Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രീസിലെ സെഞ്ചുറി, സ്ക്രീനിലെ ഫിഫ്റ്റി; റിവ്യു

dhoni-review

റാഞ്ചിയിലെ ഒരു മധ്യവർത്തി കുടുംബത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ കൊടുമുടികൾ കീഴടക്കിയ 'മഹി' എന്ന മഹേന്ദ്ര സിങ് ധോണിയുടെ മഹേന്ദ്രജാലത്തിന്റെ കഥയാണ് എം എസ് ധോണി ദ് അൺടോൾഡ് സ്റ്റോറി എന്ന നീരജ് പാണ്ഡെ ചിത്രം പറയുന്നത്.

ധോണിയുടെ ജനനം മുതൽ 2011 ലെ ലോകകപ്പ് കിരീടം നേട്ടം വരെയുള്ള കാലഘട്ടത്തെയാണ് സംവിധായകൻ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. സ്കൂളിലെ ഫുട്ബോൾ ടീമിന്റെ ഗോൾ കീപ്പറായിരുന്ന ധോണിയെ കായിക അധ്യാപകൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പറായി നിയമിക്കുന്നിടത്ത് നിന്ന് തുടങ്ങുന്ന ആകസ്മികമായ സംഭവ വികാസങ്ങളിൽ തുടങ്ങി വ്യക്തി ജീവിതത്തിലെ വൈകാരി മായ ഒട്ടേറെ മുഹൂർത്തങ്ങളിലൂടെയാണ് ഈ സിനിമയുടെ ഇന്നിങ്സ് പുരോഗമിക്കുന്നത്.

dh

'The man you know, the journey you don't' എന്ന ടാഗ് ലൈനോട് പൂർണമായും നീതി പുലർത്തുന്നുണ്ട് തിരക്കഥ. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ധോണിയുടെ ലക്ഷകണക്കിനു ആരാധകർക്ക് തികച്ചും അപരിചിതമായ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലേക്കാണ് നീരജ് ചിത്രത്തെ പ്രതിഷ്ഠിക്കുന്നത് ചെയ്യുന്നത്.

ഒരു പക്ഷേ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാകും നായകനായ താരത്തെ (അഭിനേതാവിനെ) അപ്രസക്തനാക്കി കഥാപാത്രത്തിനോടുള്ള ആരാധനയുടെ പുറത്ത് പ്രേക്ഷകർ തിയറ്ററിലേക്ക് ഇരച്ചു കയറിയത്.

dhoni-susanth

ആദ്യാവസാനം ധോണി ധോണി ധോണി എന്ന ഭേരി മുഴങ്ങുമ്പോൾ തിയറ്ററുകൾ അക്ഷരാർഥത്തിൽ ഒരു ക്രിക്കറ്റ് മൈതാനത്തിന്റെ പ്രതീതി സ്യഷ്ടിക്കുന്നു. ധോണിയായി സ്ക്രീനിൽ എത്തുന്ന സുശാന്ത് സിങ് രാജ്പുത്ത് തിളക്കമാർന്ന പ്രകടനം പുറത്തെടുക്കുന്നു. ധോണിയുടെ ഭാവങ്ങളും ശരീരഭാഷയും ഹെലികോപ്റ്റർ ഷോട്ട് പോലെയുള്ള അദ്ദേഹത്തിന്റെ ട്രേഡ്മാർക്കുകളും തീവ്രത നഷ്ടപ്പെടാതെ സുശാന്ത് സ്ക്രീനിലേക്ക് അനായാമായി പകർത്തുന്നു

ധോണിയുടെ പിതാവായി വേഷമിട്ട അനുപം ഖേർ, സഹോദരിയായി വേഷമിട്ട ഭൂമിക, കോച്ചായ അഭിനയിച്ച രാജേഷ് ശർമ്മ, പൂർവ്വ കാമുകിയായി വേഷമിട്ട ദിഷപഠാണി, ഭാര്യ സാക്ഷിയുടെ വേഷത്തിൽ എത്തിയ കിരൺ അദ്വാനി എന്നിവരും മികച്ച പ്രകടനം പുറത്തെടുക്കുന്നു.

ഒരു ടിക്കറ്റ് എക്സാമിനറായി ഒതുങ്ങി പോകുമായിരുന്ന ഒരു സാധാരണ ജീവിതത്തിൽ നിന്ന് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റനിലേക്കുള്ള അസാധരണമായ യാത്ര തീർച്ചയായും യുവാക്കളെ പ്രചോദിപ്പിക്കും.

dhoni-susanth-1

വാഹനപകടത്തിൽ മരണപ്പെടുന്ന ധോണിയുടെ പ്രണയിനി പ്രിയങ്ക പ്രേക്ഷകരിൽ നനവ് പടർത്തുന്നു. എന്നാൽ ചിലയിടത്തെങ്കിലും ധോണിയെ അമാനുഷിക നായകനായി തീർക്കാനുള്ള ശ്രമം രസം കൊല്ലിയാകുന്നുണ്ട്.

ആവേശകരമായ ഒരു ട്വന്റി ട്വന്റി മത്സരത്തിന്റെ ആവേശത്തിൽ നിന്ന് സമനിലയിലേക്ക് നീങ്ങുന്ന വിരസമായ ടെസ്റ്റിലേക്ക് പലപ്പോഴും സിനിമ കൂപ്പ് കുത്തുന്നു. കരിയറിന്റെ ആദ്യഘട്ടത്തിൽ കൂറ്റൻ ഷോട്ടുകളിലൂടെ ക്രീസിൽ നിറയുകയും അടുത്ത ഘട്ടത്തിൽ പ്രതിരോധത്തിൽ ഊന്നി മെല്ല പോക്ക് നടത്തുകയും ചെയ്യുന്ന ധോണിയുടെ തനിയാവർത്തനമായി മാറുന്നു സിനിമ പലപ്പോഴും. ഒരേ സമയം ധോണിയുടെ കളി ജീവിതത്തിലും വ്യക്തി ജീവിതത്തിലും കൈവെക്കുന്ന സംവിധായകൻ മൂന്നു മണിക്കൂർ സമയ പരിധിക്കുള്ളിൽ രണ്ടിനേയും സന്നിവേശിപ്പിക്കാൻ പരാജയപ്പെടുന്നു.

dhoni

ധോണിയുടെ രാജ്യന്തര മത്സരങ്ങളുടെ ഒറിജിനൽ ഫൂട്ടേജ് ഉപയോഗിച്ചത് ചിത്രത്തിന്റെ ആവേശം ഉയർത്തി. സച്ചിൻ, സെവാഗ്, യുവരാജ്, ഗാംഗുലി തുടങ്ങിയ താരങ്ങൾ സ്ക്രീനിൽ നിറയുമ്പോൾ തിയറ്ററുകൾ ഇളകി മറിയുന്നു. മലയാളി താരം ശ്രീശാന്തും കയ്യടി നേടുന്നു. . യുവരാജിനെ പോലെ കാൻസറിനെ അതിജീവിച്ചു വന്ന ഒരു താരത്തെ ഫലിത രൂപത്തിലാണെങ്കിലും പരിഹസിക്കുന്ന രംഗങ്ങൾ ഒഴിവാക്കാമായിരുന്നു.

ലോകമറിയുന്ന കായികതാരങ്ങളുടെ ജീവിതം സിനിമയാക്കിയ ഭാഗ് മില്‍ഖ ഭാഗ്, മേരി കോം, ചക് ദേ ഇന്ത്യ എന്നീ കായിക സംബന്ധിയായ ചിത്രങ്ങളോടു താരതമ്യം ചെയ്താൽ ധോണിയുടെ സ്ഥാനം പിന്നിലാണ്. ധോണിയെന്ന സിനിമയേക്കാൾ ധോണിയെന്ന താരത്തോടുള്ള സ്നേഹവും ആദരവും തന്നെയാണ് സിനിമയുടെ വാണിജ്യ വിജയത്തിൽ നിർണായകമാകുന്നത് 

Your Rating: