ADVERTISEMENT

കോവിഡ് കാലത്ത് പുറത്തിറങ്ങിയ പല ചിത്രങ്ങളും ആന്തോളജികളായിരുന്നു. ഒരേ വിഷയത്തിലുള്ള ഷോർട്ട് ‌ഫിലിമുകൾ, (ഏകദേശം അരമണിക്കൂർ നീളമുള്ള ചെറുചിത്രങ്ങൾ) കോർത്തിണക്കി പുറത്തിറക്കുന്ന ഈ സിനിമകൾ പലപ്പോഴും വലിയ ചലച്ചിത്രങ്ങളേക്കാൾ ശക്തവും പ്രസക്തവുമാണ്. വിഷയാധിഷ്ഠിതമായി പുറത്തിറങ്ങുന്നവയായതിനാൽ ഇവ സാമൂഹിക, കാലിക പ്രസക്തമായ വിഷയങ്ങളിലേക്കാണ് വിരൽചൂണ്ടുക. പാവൈ കഥകൾ, പുത്തംപുതുകാലൈ, അൺപോസ്ഡ്, ഗോസ്റ്റ് സ്റ്റോറീസ്, മെട്രോ കാതലു, കുട്ടി സ്റ്റോറി തുടങ്ങി ഒട്ടേറെ ആന്തോളജികൾ കഴിഞ്ഞ കുറച്ചു കാലത്തിനിടെ തന്നെ റിലീസായി 

 

പിട്ടാ കാതൽ

 

നാലു സംവിധായകരുടെ നാലു ചെറു ചിത്രങ്ങൾ ചേർത്ത് തെലുങ്കിൽ പുറത്തിറങ്ങിയ ആന്തോളജി സിനിമയാണ് പിട്ടാ കാതൽ. നെറ്റ്ഫ്ലിക്സിന്റെ ആദ്യ ഒറിജിനൽ തെലുങ്ക് ചിത്രമാണ് പിട്ടാ കാതൽ. പ്രണയത്തിന്റെ നാലു വകഭേദങ്ങളാണ് ചിത്രത്തിൽ. വ്യത്യസ്തവും അതിതീവ്രവുമായ പ്രണയം. അമലാപോൾ, ശ്രുതി ഹാസൻ, ജഗപതി ബാബു, ഇഷ റെബ്ബ, ലക്ഷ്മി മാഞ്ചു തുടങ്ങിയ താരനിര തന്നെ ഈ ചെറുചിത്രങ്ങളിൽ അണി നിരക്കുന്നു എന്നത് പ്രത്യേകതയാണ്. 

 

1. രമുല

ആദ്യ ചിത്രം രമുലയുടെ തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്നത് തരുൺ ബാസ്കറാണ്. സാമ്പത്തിക–ജാതീയ അന്തരത്തിനിടയിലെ പ്രണയവും, രാഷ്ട്രീയ നേട്ടത്തിനായുള്ള കുതന്ത്രങ്ങളും കഥയാകുന്ന ചിത്രം സ്ത്രീയും പുരുഷനും പ്രണയത്തെ എങ്ങനെ കാണുന്നു എന്നതും പ്രണയത്തിലെ രാഷ്ട്രീയവും വിഷയമാകുന്നു. 

 

2. മീര

ബി.വി.നന്ദിനി റെ‌ഡ്ഢി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രാധിക ആനന്ദിന്റേതാണ്. അമലപോളും ജഗപതി ബാബുവും അഭിനയിച്ച ചിത്രത്തിൽ ഇരുവരും മികച്ച അഭിനയം തന്നെ കാഴ്ചവച്ചിട്ടുണ്ട്. എഴുത്തുകാരിയായ ഭാര്യയും സംശയരോഗിയായ ഭർത്താവുമായി ഇരുവരുമെത്തുമ്പോൾ പ്രണയത്തേക്കാൾ തീവ്രമാണ് മറ്റു പലതുമെന്ന് ചിത്രം കാണിച്ചു തരുന്നു. 

 

3.എക്സ് ലൈഫ്

ടെക്നോളജിയും പ്രണയവും വിഷയമാകുന്ന എക്സ് ലൈഫ് നാഗ് അശ്വിനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ടെക്നോളജിൽ മുങ്ങി നാശത്തിലേക്ക് കൂപ്പുകുത്തിയ ലോകമാണ് ചിത്രത്തിന്റെ വിഷയം. വെർച്വൽ റിയാലിറ്റിയിൽ മുഴുകി ലോകം പ്രണയം മറക്കുന്നതും അതിനെതിരെ ആക്ടിവിസ്റ്റുകൾ രംഗത്തെത്തുന്നതുമാണ് കഥാതന്തു. 

 

4.പിങ്കി

സങ്കൽപ് റെഡ്ഢി സംവിധാനം ചെയ്ത പിങ്കിന്റെ തിരക്കഥ നന്ദകിഷോർ ഇമാനിയുടേതാണ്. വിവാഹവും വിവാഹേതര ബന്ധങ്ങളും അതിന്റെ വൈകാരിക പ്രശ്നങ്ങളും കെട്ടുപിണഞ്ഞു കി‌ടക്കുന്ന ചിത്രത്തിൽ ൃപ്രണയം സാന്ദർശികമായി മാറുന്നതു കൂടി കാണിക്കുന്നു. ആസക്തിയും ആഗ്രഹവും പ്രണയത്തിര ഉയർത്തുമ്പോൾ വരുംവരായ്കകളും ശരിതെറ്റുകളും നോക്കാതെ എടുത്തുചാടുന്ന കമിതാക്കൾ ചിലപ്പോൾ പ്രണയത്തീയിൽ വെണ്ണീറാകുമെന്ന് ഈ ചിത്രം കാണിക്കുന്നു. 

 

 

നാലു ചിത്രങ്ങളും പ്രണയമെന്ന വിഷയത്തിലേക്കാണ് ഫോക്കസ് ചെയ്യുന്നത് എങ്കിലും വിഷയത്തെ അവതരിപ്പിച്ചിരിക്കുന്നതും ചിത്രത്തിന്റെ ആഖ്യാനവും വ്യത്യസ്തമാണ്. ശക്തമായ ഇതിവ‍ൃത്തമാണ് കാതലായി നിൽക്കുന്നത്. നാലു ദിശയിൽ നിന്ന് സമൂഹത്തിന്റെ നാലു നിലകളിൽ കഴിയുന്നവർക്കിടയിൽ അത്രകണ്ട് പരിചിതമല്ലാത്ത പ്രണയകഥകൾ, ആഖ്യാനത്തിൽ അതിഭാവുകത്വം കലർത്താതെ പറഞ്ഞിരിക്കുന്ന ചിത്രം സ്ഥിരം തെലുങ്ക് ചിത്രങ്ങൾ പോലെയല്ല. വളരെ വ്യക്തമായ പാത്രഘടനയും വിഷയകേന്ദ്രീകരണവും ചിത്രത്തിലുണ്ട്. അതിനാൽ തന്നെ കണ്ടിരിക്കുമ്പോൾ ബോറടിപ്പിക്കാതെ പ്രേഷകൻ കഥയ്ക്കൊപ്പം പോകുന്നു. നാലു കഥകളാണ് എന്നതിനാൽ മുഷിപ്പിക്കുകയുമില്ല. അതുതന്നെയാണ് ആന്തോളജിയുടെ പ്രത്യേകതയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com