Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിഹിത’ ചതിയുടെ ബ്രൂട്ടസ്

ഷേക്സ്പിയറിന്റെ വിശ്വവിഖ്യാത കൃതിയായ ജൂലിയസ് സീസറിൽ നിന്ന് കടമെടുത്ത പേരുമായെത്തിയ ‘യു ടൂ ബ്രൂട്ടസിന്റെ‘ ടാഗ് ലൈൻ ‘ഒരു ഗോൾഡൻ ചതി‘ എന്നാണെങ്കിലും കുറെ ‘അവിഹിത‘ ചതികളാണ് ചിത്രത്തിന്റെ പ്രമേയം. ഒരുപാട് പേരുടെ ‘ഒരുപാട്‘ ജീവിതങ്ങളിലേക്ക് കടന്നു ചെല്ലുന്ന സിനിമ അത്യുഗ്രൻ സംഭവമൊന്നുമല്ലെങ്കിലും പ്രേക്ഷകനെ ബോറടിപ്പിക്കില്ല.

പ്രമേയം ചതിയാണെന്ന് പറയാമെങ്കിലും സിനിമയുടെ കഥയെന്തെന്ന് ചോദിച്ചാൽ കണ്ടവരൊക്കെ കൈമലർത്തും. ഒറ്റവാക്കിൽ അല്ലെങ്കിൽ ഒറ്റ വരിയിൽ ഇൗ സിനിമയെ ചുരുക്കാൻ സാധിക്കില്ല. മാത്രമല്ല ചതി എന്ന വാക്കിന് ‘അവിഹിത ബന്ധം‘ എന്ന അർത്ഥം പോലും ഇൗ സിനിമ കൽപിച്ച് നൽകുന്നു. ഒരേ സമയം പലരിലൂടെ കടന്നു പോകുന്ന ചിത്രം പക്ഷേ ഒടുവിൽ ഒരിടത്തും എത്താതെ പോയി.

ശ്രീനിവാസനും പിന്നെ പുതു തലമുറയിലെ ചുണക്കുട്ടികളും സ്ക്രീനിൽ മികച്ച പ്രകടനം കാഴ്ച വച്ചു. ചില സന്ദർഭങ്ങളിലെങ്കിലും ശ്രീനിവാസൻ ആ പഴയ ‘തളത്തിൽ ദിനേശ‘നോ ‘വിജയ‘നോ ഒക്കെയായി മാറിയെന്നു തോന്നും. ‘ടൊവീനോ‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടൊവീനോ തോമസും ഉണ്ണി ആയി എത്തിയ സുധി കോപ്പയും അഹമ്മദ് സിദ്ദിഖിയും പ്രേക്ഷകനെ രസിപ്പിക്കും. ഒപ്പം ആസിഫ് അലി, അനു മോഹൻ, ഹണി റോസ്, രചന നാരായണൻകുട്ടി, ഇന സാഹ എന്നിവരും തങ്ങളുടെ ഭാഗം നന്നാക്കി. സ്വരൂപ് ഫിലിപ്പിന്റെ ഛായാഗ്രഹണം മികച്ചു നിന്നു.

പ്രേക്ഷകനെ ചിരിപ്പിച്ചിരുത്തുന്ന ആദ്യ പകുതി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇത്രയേറെപ്പേരുടെ ജീവിതങ്ങളിലൂടെ സംവിധായകൻ കൊണ്ടു പോകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും ഉയരും. എന്നാൽ രണ്ടാം പകുതിയിൽ ആ പ്രതീക്ഷ കാക്കാൻ ചിത്രത്തിനായില്ല. നന്നായി തുടങ്ങിയ സിനിമ ഏങ്ങനെയൊക്കെയോ എന്തൊക്കെയോ പറഞ്ഞ് ക്രാഷ് ലാൻഡ് ചെയ്യിക്കേണ്ടി വന്നു സംവിധായകന്.

ചതി എന്നതിന് പല മാനങ്ങളുണ്ടെന്നും അത് പല രീതിയിൽ അവതരിപ്പിക്കാമെന്നും ചിത്രത്തിന്റെ സംവിധായകനും രചയിതാവുമായ രൂപേഷ് പീതാംബരൻ മനസ്സിലാക്കണമായിരുന്നു. വിജയമായിരുന്നില്ലെങ്കിലും ടൂർണമെന്റ് പോലുള്ള ചിത്രങ്ങൾ പ്രമേയത്തിന്റെയുള്ളിൽ ഇൗ വ്യത്യസ്തത കൊണ്ടു വന്നവയായിരുന്നു.

യു ടൂ ബ്രൂട്ടസിനെ ചുരുക്കി പറയാൻ സാധിക്കില്ല. പക്ഷേ ചുരുക്കത്തിൽ ഇൗ സിനിമ ബോറടിപ്പിക്കില്ല എന്നു പറയാം. കുറച്ച് കോമഡിയും ബന്ധങ്ങളുടെ ‘ട്രാജഡിയും‘ ഒക്കെ ചേരുമ്പോൾ അത്ര വലിയ സംഭവമല്ലാത്ത എന്നാൽ തരക്കേടില്ലാത്ത ചിത്രമാണ് യു ടൂ ബ്രൂട്ടസ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.