Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാറ്റ്മാനും സൂപ്പർമാനും: അടി അടിയോടടി

batman-superman2

ലോക സിനിമാപ്രേമികൾ കാത്തിരുന്ന ചിത്രം 'ബാറ്റ്മാൻ vs സൂപ്പർമാൻ- ഡോൺ ഓഫ് ജസ്റ്റിസ്' പുറത്തിറങ്ങി. 2013 ലിറങ്ങിയ സൂപ്പർമാൻ ചിത്രം 'മാൻ ഓഫ് സ്റ്റീലി'ന്റെ തുടർച്ചയാണ് ചിത്രം. 300, മാൻ ഓഫ് സ്റ്റീൽ തുടങ്ങിയ സിനിമകൾ ഒരുക്കിയ സക് സ്നൈഡറാണ് സംവിധാനം. ഡിസി കോമിക്സിലെ ജനപ്രിയ ഹീറോകൾ ഇതാദ്യമായി അഭ്രപാളിയിൽ ഒരുമിക്കുമ്പോൾ പ്രതീക്ഷകളുടെ അമിതഭാരം ചിത്രത്തിന് മേലുണ്ടാകുന്നുണ്ട്.

'മാൻ ഓഫ് സ്റ്റീലിലെ സംഭവവികാസങ്ങൾക്ക്‌ ശേഷം ക്ലാർക്ക് എന്ന പത്രപ്രവർത്തകനായി അപര ജീവിതം നയിക്കുകയാണ് സൂപ്പർമാൻ. ഗോഥാം സംഭവങ്ങൾക്ക് ശേഷം ബിസിനസ്, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സ്വസ്ഥജീവിതം നയിക്കുകയാണ് ബ്രൂസ് വെയിൻ. പക്ഷേ ഒരു സംഭവത്തോടെ ഇരുവരും എതിർരേഖയിൽ വരുന്നു. പരസ്പരം പകയും പ്രതികാരവും ഉടലെടുക്കുന്നു. ബാറ്റ്മാനും സൂപ്പർമാനുമിടയിലുണ്ടാകുന്ന ശത്രുതയും പോരാട്ടവും തുടർസംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

batman-superman1

ട്രെയിലറിൽ ഭാഗികമായി കാണിച്ച ഇരുതാരങ്ങളും തമ്മിലുള്ള സംഘട്ടനരംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ഒരു തുടർച്ചിത്രത്തിനു വഴിമരുന്നിടുന്ന സസ്പെൻസ് അവശേഷിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. ബെൻ അഫ്ലക് ബാറ്റ്മാനെയും, ഹെൻറി കവിൽ സൂപ്പർമാനെയും, ഗാൽ ഗാടറ്റ് വണ്ടർവുമനെയും, ജെസ്സി ഐസൻബർഗ് ലൂഥറിനെയും അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പ്രധാന പോരായ്മ സൂപ്പർതാരങ്ങളോട് കിട പിടിക്കുന്ന ഒരു വില്ലന്റെ അഭാവമാണ്. ലൂഥർ എന്ന വില്ലൻ കഥാപാത്രത്തിന്റെ നിഴൽ മാത്രമായി ജെസ്സി ഐസൻബർഗ് ഒതുങ്ങുന്നു.

ഇരുവരും മത്സരിച്ചഭിനയിക്കുമ്പോഴും ആക്ഷൻ രംഗങ്ങളിലെ ബെൻ അഫ്ലക്ക് സ്കോർ ചെയ്യുന്നു. ക്രിസ്റ്റ്യൻ ബേൽ അവതരിപ്പിച്ച ബാറ്റ്മാൻ കഥാപാത്രവുമായി താരതമ്യം ചെയ്യാനാകില്ലെങ്കിലും, ശത്രുക്കളെ കൊല്ലാതെ കീഴ്പെടുത്തുന്ന ഡാർക്ക്‌ നൈറ്റ് ബാറ്റ്മാനിൽ നിന്നും, പരുക്കനായ കരുത്തനായ ബാറ്റ്മാനിലെക്കുള്ള ഭാവപ്പകർച്ച ആരാധകർക്ക് ഇഷ്ടപ്പെടും. കുറച്ചു രംഗങ്ങളിൽ ഒതുങ്ങിയെങ്കിലും വണ്ടർവുമൻ കഥാപാത്രത്തിന്റെ എൻട്രി മികച്ചതാണ്. 2017 ൽ വ്യക്തിഗത ചിത്രം ഇറങ്ങുന്നതിനു മുന്നോടിയായുള്ള ഒരു സാമ്പിൾ വെടിക്കെട്ടായി കണ്ടാൽ മതി.

പശ്ചാത്തല സംഗീതം, ഗ്രാഫിക്സ് തുടങ്ങിയവ നിലവാരം പുലർത്തുന്നു. ഫാന്റസിയുടെ അംശം കൂടിപോയത് ആസ്വാദനത്തിൽ കല്ല്‌ കടിയായേക്കാം. ഇത് ഡാർക്ക്‌ നൈറ്റ് ചിത്രങ്ങളുടെ തുടർച്ചയല്ല എന്നത് മനസ്സിൽ വെച്ചു കൊണ്ട് ഒരു താരതമ്യം ഒഴിവാക്കിയാൽ ചിത്രം ഇഷ്ടപ്പെടും. ഡാർക്ക് നൈറ്റ്, സൂപ്പർമാൻ സീരീസ് ചിത്രങ്ങളുടെ ക്ലാസ് നിലവാരത്തിലേക്കുയരുന്നില്ല എന്നത് കൊണ്ട്, ഒരു തവണ ആഘോഷമായി കണ്ടു മറക്കാവുന്ന ചിത്രമെന്ന് 'ബാറ്റ്മാൻ vs സൂപ്പർമാനെ' വിശേഷിപ്പിക്കാം.

പിൻകുറിപ്പ്: ടെയിൽ ഏൻഡ് സീനുകളില്ല എന്നത് കൊണ്ട് അവസാനം വരെ കാത്തിരിക്കേണ്ട. എങ്കിലും ചിത്രം കണ്ടിറങ്ങുമ്പോൾ ഉള്ള ചോദ്യമിതാണ്. ആ കുഴിമാടത്തിലെ മണ്ണ് അനങ്ങുന്നുണ്ടോ?..

Your Rating: