Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നർമവും നന്മയുമുള്ള മുത്തശ്ശിക്കഥ

oru-muthassi

മുത്തശ്ശനും മുത്തശ്ശിയും നമുക്ക് ശരിക്കും ആരാണ് ? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? വീടിന്റെ മൂലയ്ക്ക് ആരാലും ശ്രദ്ധിക്കപ്പെടാതെ അവസാനകാലം കഴിച്ചു കൂട്ടുന്ന മുത്തശ്ശന്മാരും മുത്തശ്ശിമാരും ആരാണെന്ന് നമുക്ക് ബോധ്യപ്പെടുത്ത‌ി തരുന്ന ചിത്രമാണ് മുത്തശ്ശി ഗഥ. നർമവും നന്മയും ചേരുന്ന കൊച്ചു ചിത്രം. 

നമ്മൾ ആരും ഓർക്കാൻ ഇഷ്ടപ്പെടാത്ത കാലമുണ്ട്, വാർധക്യം. എപ്പോഴും ചെറുപ്പമായി ഇരിക്കാനാണ് എല്ലാവർക്കും ഇഷ്ടം. വാർധക്യത്തിലെത്തിയാലുള്ള നമ്മുടെ അവസ്ഥയെപ്പറ്റിയോ അപ്പോഴുള്ള ആഗ്രഹങ്ങളെക്കുറിച്ചോ പോലും ആരും ചിന്തിക്കുന്നില്ല. അത്തരം ചിന്തകളിലേക്കാണ് ഒരു മുത്തശ്ശി ഗദ നമ്മളെ കൊണ്ടു പോകുന്നത്.

മുത്തശ്ശിയോ ? അതെന്ത് സാധനം എന്നു ചോദിക്കുന്ന കുട്ടികൾ. കാലാവധി കഴിയുന്ന സാധനങ്ങൾ കളയുന്നതു പോലെ ഓൾഡ് ഏജ് ഹോമിലെ വൃദ്ധർ. കാലത്തിനൊത്ത പ്രമേയം. ലീല എന്ന ലീലാമ്മച്ചിയുടെ കഥയാണ് ഈ മുത്തശി ഗദ. മുത്തശി മൊത്തത്തിൽ കലിപ്പാണ് , ഒരു മൂശേട്ട സ്വഭാവം. റൗഡി മുത്തശ്ശിയെന്നാണ് കൊച്ചു മക്കൾ ലീലാമ്മച്ചിയെ വിളിക്കുന്നത്. ആ മുത്തശ്ശിയും മക്കളും പേരക്കുട്ടികളും ചേരുന്ന കുടുംബത്തിന്റെ കഥയാണ് ചിത്രം. 

നായകനോ നായികയോ ഇല്ലാത്ത സിനിമ എടുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. വെല്ലുവിളികളെ അതിജീവിച്ച് അതിനുള്ള ധൈര്യം കാട്ടിയ ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകന് ആദ്യം തന്നെ അഭിനന്ദനം. താരതലപ്പൊക്കങ്ങളില്ലാതിരുന്നിട്ടം മുത്തശ്ശിയെ സുന്ദരിയാക്കാൻ ജൂഡിനായിട്ടുണ്ട്. ആവശ്യത്തിന് ഹാസ്യം, കുടുംബബന്ധങ്ങളുടെ വില മനസ്സിലാക്കി കൊടുക്കുന്ന വൈകാരിക രംഗങ്ങൾ, ന്യൂജെൻ സിനിമകളിൽ വിരളം കാണാവുന്ന നന്മയും മനുഷ്യത്വവും, എല്ലാം ചേരുന്ന കൊച്ചു സിനിമയാണ് ഇത്.

മുത്തശ്ശിയായെത്തിയ രജനി ചാണ്ടി അരങ്ങേറ്റം മികച്ചതാക്കി. ഭാഗ്യലക്ഷ്മി, വിജയരാഘവൻ, സുരാജ്, ലെന, രമേശ് പിഷാരടി തുടങ്ങി ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച എല്ലാ നടന്മാരും തങ്ങളുെട ഭാഗം നന്നാക്കി. വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ച ഷാൻ റഹ്മാൻ സിനിമയുടെ ആത്മാവ് നഷ്ടപ്പെടാതെ സൂക്ഷിച്ചു.

മുൻനിര നായകനോ നായികയോ ഇല്ലാതെ എങ്ങനെ മികച്ച സിനിമയുണ്ടാക്കാം എന്നതിന് തെളിവാണ് മുത്തശ്ശി ഗഥ. വീട്ടിലെ മൂത്തവർക്ക് വില കൊടുക്കാത്ത അല്ലെങ്കിൽ അവരുടെ വില മനസ്സിലാകാത്ത എല്ലാവരും കണ്ടിരിക്കേണ്ട ചിത്രവുമാണിത്. നന്മയും നർമവുമുള്ള കുടുംബത്തോടൊപ്പം ധൈര്യമായി കാണാവുന്ന ചിത്രം.

Your Rating: