Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്ക് ദൃശ്യം ഇൗ ‘വിസ്മയം’

vismayam

മോഹൻലാൽ ആദ്യമായി 3 ഭാഷകളിലഭിനയിച്ച വിസ്മയം തെലുങ്കിൽ വിസ്മയം തീർത്തേക്കാമെങ്കിലും മലയാളത്തിൽ ശരാശരിയിൽ ഒതുങ്ങുന്ന സിനിമ മാത്രമാണ്. സസ്പെൻസും ഫാമിലി എലമെന്റ്സും കൂടിച്ചേർന്ന വിസ്മയം തെലുങ്കർക്ക് ഒരു ‘ദൃശ്യം’ ആയിരിക്കും.

നാലു കഥാപാത്രങ്ങൾ. നാലു കഥകൾ. ഇവ നാലും ക്ലൈമാക്സിൽ കൂട്ടിമുട്ടുന്നു. വിസ്മയത്തെ ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. നാലു വ്യത്യസ്ത കഥകൾ ഒരിടത്ത് സമന്വയിപ്പിക്കുന്നതിൽ സംവിധായകന്റെ മിടുക്ക് പ്രകടം.

mohanlal

നാലു കഥകളുടെയും ഉത്ഭവവും പുരോഗമനവും പ്രേക്ഷകന് പറഞ്ഞു തരുന്നതാണ് ചിത്രത്തിന്റെ ആദ്യ പകുതി. ഇത് പക്ഷേ മലയാളി പ്രേക്ഷകർക്ക് അത്ര രസിക്കുമെന്ന് തോന്നുന്നില്ല. സംഭാഷണത്തിലും (മോഹൻലാൽ, പി. ബാലചന്ദ്രൻ, ജോയ് മാത്യു എന്നിവരുടേതൊഴികെ) സാഹചര്യത്തിലുമുള്ള ഏച്ചുകെട്ടൽ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. ഒരു ഡബ്ബിങ് സിനിമയ്ക്ക് ആസ്വാദകനെ തൃപ്തിപ്പെടുത്താവുന്നതിനും പരിധിയുണ്ടല്ലോ.

രണ്ടാം പകുതിയിലേക്കെത്തുമ്പോൾ കഥയുടെ പുരോഗതി പ്രേക്ഷകന് കൂടുതൽ വ്യക്തമാകും. ക്ലൈമാക്സ് ട്വിസ്റ്റും മറ്റും മലയാളി പ്രേക്ഷകർക്കിടയിൽ എത്രത്തോളം ‘പ്രവചനാതീതം’ ആകുമെന്ന് കണ്ടറിയണം. കഥാഗതിയിൽ ഇടയ്ക്കിടെയുണ്ടാകുന്ന താളപ്പിഴകളും പ്രകടം.

gauthami

മോഹൻലാൽ സായി റാം എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. ഒപ്പം ഗൗതമിയും മറ്റ് അഭിനേതാക്കളും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒന്നുകൂടി മികച്ചതാക്കാമായിരുന്നു. സിനിമയുടെ മൂഡിനനുസരിച്ച് മാറാൻ ഇവയ്ക്കായില്ല. ഛായാഗ്രഹണം തീർത്തും സാധാരണം. നോൺലീനിയറായി കഥ പറയുന്ന ഇത്തരം സിനിമകളിൽ എഡിറ്റിങ് വളരെ പ്രധാനപ്പെട്ടതാണെങ്കിലും വിസ്മയത്തിൽ അത് തീർത്തും നിരാശപ്പെടുത്തി.

ചന്ദ്രശേഖർ യെലേട്ടി തിരഞ്ഞെടുത്ത കഥയും പ്ലോട്ടുമൊക്കെ മികച്ചതാണ്. അത് ഒരു പരിധി വരെ വിശ്വാസ്യതയോടെ അവതരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. പക്ഷേ കഥയിൽ അവിടിവിടെ ചില കല്ലുകടികളും കൂടിച്ചേരായ്മയും പ്രേക്ഷകന് അനുഭവപ്പെടും. അതൊന്നും കാര്യമായെടുത്തില്ലെങ്കിൽ വിസ്മയം നല്ലതു തന്നെ. പക്ഷേ ‘ദൃശ്യം’ പോലെ കുറ്റമറ്റതെന്ന പറയാവുന്ന ത്രില്ലറുകൾ ഇറങ്ങിയ മലയാളത്തിൽ ‘വിസ്മയം’ അത്ര വലിയ വിസ്മയമൊന്നുമല്ല.

ചുരുക്കത്തിൽ ‘വിസ്മയം’ ഒരു ഡബ്ബ് സിനിമയാണെന്ന പോരായ്മ ഒഴിച്ചു നിർത്തിയാൽ കണ്ടിരിക്കാവുന്ന ഒന്നാണ്. പ്രതീക്ഷാഭാരമേതുമില്ലാത വന്ന സിനിമയായതു കൊണ്ട് മാത്രമല്ല മോഹൻലാലിന്റെ അവസാനമിറങ്ങിയ കുറച്ചു സിനിമകളിൽ ഭേദപ്പെട്ടതും ‘വിസ്മയം’ തന്നെയാണ്.

നിങ്ങൾക്കും റിവ്യു എഴുതാം...കേരളാ ടാക്കീസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

Your Rating: