Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളി, ചിരി ഒരൽപം കാര്യം: ഉദ്ദേശിച്ചത് ഇത്

kavi-uddeshichathu

ഹ്രസ്വചിത്രങ്ങളുടെ സംവിധായകരായ തോമസും ലിജു തോമസും ആദ്യമായി സംവിധാനം ചെയ്ത ‘കവി ഉദ്ദേശിച്ചത്’ കളിയും ഒരൽപം കാര്യവുമുള്ള ഒരു കൊച്ചു സിനിമയാണ്. ചെറിയ ചില പോരായ്മകളുണ്ടെങ്കിലും തങ്ങളുടെ കന്നിച്ചിത്രം സംവിധായകർ മോശമാക്കിയില്ല.

കാവാലം ജിമ്മി, വട്ടത്തിൽ ബോസ്കോ എന്നീ രണ്ടു ബദ്ധവൈരികളും അവരുടെ പോരാട്ടവുമാണ് ചിരിയുടെ മേമ്പൊടിയോടെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇവരിരുവരും ഒരു പന്തയത്തിലേർപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

Asif Ali | Exclusive Interview | I Me Myself | Manorama Online

ഹാസ്യത്തിലൂന്നിയാണ് ചിത്രത്തിന്റെ ആദ്യ പകുതി ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകനെ ചിരിപ്പിക്കാനുള്ള ആത്മാർഥശ്രമങ്ങൾ അണിയറക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടെങ്കിലും പലപ്പോഴും അതു കുറിക്കു കൊള്ളുന്നുണ്ടോ എന്നു സംശയമാണ്. ‘രമണിയേച്ചിയുടെ നാമത്തിൽ എന്ന ഇവരുടെ തന്നെ ഹ്രസ്വചിത്രത്തിലെ രംഗങ്ങൾ സിനിമയിൽ പുനരാവിഷ്ക്കരിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലും നർമത്തിനു തന്നെയാണ് പ്രാധാന്യം. വോളിബോൾ കളിയും അതിന്റെ ആവേശവുമൊക്കെ സിനിമയിലേക്ക് കൊണ്ടു വരാൻ അണിയറപ്രവർത്തകർ പരിശ്രമിച്ചിട്ടുണ്ട്.

biju

സാധാരണ സ്പോർട്സ് സിനിമകളിൽ കാണാറുള്ള ആവേശവും ആകാംക്ഷയും പ്രേക്ഷകനിലേക്കെത്തിക്കാൻ അണിയറക്കാർക്കായിട്ടില്ല. കൊള്ളാവുന്ന ചില നർമരംഗങ്ങളുണ്ടെങ്കിലും ആകെത്തുകയിൽ‌ വിലയിരുത്തുമ്പോൾ സിനിമയെ തികഞ്ഞ ഒരു ഹാസ്യചിത്രമായി കണക്കാക്കാനും കഴിയില്ല. എങ്കിലും നവാഗതരുടെ കന്നി സംവിധാനസംരംഭമെന്ന നിലയിൽ രൂക്ഷമായി വിമർശിക്കപ്പെടേണ്ട ഘടകങ്ങളും ചിത്രത്തിലില്ല.

ജിമ്മിയായെത്തിയ ആസിഫ് അലി തന്റെ റോൾ മികച്ചതാക്കി. ബോസ്കോ ആയി വേഷമിട്ട നരെയ്ൻ ഹാസ്യവും തനിക്കു വഴങ്ങുമെന്നു തെളിയിച്ചു. ബിജു മേനോൻ, ലെന, അഞ്ജു കുര്യൻ, അഭിഷേക്, സുനിൽ സുഖദ, ബിന്ദു പണിക്കർ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. സംഗീതവും ഛായാഗ്രഹണവും ചിത്രത്തിനു യോജിച്ചതായി.

kavi-uddeshichathu-1

‘കവി ഉദ്ദേശിച്ചത്’ ഒരു തട്ടുപൊളിപ്പൻ സിനിമയോ മുഴുനീള ചിരിപ്പടമോ അല്ല. അൽപം ചിരിയും അൽപം കളിയും പിന്നെ കുറച്ചു കാര്യവുമുള്ള ഒരു കൊച്ചു സിനിമയാണിത്. മലയാള സിനിമയിലെ ഒരു കൂട്ടം നവാഗതരുടെ പരിശ്രമത്തിന്റെ ഫലമാണ് ഈ സിനിമ. കുടുംബപ്രേക്ഷകർ ഉൾപ്പെടുന്ന എല്ലാത്തരം ആരാധകർക്കും നേരംപോക്കിനായി ഈ ചിത്രം കണ്ടിരിക്കാം.  

Your Rating:
നിങ്ങൾക്കും റിവ്യൂ എഴുതാം