Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ട ഗ്ലാമർ, കട്ട ഹീറോയിസം; ഇത് തോപ്പിൽ ജോപ്പൻ

thoppil-joppan-review

കോട്ടയം കുഞ്ഞച്ചനെപ്പോലെ തെമ്മാടിയല്ല തോപ്രാംകുടി ജോപ്പൻ. പ്രേക്ഷകനെ ചിരിപ്പിക്കുന്ന ഒരു പാവം രാജകുമാരനാണ്. കോട്ടയം അച്ചായന്റെ ഗ്ലാമറും കട്ട ഹീറോയിസവും മാത്രമല്ല, യാഥാർ‌ഥ്യത്തോടു ചേർന്നു നിൽക്കുന്ന നായകനാണ് തോപ്പിൽ ജോപ്പൻ.

തോപ്രാംകുടിയിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് തോപ്പിൽ ജോപ്പൻ. കബഡി കളിയില്‍ മിടുക്കനായ ജോപ്പനു കുട്ടിക്കാലത്ത് ഒരു പ്രേമമുണ്ടായിരുന്നു- ആനി. മിക്ക കൗമാര പ്രേമകഥയുടെയും അവസാനം പോലെ ജോപ്പന്റെ പ്രണയവും ഒരു ട്രാജഡിയായിരുന്നു.‍

എന്നാൽ സിനിമയിൽ പ്രണയം മാത്രമാണു ട്രാജഡി, ബാക്കി മുഴുവൻ കോമഡിയാണ്. പ്രണയം പൊളിഞ്ഞ ജോപ്പൻ കള്ളുകുടിയിൽ അഭയം പ്രാപിക്കുന്നതും ജോപ്പനെ പെണ്ണു കെട്ടിക്കാന്‍ വീട്ടുകാരും കൂട്ടുകാരും നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ പ്രമേയം.

thoppil-joppan-1

കളിതമാശകളും പ്രണയവും പ്രണയനൈരാശ്യവുമായാണ് ആദ്യ പകുതിയുടെ പോക്ക്. രണ്ടാം പകുതിയിൽ കഥ കുറച്ചു കൂടി ഗൗരവമുള്ളതാകുന്നു. ചിരിയുടെ മേമ്പൊടിയോടെയാണ് ക്ലൈമാക്സും വരുന്നത്. രണ്ടു മണിക്കൂർ മാത്രമാണു ദൈർഘ്യമെന്നതു കൊണ്ടുതന്നെ പ്രേക്ഷകന് ഒരിക്കലും ഒരിടത്തും അലോസരമുണ്ടാകുന്നില്ല. എന്നാലും കഥയിലും തിരക്കഥയിലും ചില പോരായ്മകളുണ്ടെന്നു പറയാതെ വയ്യ.

thoppil-joppan-7

സിഐഡി മൂസ മുതൽ ചിരിച്ചിത്രങ്ങളുടെ പെരുമഴ തീർത്ത ജോണി ആന്റണി ഇത്തവണയും പ്രേക്ഷകനെ പൊട്ടിച്ചിരിയുടെ ലോകത്തേക്കാണു കൊണ്ടുപോകുന്നത്. നർമരംഗങ്ങളിൽ‌ അനായാസം അഭിനയിച്ച മമ്മൂട്ടി ജോപ്പനെ ഗംഭീരമാക്കി. അദ്ദേഹത്തിന്റെ സെൽഫ് ട്രോൾ രംഗങ്ങൾ തിയറ്ററിൽ ആരവമാകുന്നുമുണ്ട്.

മരിയ എന്ന മെഡിക്കൽ സ്റ്റുഡന്റ് ആയി മംമ്തയും ആനിയായി ആൻഡ്രിയയും അവരുടെ േവഷം മികച്ചതാക്കി. ഫാദർ ഐസക്ക് വാളമ്പറമ്പിലായി സലിം കുമാർ നടത്തിയ തിരിച്ചുവരവ് സിനിമയുടെ പ്രധാന ആകർഷണമാണ്. സലീം കുമാറും സോഹൻ സീനുലാലും ചേരുന്ന തമാശരംഗങ്ങള്‍ തകർപ്പനാണ്.

mamtha-jude

രൺജി പണിക്കർ, ജൂഡ് ആന്റണി, ഹരിശ്രീ അശോകൻ, കവിയൂർ പൊന്നമ്മ, പാഷാണം ഷാജി, അലൻസിയർ, മേഘനാഥൻ എന്നിവരാണ് മറ്റുതാരങ്ങൾ. വിദ്യാസാഗറിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. സുനോജ് വേലായുധത്തിന്റെ ഛായാഗ്രഹണം ചിത്രത്തോടു നൂറു ശതമാനം നീതി പുലർത്തി. അൻപ് അറിവിന്റെ സംഘട്ടനരംഗങ്ങളും സിനിമയുടെ മാറ്റുകൂട്ടി.

നാട്ടിൻപുറങ്ങളിൽ നമ്മള്‍ കാണാറുള്ള കഥാപാത്രങ്ങളും രസകരമായ നിമിഷങ്ങളും ജോപ്പനെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നു. ചുരുക്കത്തിൽ, തോപ്പിൽ ജോപ്പൻ ഒരു മാസ് ചിത്രമല്ല, മറിച്ച് മനസ്സു നിറയ്ക്കുന്ന ഫാമിലി–കോമഡി എന്റർടെയ്നറാണ്.  

Your Rating:
നിങ്ങൾക്കും റിവ്യൂ എഴുതാം