Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗപ്പി വെറും മീനല്ല, ഒരു മാലാഖയാണ്; റിവ്യു

guppy-malayalam-movie

നന്മയുള്ള ഒരു കൊച്ചു സിനിമയാണ് ഗപ്പി. ഒരു അടിമുടി എന്റെർടെയിനർ എന്നൊന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും മനസ്സിൽ തട്ടുന്ന ചില മുഹൂർത്തങ്ങളും യാഥാർഥ്യത്തോടടുത്ത് നിൽക്കുന്ന കഥാഗതിയും ഗപ്പിയെ ആസ്വാദകന് പ്രിയപ്പെട്ടതാക്കും.

‌‘ഗപ്പി’ എന്ന ബാലനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അവന്റെ അമ്മയും കൂട്ടുകാരും നാട്ടുകാരും പിന്നെ അവന്റെ നാട്ടിൽ ഒരു മേൽപ്പാലം പണിയാനെത്തുന്ന എഞ്ചിനിയറുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. ഇവർ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളുമാണ് സിനിമയുടെ പ്രമേയം. ഒരു കഥയായി എടുത്തു പറയാനില്ലെങ്കിലും ഹൃദയസ്പർശിയായ കുറച്ചധികം കഥാമുഹൂർത്തങ്ങൾ കൂടിച്ചേർന്നതാണ് ഗപ്പി.

GUPPY MOVIE OFFICIAL TRAILER

ആസ്വാദകനെ സിനിമയിലേക്ക് വലിച്ചടുപ്പിക്കുന്ന രംഗങ്ങളോടെയാണ് ഗപ്പി ആരംഭിക്കുന്നത്. പ്രധാന കഥാപാത്രത്തിന്റെ ഡീറ്റെയിലിങ് രംഗങ്ങൾ കാഴ്ചക്കാരനെ കയ്യിലെടുക്കും. ആദ്യ പകുതി അവസാനിക്കാറുമ്പോഴേക്ക് സിനിമയ്ക്ക് ചെറിയ ഇഴച്ചിൽ അനുഭവപ്പെടും. തമാശകളൊക്കെ ആവശ്യത്തിനുണ്ടെങ്കിലും അടിമുടി ചിരിക്കാനുള്ള വകയൊന്നും പ്രതീക്ഷിക്കരുത്.

guppy-movie

രണ്ടാം പകുതിയുടെ തുടക്കത്തിലും ഇൗ മെല്ലെപ്പോക്കുണ്ട്. എങ്കിലും അതൊരു ബോറടിയിലേക്ക് എത്തിപ്പിക്കുന്നതല്ല. ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ ചിത്രം കൂടുതൽ വികാരപരമാകുന്നു. ഒട്ടനവധിപ്പേരുടെ ബന്ധങ്ങളിലേക്ക് ചിത്രം ഇറങ്ങിച്ചെല്ലുന്നു. ഇടയ്ക്കൽപം നാടകീയമാകുന്നുണ്ടെങ്കിലും ആസ്വാദകന്റെ മിഴി നിറയ്ക്കുന്ന മുഹൂർത്തങ്ങളാണ് അവയിൽ ചിലതെങ്കിലും. ഇതൊക്കെയാണെങ്കിലും സിനിമയിൽ കുറച്ച് അനാവശ്യ രംഗങ്ങളുമുണ്ടെന്ന് പറയാതെ വയ്യ. മികച്ച രംഗങ്ങളുടെ ഒഴുക്ക് ഇത്തരം അനാവശ്യ ഏച്ചുകെട്ടലുകളിൽ പെട്ട് ഇല്ലാതാകുന്നു.

···മാസ്റ്റർ ചേതൻ ഗപ്പിയെന്ന കഥാപാത്രമായി ജീവിച്ചുവെന്ന് വേണം പറയാൻ. ഒട്ടും അസ്വാഭാവികതയില്ലാത്ത അഭിനയം. യുവതാരങ്ങൾ ഏറ്റെടുക്കാൻ മടിക്കുന്ന വേഷത്തെ ടോവിനോ തോമസും മികച്ചതാക്കി. ഒപ്പം രോഹിണി, അലൻസിയർ, ശ്രീനിവാസൻ, സുധീർ കരമന, ദിലീഷ് പോത്തൻ തുടങ്ങി എല്ലാവരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. കാസ്റ്റിങ്ങിലും അഭിനയത്തിലും ഗപ്പി ഒരു വള്ളപ്പാട് മുന്നിലാണ്.

guppy-movie1

നവാഗതനായ ജോൺ പോൾ ജോർജ് സംവിധാനരംഗത്തേക്കുള്ള തന്റെ അരങ്ങേറ്റം ഗപ്പിയിലൂടെ ഗംഭീരമാക്കി. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലം സംഗീതവും മികച്ചു നിന്നു. വിഷ്ണു വിജയ് എന്ന സംഗീതസംവിധായകൻ മലയാള സിനിമയ്ക്കുള്ള വരുംകാല മുതൽക്കൂട്ടാണെന്ന് നിസ്സംശയം പറയാം. അതുപോലെ ഗിരിഷ് ഗംഗാധരന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ടത് തന്നെ. സിനിമയ്ക്ക് 100 ശതമാനം അനുയോജ്യമായ ലൈറ്റിങ്ങും ഫ്രെയിമുകളും. സിനിമ ഇടയ്ക്കിടെ വഴി മാറി പെരുവഴി സഞ്ചരിച്ചെങ്കിലും പ്രേക്ഷകനെ അതറിയിക്കാതെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ സംഗീതവും വിഷ്വലുകളും മികച്ച പങ്ക് വഹിച്ചു.

guppy

ഗപ്പി ഒരു അതിഗംഭീര ചിത്രമോ അടിമുടി എന്റെർടെയിനറോ അല്ല. പക്ഷേ ഗപ്പിയിൽ ഒരു നന്മയുണ്ട്. നമ്മിൽ ഉറങ്ങിക്കിടക്കുന്ന നാമറിയാത്ത ചില വികാരങ്ങളെ ഗപ്പി ഉണർത്തും. സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും മാനങ്ങളെക്കുറിച്ചും മൂല്യത്തെക്കുറിച്ചും ഒാർമപ്പെടുത്തും. ഗപ്പി ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. കാശ് പോയെന്ന് ഒരു പ്രേക്ഷകനും അതിപ്പൊ പ്രായ–ലിംഗ ഭേദമന്യേ ഉള്ള ആർക്കും തോന്നില്ല. കാരണം നന്മയുള്ള ഇൗ കൊച്ചു സിനിമയെ വെറുക്കാൻ കാരണങ്ങൾ കുറവാണ്. 

നിങ്ങൾക്കും റിവ്യു എഴുതാം...കേരളാ ടാക്കീസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

Your Rating: