Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്തിക്രിസ്തു ഉയിർത്തെഴുന്നേൽക്കുമ്പോൾ

xmen

എക്സ്മെൻ സീരിസിലെ ഒൻപതാമത് ചിത്രമാണ് എക്സ്മെൻ-അപോകാലിപ്സ്. ബ്രയാൻ സിങ്ങറാണ് സംവിധാനം. 2011 ലിറങ്ങിയ എക്സ്മെൻ ഫസ്റ്റ് ക്ലാസ്, 2014 ലിറങ്ങിയ എക്സ്മെൻ- ഡെയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് എന്നിവയുടെ തുടർച്ചയാണ് എക്സ്മെൻ- അപോകാലിപ്സ്. ദൈവങ്ങളെ മ്യൂട്ടന്റുകളായി ഉപമിച്ച ചിത്രത്തിന്റെ ആദ്യ ട്രെയിലറിലെ ആദ്യ രംഗം തന്നെ മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

പുരാതന ഈജിപ്റ്റ്‌ (3600 ബി.സി) ഭരിച്ചിരുന്ന ഫറവോയായിരുന്നു എൻ സബാ നൂർ. ദൈവത്തെപ്പോലെ ആരാധിക്കപ്പെട്ട ഫറവോ അനുയായികളാൽ ഒറ്റുകൊടുക്കപ്പെട്ട് നിർബന്ധിതനിദ്രയിൽ പ്രവേശിക്കപ്പെട്ടു. നൂറ്റാണ്ടുകൾക്ക് ശേഷം ആദ്യ മ്യൂട്ടന്റ് കൂടിയായ എൻ സബാ നൂർ (അപോകാലിപ്സ്) ഉയിർത്തെഴുന്നെൽക്കുന്നതും പുതിയ ലോകക്രമത്തെ തന്റെ വരുതിയിലാക്കാൻ ശ്രമിക്കുന്നതും, അതിനു തടയിടാൻ എക്സ്മെൻ ഒരുമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

X-Men: Apocalypse

1980 കളുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിൽ എക്സ്മെൻ ടീമിന്റെ ചെറുപ്പകാലമാണ് അവതരിപ്പിക്കുന്നത്. അഭിനേതാക്കളിൽ മൈക്കൽ ഫെസ്ബെൻഡർ അവതരിപ്പിക്കുന്ന മാഗ്നെറ്റോ മികച്ചു നിൽക്കുന്നു. ചിത്രത്തിൽ ഒരു സർപ്രൈസ് എലമെന്റ് പോലെ വോൾവെറീൻ മിന്നി മാഞ്ഞു പോകുന്നത് ആരാധകരെ ഒരു പോലെ ആവേശപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നു. എക്സ്മെൻ ചിത്രത്തിലെ ഏറ്റവും ജനപ്രീതിയുള്ള കഥാപാത്രമായ ഹുഗ് ജാക്മാൻ അവതരിപ്പിക്കുന്ന വോൾവെറീന് അല്പം കൂടി സ്ക്രീൻപ്രസൻസ് നൽകിയിരുന്നെങ്കിൽ നന്നായേനെ. മിന്നൽ വേഗത്തിൽ സഞ്ചരിക്കുന്ന ക്വിക്ക്സിൽവർ കഥാപാത്രം ചിത്രത്തിൽ കയ്യടി നേടുന്നു.

എക്സ്മെൻ സീരിസിലെ ഒമ്പതാം ചിത്രത്തിൽ എത്തുമ്പോഴും ആഖ്യാനത്തിൽ പുതുമയൊന്നും ഇല്ലാത്തത് ആവർത്തന വിരസത നൽകാനിടയുണ്ട്. പ്രേക്ഷകരിൽ നിന്നും സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഛായാഗ്രഹണം, താരങ്ങളെ അവതരിപ്പിക്കുന്ന പശ്ചാത്തല സംഗീതം എന്നിവ നിലവാരം പുലർത്തുന്നു. ചുരുക്കത്തിൽ മാർവൽ ആരാധകർക്ക് ചിത്രം തൃപ്തികരമായ കാഴ്ചയായിരിക്കും.

മുന്നറിയിപ്പ്- അടുത്ത വോൾവെറീൻ ചിത്രത്തിലേക്ക് വഴിമരുന്നിടുന്ന പോസ്റ്റ്‌ ക്രെഡിറ്റ് സീൻ കാണാൻ മറക്കേണ്ട..
 

Your Rating: