Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലൈമാക്സിന് ഒരു കോമയും കുത്തും; റിവ്യു

james-and-alice-review

Death will give you second chance, but life never. തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് സഞ്ചരിക്കുന്ന ജീവിതവഴിയിൽ നിന്ന് വ്യതിചലിച്ച് അവയെ തിരുത്തി മുമ്പോട്ട് ജീവിക്കാനുള്ള ആഹ്വാനമാണ് ജയിംസ് ആൻഡ് ആലീസ് എന്ന സിനിമ. കാരണം മരണം പോലും രണ്ടാമതൊരു അവസരം നൽകിയേക്കും. പക്ഷേ ജീവിതം ഒന്നു മാത്രമേയുള്ളൂ.

പ്രണയിച്ചു വിവാഹം കഴിച്ച ജയിംസും ആലീസും. വർഷങ്ങൾക്കിപ്പുറം പ്രേമം വെറും ഭ്രമമാണെന്ന് തോന്നിത്തുടങ്ങിയപ്പോൾ അവരുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവപരമ്പരകളും വെല്ലുവിളികളുമാണ് ഇൗ ചിത്രത്തിന്റെ പ്രമേയം. പ്രണയവും പ്രണയപരാജയവും ദാമ്പത്യബന്ധത്തിലെ അസ്വാരസ്യങ്ങളും മനോഹരമായി കോർത്തിണക്കിയ വ്യത്യസ്ത പ്രമേയമുള്ള ചിത്രത്തിന് കുറേയെറെ ഗുണങ്ങളും കുറച്ചേറെ ക്ലീഷേകളുമുണ്ട്.

prithviraj

ആരംഭം മുതൽ പതിഞ്ഞ താളത്തിലാണ് ജയിംസ് ആൻഡ് ആലീസ് മുന്നോട്ടു പോകുന്നത്. ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയം ഇൗ ഒരു മെല്ലെപ്പോക്ക് ആവശ്യപ്പെടുന്നതായതിനാൽ അതിനെ കുറ്റം പറയാനൊക്കില്ല. ഛായാഗ്രഹണത്തിനൊപ്പം സംവിധായകന്റെ തൊപ്പി കൂടിയണിഞ്ഞ സുജിത് വാസുദേവ് ഒാരോ ഫ്രെയിമും സുന്ദരമാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു. കാമറാ ആംഗിളുകളും ലൈറ്റിങ്ങുമൊക്കെ മികച്ചു നിന്നു.

എന്നാൽ ഇതൊഴിച്ചു നിർത്തിയാൽ ആദ്യ പകുതി പ്രേക്ഷകനെ അത്ര രസിപ്പിക്കില്ല. ഇന്റെർവെല്ലിനു ശേഷം പ്രമേയം വ്യത്യസ്തമാകുന്നുണ്ടെങ്കിലും സിനിമയുടെ താളത്തിന് മാറ്റമൊന്നുമില്ല. ചില രംഗങ്ങളിലെങ്കിലും ചിത്രത്തിനെ യാഥാർത്ഥ്യത്തോട് റിലേറ്റ് ചെയ്യാൻ പ്രേക്ഷകർക്കാവും. ജീവിതത്തിൽ അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നത് പ്രവചനാതീതമാണെന്നാണ് വയ്പ്പെങ്കിലും ക്ലൈമാക്സിലെ അവിശ്വസനീയ ട്വിസ്റ്റ് കാഴ്ചക്കാർക്ക് അത്ര പെട്ടെന്ന് ദഹിക്കുന്നതല്ല.

vedhika

ഒരോ അഭിനേതാക്കളും തങ്ങളുടെ റോളുകൾ അഭിനയമാണെന്നു തോന്നാത്ത വിധം ജീവിച്ചു കാണിച്ചു തന്നുവെന്നതാണ് ഇൗ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പൃഥ്വിരാജ് ജയിംസിന്റെ റോൾ ഭംഗിയാക്കിയപ്പോൾ അന്യഭാഷാ നടിയായിരുന്നിട്ടു കൂടി വേദിക വളരെ മികച്ച പ്രകടനം കാഴ്ച വച്ചു. കാമുകിയായും അമ്മയായും ഭാര്യയായും മകളായും വീട്ടമ്മയായുമൊക്കെ വേദിക തന്റെ കഥാപാത്രത്തിന്റെ വിവിധ ഭാവപ്പകർച്ചകളെ അഭ്രപാളിയിൽ അവിസ്മരണീയമാക്കി. ഒപ്പം സായ്കുമാറും കിഷോർ സത്യയും തുടങ്ങി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത എല്ലാവരും അവനവന്റെ കഥാപാത്രത്തോട് നീതി പുലർത്തി.

എടുത്തു പറയത്തക്ക മികച്ച ഗാനങ്ങളൊന്നും ചിത്രത്തിലില്ല. പശ്ചാത്തല സംഗീതം സിനിമയ്ക്ക് യോജിച്ചതായിരുന്നെങ്കിലും ചിലയിടങ്ങളിൽ സിനിമ പോലെ തന്നെ വളരെ നാടകീയമായിപ്പോയി. ഛായാഗ്രഹണം മികച്ചു നിന്നു. എഡിറ്റിങ്ങ് ഒന്നു കൂടി നന്നാക്കി ദൈർഘ്യം കുറച്ചിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നേനെ.

james-and-alice-trailer

ഒരു കവിത പോലെയൊ കീർത്തനം പോലെയോ അതിനു ചേരുന്ന ഛന്ദസ്സിൽ കേൾക്കേണ്ട ഒന്നാണ് ഇൗ ചിത്രവും. അതായത് ആവേശത്തോടും ആഹ്ലാദത്തോടും ആസ്വദിക്കാനുള്ളതല്ലെന്ന് ചുരുക്കം. മറിച്ച് മനസ്സിനെ ശാന്തമാക്കി അവനവന്റെ ജീവിതത്തിലേക്ക് ഇടയ്ക്കിടെ തിരിഞ്ഞു നോക്കി കാണേണ്ട സിനിമയാണ്. ഭൂരിപക്ഷത്തിനെയാണോ ന്യൂനപക്ഷത്തിനെയാണോ ചിത്രം തൃപ്തിപ്പെടുത്തുക എന്നത് നേരത്തെ പറഞ്ഞ ആസ്വാദനശൈലിയെ അടിസ്ഥാനപ്പെടുത്തിയിരിക്കും.  

Your Rating: