Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിണാമത്തിലൂടെ ഒരു പ്രതികാരം

darvinte-parinamam-review

മിനിമം ഗ്യാരണ്ടി നടൻ‌ എന്ന വിശേഷണം കഴിഞ്ഞ കുറച്ച് സിനിമകൾ കൊണ്ട് നേടിയെടുത്ത പൃഥ്വിരാജിന് ഇത്തവണയും സന്തോഷിക്കാം. അതി ഗംഭീരമൊന്നുമല്ലെങ്കിലും പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത ചിത്രം തന്നെയാണ് ഡാർവിന്റെ പരിണാമവും.

ഡാർവിൻ (ചെമ്പൻ വിനോദ്) എന്ന ഗുണ്ടയുടെയും (ചിത്രത്തിലെ നായകനാണ് ഇൗ ഗുണ്ട) അനിൽ എന്ന സാധാരണക്കാരന്റെയും (ഇൗ ചിത്രത്തിലെ വില്ലൻ) കഥയാണ് ഡാർവിന്റെ പരിണാമം. ഗുണ്ടയായ ഡാർവിന്റെ ജീവിതത്തിൽ അനിൽ എങ്ങനെ പരിണാമം വരുത്തുന്നു എന്നതാണ് സിനിമയുടെ പ്രമേയം.

chandni-prithvi

പാട്ടുകളുടെ ആധിക്യമൊഴിച്ചു നിർത്തിയാൽ പ്രേക്ഷകനെ ബോറടിപ്പിക്കാത്തതാണ് ആദ്യ പകുതി. പ്രതികാരത്തിന്റെ രണ്ടാം പകുതിയിലേക്കെത്തുമ്പോൾ ചിത്രം കൂടുതൽ രസകരമാവുന്നു. എന്നാൽ ഇടയ്ക്ക് വച്ച് സിനിമ വല്ലാതെ വലിച്ചു നീട്ടപ്പെടുന്നു. എങ്കിലും കഥയുടെ പേസ് നിലനിർത്തി കൊണ്ടു പോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

അധികം അഭിനയസാധ്യത ഒന്നുമില്ലെങ്കിലും അനിൽ എന്ന കഥാപാത്രമായി പൃഥ്വിരാജ് മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. ഡാർവിനായി ചെമ്പനും പൃഥ്വിക്കൊപ്പം തിളങ്ങി. നായികയായ ചാന്ദ്നിയും ചെറുതെങ്കിലും തന്റെ വേഷം നന്നായി ചെയ്തു. ഒപ്പം പൊലീസ് ഒാഫിസറായെത്തിയ തരികിട സാബുവും പൃഥ്വിയുടെ അമ്മവേഷം ചെയ്ത സേതുലക്ഷ്മിയും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി.

Darwinte Parinamam Trailer Official

ശങ്കർ ശർമയുടെ ഗാനങ്ങൾ അത്ര മേൽ നല്ലതല്ലെങ്കിലും പശ്ചാത്തല സംഗീതം സിനിമയ്ക്ക് യോജിച്ചതായി. അഭിനന്ദൻ രാമാനുജം പതിവു പോലെ ക്യാമറക്കണ്ണുകൾ കൊണ്ട് ചിത്രത്തെ മനോഹരമാക്കി. സംവിധായകൻ ജിജോ ആന്റണി ഒരു എന്റെർടെയിനർ സിനിമയെ തന്നാലാവും വിധം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

കഥയും കഥാസന്ദർഭങ്ങളുമൊക്കെ മികച്ചതാണെങ്കിലും ഒന്നിനും തക്കതായ വിശദീകരണങ്ങളില്ലെന്നത് പോരായ്മയാണ്. അമാനുഷികതകളില്ലാത്ത സിനിമ പൂർണമായി ആസ്വദിക്കുന്നതിനായി ട്വിസ്റ്റുകൾക്ക് പിന്നിലെ കാര്യകാരണങ്ങൾ കൂടി കാണിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. കോമഡിക്കായി മാത്രം ചില രംഗങ്ങൾ തിരുകി കയറ്റിയതും ആസ്വാദനത്തിൽ കല്ലു കടിയുണ്ടാക്കി.

തിരക്കഥ മുഴുവൻ വായിച്ച് ബോധ്യമായ ശേഷമെ സിനിമയിൽ അഭിനയിക്കൂ എന്ന പൃഥിയുടെ അവകാശവാദത്തെ ഉൗട്ടിയുറപ്പിക്കുന്ന മറ്റൊരു സിനിമയാണ് ഡാർവിന്റെ പരിണാമം. അക്ഷൻ കോമഡി സെന്റിമെന്റ്സ് എല്ലാം ചേർന്ന മാസ് മസാലാ എന്റെർടെയിനറായ ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തും.

Your Rating: