Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നർമത്തിന്റെ കൂട്ടമണിയുമായി കപ്യാരും കൂട്ടരും

dhyan-aju-adi-kapyare-koottamani Movie Poster

ലോകമെങ്ങുമുള്ള ക്രിസ്മസ് കരോളിനൊപ്പം മലയാളമണ്ണിലേക്ക് പെയ്തിറങ്ങിയ 'അടി കപ്യാരെ കൂട്ടമണി' തിയറ്ററുകളിൽ പൊട്ടിച്ചിരിയുടെ കൂട്ടമണി മുഴക്കി തുടങ്ങി. ഫ്രൈഡേ ഫിലിംസ് ഒരു പുതുമുഖ സംവിധായകന് കൂടി തങ്ങളുടെ ചിത്രം ചെയ്യാൻ അവസരം നൽകിയതിൽ തെറ്റുപറ്റിയില്ലെന്ന് പറയാവുന്ന ഒരു ചിത്രമാണ് ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തിയത്. നർമത്തിൽ ചാലിച്ചൊരു മികച്ച കഥയാണ് ചിത്രം പറയാൻ ശ്രമിക്കുന്നത്.

ഒരു മെൻസ് ഹോസ്റ്റലിൽ പ്രത്യേക സാഹചര്യത്തിൽ കുടുങ്ങിപ്പോകുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. വാർഡനും മറ്റുള്ളവരും അറിയാതെ അവളെ പുറത്ത് കടത്താനുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമങ്ങളാണ് ചിത്രത്തെ കൂടുതൽ രസകരമാക്കുന്നത്. ഹോസ്റ്റൽ ജീവിതത്തിന്റെ രസക്കാഴ്ചകളും ചിരിയുണർത്തുന്നുണ്ട്. കുത്തഴിഞ്ഞ ഹോസ്റ്റൽ ജീവിതകാലം അനുഭവിച്ചവർക്ക് നൊസ്റ്റാൾജിയക്കുള്ള വകയും ചിത്രത്തിലുണ്ട്.

adi-kapyare നമിതയും ധ്യാനും

തന്റെ കരിയറിലെ ആദ്യമായി പള്ളീലച്ചന്റെ വേഷം ചെയ്ത മുകേഷ് നർമത്തിൽ ചാലിച്ച കഥയെ കൂടുതൽ രസകരമാക്കി. 'അന്തസുണ്ടോടാ' എന്ന മുകേഷിന്റെ സെൽഫ് ട്രോൾ തിയറ്ററിൽ ചിരി പടർത്തുന്നു. ധ്യാൻ ശ്രീനിവാസൻ തന്റെ വേഷം കൂടുതൽ മികച്ചതാക്കി. അജു വർഗീസ്, നീരജ് മാധവ്, ബിജുക്കുട്ടൻ, നമിത പ്രമോദ് തുടങ്ങിയ താരനിരയും പ്രേക്ഷകരെ രസിപ്പിക്കുന്നു. ശാന്തൻ' എന്ന കപ്യാരുടെ മുഴുനീള വേഷത്തിൽ ബിജുക്കുട്ടനും മികവുപുലർത്തി.

ആദ്യ പകുതിയിൽ സുഗമമായി നീങ്ങുന്ന കഥാഗതി രണ്ടാം പകുതിയിൽ മറ്റൊരു മൂഡിലേക്ക് മാറ്റപ്പെടുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിൽ കൂടുതൽ ട്വിസ്റ്റ് കൂട്ടിച്ചേർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാൽ രണ്ടാം പകുതിയിലെ ചിത്രസന്നിവേശം ശ്രദ്ധേയമാണ്. യുവത്വത്തിന്റെ തുടിപ്പ് നിലനിൽക്കുന്ന ചിത്രം ആഖ്യാന ശൈലിയിലും വ്യത്യസ്തത പുലർത്തുന്നു.

ENTE MAVUM POOTHE SONG

ഹോസ്റ്റൽ ജീവിതത്തിന്റെ പൾസ് മനസിലാക്കിയ ചിത്രം ഒരു മികച്ച എന്റർടെയ്നറാണെന്ന് പറയാം. ഷാൻ റഹ്മാൻ ഒരുക്കിയ "അവന്റെ മാവും പൂത്തില്ലേ.." എന്നുതുടങ്ങുന്ന ടൈറ്റിൽ ഗാനവും, രണ്ടാം ഗാനവും കൂടുതൽ മികവുപുലർത്തുന്നു. അജയ് കാച്ചപ്പിള്ളിയുടെ ഛായാഗ്രഹണവും മികവുപുലർത്തുന്നു. അവധികാലത്ത് കുട്ടികൾക്കൊപ്പം കുടുംബത്തിന് കാണാൻ കഴിയുന്ന മികച്ച ചിത്രമാണ് അടി കപ്യാരെ കൂട്ടമണിയെന്ന് നിസംശയം പറയാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.