Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല അപ്പവും വീഞ്ഞും !

appavum-veenjum-review

മലയോരങ്ങളും അടിവാരങ്ങളും അവയെ കെട്ടിപ്പിണഞ്ഞു കിടക്കുന്ന വള‍ഞ്ഞൊടിഞ്ഞ വഴികളും നമ്മളെത്രയോ തവണ അഭ്രപാളികളിൽ ആസ്വദിച്ചിരിക്കുന്നു. എന്നാൽ ഓരോ തവണയും കൂടുതൽ ത്രസിപ്പിക്കുന്ന നിത്യചാരുതയുടെ ഉറവിടമാണ് പ്രകൃതി എന്നു തെളിയിക്കുന്നതാണ് വിശ്വം സംവിധാനം ചെയ്ത ‘അപ്പവും വീഞ്ഞും’ എന്ന ചിത്രം. ഒരു മനോഹരമായ കഥാതന്തു ഇതിലുണ്ട്. ഒരൽപം കൂടി സംഭവ ബഹുലവും സംഭാഷണങ്ങളും സന്ദർഭങ്ങളുമായി നിറഞ്ഞു നിൽക്കുന്നതുമായിരുന്നെങ്കിൽ ഒരു ഗംഭീര സംരംഭമായി ചിത്രം മാറിയേനെ.

ശൂന്യതയാണ് ചിത്രത്തിന്റെ ഏറ്റവും ചൊടിപ്പിക്കുന്ന ഘടകം. ആവശ്യത്തിനുള്ള സംഭാഷണങ്ങളും സന്ദർഭങ്ങളെ സുതാര്യമാക്കുന്ന മുഹൂർത്തങ്ങളും ഇല്ലാത്തതിനാൽ ചിത്രം കുറേ നേരം ഇഴഞ്ഞു നീങ്ങുന്നു. എന്നാൽ അവിടെല്ലാം നിറഞ്ഞു നില്ക്കുന്ന സാന്നിധ്യമായി പ്രതാപ് പോത്തൻ അവതരിപ്പിച്ച ഫെർണാണ്ടസ് എന്ന കഥാപാത്രം കടന്നുവരുന്നു. ആരുടെയും ജീവിതത്തിൽ കണ്ടുമുട്ടാവുന്ന വ്യത്യസ്തനായ ഒരേ സമയം ഈർഷ്യയും താൽപര്യവും ഉളവാക്കുന്ന ഒരു മധ്യവയസ്ക്കൻ. ചുറ്റുപാടുമുള്ള നിശബ്ദതയിൽ ഫെർണാണ്ടസിന്റെ അതിപ്രസരത ഒരൽപം കടുത്തതായി അനുഭവപ്പെടാം എങ്കിലും മികച്ച ഒരു കഥാപാത്രത്തെയാണ് ഫെർണാണ്ടസിലൂടെ നമ്മൾ കാണുന്നത്.

prathap-pothan-sunny

സണ്ണിവെയിൻ ഒരു ഉത്തമനായ യുവാവ് എന്ന നിലയിൽ ശോഭിക്കുന്നു. പക്ഷേ ഫ്രെഡി എന്ന കഥാപാത്രത്തിന്റെ കഥയിലുള്ള വികാരങ്ങളെ പൂർണമായും ഉൾക്കൊള്ളാൻ അദ്ദേഹത്തിനു കഴിഞ്ഞോ എന്ന് സംശയമുണ്ട്. കഥയുടെ തുടക്കത്തിൽ കാണപ്പെടുന്ന യുക്തിഹീനമായി തോന്നാവുന്ന സന്ദർഭങ്ങൾ അവസാനമെത്തുമ്പോഴേക്കും ഒരു പരിധിവരെ ശക്തിയാർജിക്കുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് എത്തുമ്പോഴേക്കുമാണ് കഥ അൽപം ചൂടുപിടിക്കുന്നത്. ആ അവസാന നിമിഷങ്ങൾ തീർത്തും ഹരം പകരുന്നവയാണ്. ആകമാനം നോക്കുമ്പോൾ ഇതേ ഭാഗമാണ് ചിത്രത്തിന് കരുത്ത് പകരുന്നത്.

remya-sunny

ഒരു ചെറിയ ഇടവേളയ്ക്കുശേഷം തിരശീലയിലേക്കു തിരികെയെത്തിയ രമ്യാകൃഷ്ണൻ അവതരിപ്പിച്ച മെർലിൻ അവതരണ മുഹൂർത്തങ്ങളുടെ അഭാവം മൂലം വീർപ്പു മുട്ടുന്നത് നമുക്കു കാണാം. ശോകമൂകം എന്ന ഒരേയൊരു ഭാവം നിലനിർത്തി മെർലിൻ മുന്നേറുന്നു. അതോടൊപ്പം ചേർന്ന് നിർവികാരതയും നിസ്സംഗതയും നിറഞ്ഞു നിൽക്കുന്ന ഫ്രെഡി അന്തരീക്ഷം കൂടുതൽ മേഘാവൃതമാക്കുന്നു. ചെറുതെങ്കിലും ഒരാശ്വാസം പകരുന്നത് രേഷ്മാ രാഥോർ അവതരിപ്പിച്ച ജെലയെന്ന കഥാപാത്രമാണ്. മനോഹരമായ ഗാനങ്ങളും കൃത്യതയാർന്ന പശ്ചാത്തല സംഗീതവും ഔസേപ്പച്ചൻ എന്ന പ്രതിഭാധനനായ സംഗീതജ്ഞനെ വീണ്ടും അപ്പവും വീ‍ഞ്ഞും എന്ന ചിത്രത്തിലൂടെ നമുക്കു കാണാൻസാധിക്കുന്നു.

വേറിട്ട ശൈലികൊണ്ടും ശാന്തസുന്ദരമായ പശ്ചാത്തലം കൊണ്ടും സമ്പന്നമാണ് അപ്പവും വീഞ്ഞും. തെല്ലുനേരത്തേക്കാണെങ്കിൽ കൂടി കഥയിലൂടെ മറ്റൊരു ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നു എന്ന നിലയിൽ അപ്പവും വീ‍ഞ്ഞും അതിന്റെ കലാപരമായ ധർമ്മം നിർവഹിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.