാനങ്ങൾ ചേർത്തിരിക്കുന്നത്. ഒരുപക്ഷേ ഗാനങ്ങൾ വേണ്ടിയിരുന്നില്ലയെന്ന് വേണം പറയാൻ. ട്വിസ്റ്റുകളും സസ്പെൻസും കാര്യമായിട്ടുണ്ടെങ്കിലും പ്രേക്ഷകനെ ക്ലൈമാക്സ് വരെ ആകാംക്ഷഭരിതരായി പിടിച്ചിരുത്താനുള്ള കഴിവ് ചിത്രത്തിനുണ്ടോയെന്ന് സംശയമാണ്. പലയിടത്തും തിരക്കഥയിൽ വന്ന പിഴവുകൾ വ്യക്തമാണ്.

എമിലി ബ്ലണ്ടുമായി താരതമ്യം ചെയ്യാൻ സാധിക്കില്ലെങ്കിലും പരിനീതി തന്നാലാവും വിധം കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്. അദിതിയും കീർത്തിയും അവിനാഷും ചെയ്ത കഥാപാത്രങ്ങൾക്ക് കുറച്ചുകൂടി ജീവൻ നൽകാമായിരുന്നുവെന്ന് തോന്നും. ട്വിസ്റ്റുകൾ കൂട്ടിച്ചേർക്കുന്നതിനിടയിൽ സിനിമ ചർച്ച ചെയ്യാൻ ഉദ്ദേശിച്ച പ്രധാനം ഘടകം സംവിധായകൻ വിട്ടുപോയെന്ന് വേണം പറയാൻ. ഹോളിവുഡ് സിനിമ അവിടെ വ്യത്യസ്തമാകുന്നത് അങ്ങനെയാണ്. 3 സ്ത്രീകളുടെ ജീവിതവും അവരനുഭവിക്കുന്ന പ്രയാസങ്ങളും ദുഃഖങ്ങളും ചിത്രം ചർച്ച ചെയ്യുമ്പോൾ ഇന്ത്യൻ പതിപ്പിൽ മീരയെ മാത്രം ചുറ്റിക്കറങ്ങിയാണ് സിനിമ നിൽക്കുന്നത്. മുൻവിധികളോ അമിത പ്രതീക്ഷകളോ ഇല്ലാതെ കണ്ടിരിക്കാൻ പറ്റിയ സിനിമയാണ് ‘ ദ ഗേൾ ഓൺ ദ ട്രെയിൻ’. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com