Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേട്ടയാടും ഇൗ ‘വേട്ട’ ; റിവ്യു

vettah-movie-review

മലയാളത്തിൽ അടുത്ത കാലത്തിറങ്ങിയ മികച്ച സൈക്കോ ത്രില്ലർ ചിത്രമാണ് വേട്ട. കഥാഗതിയെപ്പറ്റി ആർക്കും ഒരു പിടിയും കൊടുക്കാത്ത സത്യവും നുണയും കുറ്റവും ശിക്ഷയുമൊക്കെ മാറിമറിയുന്ന ചിത്രം. കഥയും തിരക്കഥയും സംവിധാനവും ഒന്നിനൊന്ന് മികച്ചത്.

ഒരു സസ്പെൻസ് സൈക്കോ ത്രില്ലർ ചിത്രമായതു കൊണ്ട് തന്നെ ഇതിന്റെ കഥ പറയുന്നത് നീതിയല്ല. ഇനി കഥ പറയണമെന്നു വച്ചാലും ഒറ്റ വാക്കിലോ വരിയിലോ അതിന് സാധിക്കുകയുമില്ല. അത്ര സങ്കീർണമാണ് വേട്ടയുടെ കഥയും കഥാസന്ദർഭങ്ങളും. പക്ഷേ ഒന്നുറപ്പാണ്. അങ്ങനെ ആർക്കും ഉൗഹിക്കാൻ പറ്റില്ല ഇതിന്റെ യഥാർത്ഥ കഥയും സസ്പെൻസും ട്വിസ്റ്റുകളും.

manju-kunchako

മാനുഷിക വികാരങ്ങളെ കൂടി ത്രില്ലർ സിനിമയിൽ ഇഴ ചേർത്താണ് വേട്ട അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ സീൻ മുതലെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ നുണയേത് സത്യമേത് എന്ന അങ്കലാപ്പിലും സംശയത്തിലുമാകും കാഴ്ച്ചക്കാർ. രണ്ടാം പകുതി അതിനൊക്കെ ഉത്തരം തരുന്നതാണ്. ഒരു ചോദ്യം പോലും ബാക്കി വയ്ക്കാതെ എല്ലാത്തിനുമുള്ള ഉത്തരം ക്ലൈമാക്സിൽ വേട്ട പറഞ്ഞു തരും.

vettah-kunchako

എടുത്തു പറയേണ്ടത് ഇത്തരത്തിലൊരു തിരക്കഥയൊരുക്കിയ അരുൺലാൽ രാമചന്ദ്രനെക്കുറിച്ചാണ്. ഉൗഹാപോഹങ്ങൾക്കും അപ്പുറത്താണ് വേട്ടയുടെ കഥ. ഒപ്പം ആ തിരക്കഥയെ കയ്യടക്കത്തോടെ അവതരിപ്പിച്ച രാജേഷ് പിള്ളയും അഭിനന്ദനമർഹിക്കുന്നു. ഒാരോ സീനും ശ്രദ്ധയോടെ ആളുകളുടെ മനസ്സിൽ പതിയും വിധമാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.

vettah-rajesh

ആദ്യാവസാനം ദുരൂഹത ഉണർത്തുന്ന മെൽവിൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ തിളങ്ങി. കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാവും പല രൂപത്തിലും ഭാവത്തിലുമെത്തിയ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റേത്. പൊലീസ് വേഷത്തിൽ മഞ്ജു വാര്യരും ഇന്ദ്രജിത്തും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വച്ചു. സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയ ഷാൻ റഹ്മാൻ സിനിമയോട് 100 ശതമാനം നീതി പുലർത്തി. ക്യാമറ ചലിപ്പിച്ച അനീഷ് നായരും എഡിറ്റിങ് നിർവഹിച്ച അഭിലാഷ് ബാലചന്ദ്രനും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി.

സത്യത്തെക്കാൾ എത്രയോ ശക്തമാണ് നുണ. വേട്ട കാണിച്ചു തരുന്ന സത്യം ഇതാണ്. കുരുങ്ങിക്കിടക്കുന്ന കഥാതന്തുക്കളെ ശ്രദ്ധയോടെ വീക്ഷിച്ച് അവയെ അഴിച്ചെടുക്കുന്ന രീതി പിന്തുടരുന്ന തിരക്കഥയുള്ള ചിത്രം. ഉല്ലസിക്കാനല്ല നിങ്ങൾ തീയറ്ററിൽ പോകുന്നതെങ്കിൽ ധൈര്യമായി ടിക്കറ്റെടുക്കാം വേട്ടയ്ക്ക്.

Your Rating: